Features

റബ്ബറിന് ഇടവിളയായി നടാം; റോയീസ് സെലക്ഷന്‍ കാപ്പി

കേരളത്തിലെ കാപ്പി കര്‍ഷകരില്‍ ഇന്ന് മാറ്റി നിര്‍ത്താനാവാത്ത സാന്നിധ്യമാണ് വയനാട് പുല്‍പ്പള്ളിയിലെ കാവളക്കാട്ട് റോയി ആന്റണി എന്ന കര്‍ഷകന്‍. പാരമ്പര്യമായി കര്‍ഷക കുടുംബത്തിലെ അംഗമാണെങ്കിലും റോയി ശ്രദ്ധേയനായത് റോയീസ് സെലക്ഷന്‍ എന്ന പുതിയ ഇനം കാപ്പി വികസിപ്പിച്ചെടുത്തതിലൂടെയാണ്. ഒരുകാലത്ത് കേരളത്തിന്റെ കാര്‍ഷികമേഖല കൈയടക്കിയിരുന്ന റബ്ബറിന് വിലത്തകര്‍ച്ച നേരിട്ടതോടെയാണ് ഇടവിളക്കൃഷി എന്ന ആശയത്തിലേക്ക് റോയി എത്തുന്നത്. ഇതിനായി അറബിക്ക ഇനത്തില്‍പ്പെട്ട സെലക്ഷന്‍ 13 എന്ന പ്രത്യേകതയുള്ള ഇനം കണ്ടെത്തി. റോയീസ് സെലക്ഷന്‍ എന്ന പേരില്‍ ഈ കാപ്പിയിനം റബര്‍ കര്‍ഷകര്‍ക്കിടയില്‍ പ്രചാരം നേടി. മുപ്പതു മുതല്‍ 80 ശതമാനം വരെ തണലുള്ളിടത്തും നന്നായി വളരും എന്നതാണ് ഈ കാപ്പിയിനത്തിന്റെ പ്രത്യേകത. കഴിഞ്ഞ പത്തുവര്‍ഷമായി റബറിനൊപ്പം കാപ്പി ഇടവിളയായി വളര്‍ത്തി ആദായം നേടുകയാണ് ഇദ്ദേഹം. 
 
തണല്‍ കൂടുന്നതിന് അനുസരിച്ച് വളര്‍ച്ച നന്നാകുമെന്നതാണ് റോയീസ് സെലക്ഷന്റെ പ്രത്യേകത. സാധാരണ കാപ്പിയിനങ്ങളെ പോലെ ഈ ഇനത്തിന് പക്കുവേരുകളില്ല. ആഴത്തില്‍ പോകുന്ന തായ്‌വേരുകളാണ്. ഇരുപതടി അകലത്തില്‍ നട്ട റബര്‍ മരങ്ങള്‍ക്കിടയില്‍ മൂന്നു നിരയായും 15 അടി അകലത്തില്‍ നട്ട മരങ്ങള്‍ക്കിടയില്‍ രണ്ടു നിരയായും കാപ്പി നട്ടുവളര്‍ത്താം. ഒരേക്കറില്‍ 1800 കാപ്പിച്ചെടികള്‍ വരെ ഇടവിളയായി വളര്‍ത്താം. പതിനെട്ടു മാസമെത്തുമ്പോള്‍ കായ്പിടിച്ചു തുടങ്ങും. മൂന്നാംവര്‍ഷം മുതല്‍ ഒരു ചെടിയില്‍ നിന്ന് ഒരു കിലോ വരെ ഉണങ്ങിയ കാപ്പിക്കുരു ലഭിക്കും. ഏറ്റവും കുറഞ്ഞത് 1500 മുതല്‍ 1800 വരെ കിലോ കാപ്പിക്കുരു ഒരേക്കറില്‍ നിന്ന് ലഭിക്കും. ഒരേക്കറിന് ഒന്നരലക്ഷം രൂപ ഇതുവഴി ഉറപ്പാക്കാം. റബറിന്റെ വിലയിടിവില്‍ നിന്ന് പിടിച്ചുനില്‍ക്കാന്‍ കര്‍ഷകര്‍ക്ക് നല്ല ആദായമാര്‍ഗമാണ് ഈയിനം കാപ്പി.
രണ്ടുവര്‍ഷം വളര്‍ച്ചയെത്തുമ്പോള്‍ ആദ്യത്തെ പ്രൂണിംഗ് നടത്തണം. നാലുവര്‍ഷമെത്തുമ്പോള്‍ രണ്ടാമതും പ്രൂണ്‍ ചെയ്ത് നിര്‍ത്തിയാല്‍ ചെടികള്‍ വലിയ പൊക്കത്തിലെത്താതെ കുടപോലെ വളര്‍ന്നുനില്‍ക്കും. ടാപ്പിംഗ് ലൈന്‍ ഒഴിവാക്കി അഞ്ചടി അകലത്തിലാണ് കാപ്പിച്ചെടികള്‍ നടേണ്ടത്. ചെടികള്‍ തമ്മില്‍ നാലരയടി അകലം വേണം. കാപ്പിക്ക് സാധാരണയായി ബാധിക്കുന്ന ഇലപ്പുറ്റ് രോഗം ഈ ഇനത്തെ കാര്യമായി ബാധിക്കാറില്ല. കാപ്പിക്കുരുവിന് നല്ല മുഴുവും തൂക്കവും ദൃഢതയുമുണ്ട്. കയറ്റുമതിക്ക് അനുയോജ്യമായ എ എന്ന ഗ്രേഡാണ് 65 ശതമാനം ബീന്‍സും എന്നതിനാല്‍ നല്ല വിലകിട്ടും. തായ്‌വേരുകളുള്ളതുകൊണ്ട് കടുത്ത വേനലിലും നനയ്‌ക്കേണ്ട ആവശ്യമില്ല. ഈയിനം കാപ്പി ഇടവിളയായി കൃഷി ചെയ്താല്‍ റബറിന്റെ ഉത്പാദനത്തിലും കുറവ് വരുന്നില്ല. മൂന്നുനാലു വര്‍ഷത്തെ കൃഷികൊണ്ട് റബറിന് കടുതല്‍ കരുത്തുണ്ടാകുമെന്നും ഉത്പാദനം കൂടുമെന്നുമാണ് റോയിയുടെ നിരീക്ഷണം.വളര്‍ച്ചയുടെ ഘട്ടത്തില്‍ നൈട്രജന്‍ സമ്പുഷ്ടമായ വളങ്ങളും പിന്നീട് കൂടുതല്‍ പൂക്കളുണ്ടാവാന്‍ പൊട്ടാഷ് വളങ്ങളുമാണ് നല്‍കുന്നത്. കുറഞ്ഞ അളവില്‍ പല പ്രാവശ്യമായി വളം നല്‍കുന്നതാണ് ചെടികള്‍ക്ക് നല്ലതെന്നാണ് റോയിയുടെ അനുഭവം. ഒരുപിടിയില്‍ കൂടുതല്‍ വളം ഒരുപ്രാവശ്യം നല്‍കാറില്ല. തെങ്ങിന്‍തോപ്പിലും ഇടവിളയായി റോബസ്റ്റ കാപ്പി കൃഷി ചെയ്യുന്നുണ്ട്. 
 
സെലക്ഷന്‍ 13-ന്റെ ഗുണങ്ങള്‍ അറിഞ്ഞ് എത്തുന്നവര്‍ തൈകള്‍ ആവശ്യപ്പെട്ടതോടെ റോയീസ് എന്ന പേരില്‍ 2014-ല്‍ നഴ്‌സറി തുടങ്ങി. തൈകള്‍ മറ്റു നഴ്‌സറികള്‍ക്ക് വിതരണത്തിനായി നല്‍കിയാല്‍ അതില്‍ കലര്‍പ്പുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് തൈകള്‍ കര്‍ഷകര്‍ക്ക് നേരിട്ട് എത്തിച്ചുകൊടുക്കുകയാണ്. കേരളത്തിലുടനീളം പലയിടങ്ങളിലായി റോയീസ് സെലക്ഷന്‍-13 വേരുപിടിച്ചുകഴിഞ്ഞു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലും ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി നേരിട്ട് ചെറിയ വിലയില്‍ കലര്‍പ്പില്ലാത്ത തൈകള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. 
 
നഴ്‌സറി രംഗത്ത് പുതിയൊരു കാല്‍വയ്പിന് ഒരുങ്ങുകയാണ് റോയി ഇപ്പോള്‍. റോയീസ് നഴ്‌സറിയില്‍ നിന്ന് തൈകള്‍ എടുക്കുന്നവര്‍ക്ക് നടീല്‍ അടക്കമുള്ള മൂന്നുവര്‍ഷത്തെ മുഴുവന്‍ പരിപാലനവും ഏറ്റെടുത്ത് ഒരു ഉത്തരവാദിത്വ പ്ലാന്റേഷന്‍ ആണ് റോയി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മൂന്നാമത്തെ വര്‍ഷം ഏറ്റവും മികച്ച വിളവ് തരുന്ന രീതിയിലുള്ള ഒരു തോട്ടമാക്കി ഉടമക്ക് കൈമാറുക എന്നതാണ് ലക്ഷ്യം. മുന്‍കാലങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റോയി ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കൂടാതെ സര്‍ക്കാരും മീനങ്ങാടി പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതിക്കുവേണ്ടി വയനാട്ടിലുടനീളം കൂടുതല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നു. ഇതിന് ഇടവിളയായി റോയീസ് സെലക്ഷന്‍ കാപ്പി വച്ചു പിടിപ്പിക്കാനും പദ്ധതിയുണ്ട്. എല്ലാ പദ്ധതിപ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള നടപടി ആസൂത്രണം ചെയ്യുന്നുണ്ട്. കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റും ഉയര്‍ന്ന വിലയുമാണുള്ളത്. ചോലമരത്തണലില്‍ പരമ്പരാഗത രീതിയില്‍ കൃഷി ചെയ്തുവരുന്ന റോബസ്റ്റ കാപ്പി അന്താരാഷ്ട്ര ശ്രദ്ധ നേടിയതും ലോക കാപ്പി വിപണിയില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതുമാണ്. 
 നഴ്‌സറിക്കും കൃഷിക്കും പുറമെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും സുഗന്ധവ്യഞ്ജനങ്ങളും ന്യായവിലയ്ക്ക്, ഇടനിലക്കാരില്ലാതെ ശേഖരിച്ച് അത് അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കുന്നതിനും റോയി ലക്ഷ്യമിടുന്നു. പ്ലാന്റേഴ്‌സ് ഹൗസ് എന്ന, കര്‍ഷകര്‍ക്ക് പ്രാതിനിധ്യമുള്ള കമ്പനിയിലൂടെയാണ് കര്‍ഷകരില്‍ നിന്ന് ഉല്പന്നങ്ങള്‍ ശേഖരിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന് ഉയര്‍ന്ന വില ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും റോയി പറയുന്നു. 
നമ്പര്‍ - റോയി ആന്റണി: 9447907464.
 
 
 
 

Share your comments