കാൽസ്യം, ഫോസ്‌ഫറസ്, ജീവകം എ, മാംസ്യം, ധാതുക്കൾ, നാരുകൾ, ഇരുമ്പ്, തുടങ്ങി പോഷകങ്ങൾ ധാരാളമടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് ചേന.
ഫെബ്രുവരി-മാർച്ച് മാസങ്ങളാണ് ചേന കൃഷിക്ക് യോജിച്ച സമയം. നല്ല നീർവാഴ്ച്ചയുള്ള മണ്ണിലാണ് കൃഷി ചെയ്യേണ്ടത്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്തുന്നതിന് യോജിച്ച വിളയാണിത്.
കൃഷിരീതി
60cm നീളവും 45cm ആഴവുമുള്ള കുഴികളിലാണ് ചേന നടുന്നത്. കുഴികൾ തമ്മിൽ 90cm അകലം പാലിക്കാം. ഇത്തരത്തിൽ തയ്യാറാക്കിയ കുഴികളിൽ രണ്ടു - രണ്ടര കിലോഗ്രാം ചാണകമോ കമ്പോസ്റ്റോ, മേൽമണ്ണുമായി ചേർത്ത് നിറയ്ക്കാം. ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്തുകൾ നടാനായി ഉപയോഗിക്കാം.
നടാനുള്ള കഷ്ണങ്ങൾ ചാണകവെള്ളത്തിൽ മുക്കി ചപ്പുചവറുകൾ കൊണ്ട് പുതയിടണം. ഒരു മാസത്തിനുള്ള ഇവ മുളച്ചു തുടങ്ങും. ചേനയുടെ വശങ്ങളിൽ നിന്നും ഉണ്ടാകുന്ന ചെറിയ ഭാഗങ്ങൾ, മുളച്ചെടുത്ത ചെറു ചേനകഷണങ്ങൾ എന്നിവയും നടനായി ഉപയോഗിക്കാം.
75 മുതൽ 100gm വരെ ഭാരം വരുന്ന കഷ്ണങ്ങൾ ഇതിനായി ഉപയോഗിക്കാം. ഇവ തവരണകളിൽ 60x45cm അകലത്തിൽ നട്ട് പിന്നീട് പ്രധാന കൃഷിയിടങ്ങളിലേയ്ക്ക് പറിച്ചു നടാം. പാരമ്പരാ രീതിയിൽ ഒരു ഹെക്ടറിന് 1234 വിത്ത് ചേന ആവശ്യമായി വരുമ്പോൾ ഈ രീതിയിൽ 37,000 ചെറു കഷണങ്ങൾ നടാൻ സാധിക്കും.
നേർവളങ്ങൾ നൽകി കൃഷി ചെയ്യുകയാണെങ്കിൽ നട്ട് 45 ദിവസങ്ങൾക്ക് ശേഷം ഒരു സെന്റിന് 346gm യൂറിയ, 1111gm റോക്ക് ഫോസ്ഫേറ്റ്, 500gm മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നി തോതിൽ ചേർത്തുകൊടുക്കാം. പിന്നീട് നട്ട് 75ആം ദിവസം 434gm യൂറിയ, 500gm മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും ചേർത്തുകൊടുക്കാം.
പൂർണമായും ജൈവരീതിയിൽ ചേന കൃഷി ചെയ്യുമ്പോൾ കൃഷിയിടത്തിൽ ജൈവാംശം ഉറപ്പാക്കാനായി രണ്ടുമാസം മുൻപു തന്നെ പച്ചില വളങ്ങളുടെ വിത്ത് വിതയ്ക്കാം. ഇതിനായി വൻ പയർ വിത്ത് വിതച്ച ശേഷം ഒന്നര മാസമാകുന്നതോടെ മണ്ണിൽ ഉഴുത് ചേർക്കാം. രോഗകീടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ചാണകം, വേപ്പിൻ പിണ്ണാക്ക് ട്രൈക്കോഡർമ എന്നിവ ചേർത്ത കുഴമ്പിൽ വിത്തുകൾ മുക്കി തണലത്ത് വച്ച് ഉണക്കുന്നത് നല്ലതാണ്.
പൂർണ്ണമായി ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ കുഴിയൊന്നിന് 3kg എന്ന തോതിൽ കാലിവളം ചേർക്കാം. ഇതിനോടൊപ്പം ഓരോ കുഴിയിലും 80gm വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും നല്ലതാണ്. പൊട്ടാഷ് ലഭിക്കുന്നതിനായി 250gm ചാരം ഓരോ കുഴിയിലും ചേർത്തുകൊടുക്കാം.