Updated on: 12 July, 2021 11:31 PM IST
തെങ്ങ്

പ്രമോദ് മാധവൻ

'നാളീകേരത്തിന്റെ നാട്ടിൽ എനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്' എന്നും 'കേര നിരകളാടും ഹരിത ചാരു തീരം' എന്നും ഒക്കെ ഉള്ള ചലച്ചിത്ര ഗാനങ്ങൾ ഒരു ശരാശരി പഴം ജെൻ മലയാളിയെ ഗൃഹാതുരത്വത്തിൽ ആഴ്ത്തും. ന്യു ജെൻ നു ഇതൊന്നും ബാധകമല്ല. കാട്ടുകോഴിക്കെന്തു ഓണവും സംക്രാന്തിയും? അവർക്കു പറഞ്ഞിട്ടുള്ളതത്രെ മൊബൈലിലെ തേയ്‌ക്കൽ.

മലയാളിയുടെ ജീവിതത്തോട് ഇത്രമേൽ ഇഴയടുപ്പം മറ്റൊരു വിളയ്‌ക്കുമില്ല. ആഹാരത്തിനും പാർപ്പിടത്തിനും വിറകിനും വിശ്വാസ- ആചാരങ്ങൾക്കും സൗന്ദര്യ സംരക്ഷണത്തിനും കര കൗശല വസ്തു നിർമാണത്തിനും, എന്തിനേറെ ഒരു കാലത്ത് കയ്യിൽ പത്തു പുത്തൻ വേണമെങ്കിലും തേങ്ങ തന്നെ വേണമായിരുന്നു. മലബാർ ഭാഷയുടെ സൗന്ദര്യം പ്രകടമാകുന്ന ഒരു തമാശ തന്നെ ഉണ്ട്. ഇസ്‌കൂളിൽ കുട്ടിയോട് "പുസ്തകം വാങ്ങിയില്ലേ" എന്ന് മാഷ് ചോദിച്ചപ്പോൾ കുട്ടി, "തേങ്ങാ ബിറ്റിട്ടു മാങ്ങാ" മെന്നും "ഫീസ് അടയ്ക്കുന്നില്ലേ" എന്ന് ചോദിച്ചപ്പോൾ "മാങ്ങാ ബിറ്റിട്ടു അടയ്ക്കാ" മെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

തെങ്ങിനെ കുറിച്ച് വർണിയ്ക്കാത്ത മലയാള കവികൾ ഉണ്ടോ? . ചങ്ങമ്പുഴയും ഇടശ്ശേരിയും ഭാസ്കരൻ മാഷും വൈലോപ്പിള്ളിയും പി കുഞ്ഞിരാമൻ നായരും അക്കിത്തവുമൊക്കെ മലയാണ്മ യെയും അതിന്റെ സചേതനചിഹ്നമായ നാളീകേരത്തെയും കുറിച്ച് എമ്പാടും എഴുതിയിട്ടുണ്ട്. ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ ചലന മുണ്ടാക്കിയ നാളീകേര വിപണനത്തിൽ ഒരു മതേതര ശൃംഖല തന്നെ രൂപപ്പെട്ടിരുന്നു. തറവാടുകളിൽ വിളവെടുത്ത തേങ്ങാ കൊണ്ടുപോകാൻ വരുന്ന മുസൽമാനായ കഥാപാത്രം പഴയകാല സിനിമകളിൽ ഒരു സ്ഥിരക്കാഴ്ച ആയിരുന്നു.

അങ്ങനെ നന്മമരമായ തെങ്ങിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?

തേങ്ങാ കൊണ്ട് ജീവിത ചെലവുകൾ കഴിച്ചിരുന്ന ഒരു കാലത്ത് നിന്നും അരയ്ക്കാനുള്ള തേങ്ങാ പോലും കാശു കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലേക്ക് നമ്മൾ നിപതിച്ചതു എന്ത് കൊണ്ടാണ്?

തെങ്ങ് നട്ട് വളർത്തുന്ന ഒരാൾ മനസ്സിലാക്കേണ്ട ഒരു കാര്യം അത് റബ്ബർ, കാപ്പി, തേയില, ഏലം എന്നിവയെപോലെ ഒരു തോട്ടവിളയാണ്. തോട്ടവിളയെന്നാൽ അതിന്റെ പരിപാലന മുറകൾ ഒരു വാർഷിക കലണ്ടർ പ്രകാരം ചിട്ടയായി ചെയ്യേണ്ടതാണ് എന്നത്രേ. മേല്പറഞ്ഞ എല്ലാ വിളകൾക്കും നടീൽ, കള പറിക്കൽ, വളമിടൽ, കവാത്തു, വിളവെടുപ്പ് ഒക്കെ ചെയ്യുന്നതിന് ചാക്രികമായ ഒരു ചിട്ടയുണ്ട്.പക്ഷെ നമ്മൾ പരിഷ്കാരവും മറ്റു തരത്തിലുള്ള വരുമാനങ്ങളും കൂടിയപ്പോൾ തെങ്ങിനെ ഒരു 'തോറ്റ'വിളയാക്കി.

ഇന്നത് ശാസ്ത്രീയ പരിപാലനം കിട്ടാതെ ഒരനാഥനെ പോലെ നമ്മുടെ വളപ്പുകളിൽ മരുവുന്നു.

തെങ്ങിന് ശരിയായ വളർച്ചയ്ക്ക് 16 മൂലകങ്ങൾ വ്യത്യസ്ത അളവിൽ ആവശ്യമുണ്ടെന്നും അത് ചിട്ടയായി നൽകി മൂലകനഷ്ടം വരാതെ സംരക്ഷിക്കേണ്ടതുണ്ട് എന്നും നമ്മുടെ സാക്ഷരർക്കു ഇനിയും മനസ്സിലായിട്ടില്ല. കൃഷി സാക്ഷരത എന്ന ഒന്ന് കുട്ടിയായിരിക്കുമ്പോൾ തുടങ്ങണം എന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്.

തീരപ്രദേശങ്ങളിലും ദ്വീപ സമൂഹങ്ങളിലും തെങ്ങ് നന്നായി വളരുന്നതിന്റെ ഗുട്ടൻസ് പിടി കിട്ടിയിട്ടുണ്ടോ?

ഒന്ന്, മറ്റു മരങ്ങളുടെ തണലോ സൂര്യപ്രകാശത്തിനു വേണ്ട പിടിവലിയോ അവിടെ ഇല്ല.
രണ്ടു, മണ്ണിൽ വലിയ അളവിൽ ഉള്ള സോഡിയം, ക്ലോറിൻ എന്നിവയുടെ സാന്നിധ്യവുമാണ്. അപ്പോൾ തടയില്ലാത്ത വെയിലും ചുവട്ടിൽ ആവശ്യമായ വെള്ളവും വളവും, ഇത് നമ്മുടെ പുരയിടങ്ങളിൽ സാധ്യമാണോ? പലപ്പോഴും അല്ല എന്നാണ് ഉത്തരം.

കൊച്ചു മകന് കട്ടിലും കട്ടളയും പണിയാൻ പുരയിടമായ പുരയിടമൊക്കെ തേക്കും മഹാഗണിയും വച്ചു പിടിപ്പിക്കുന്ന അപ്പൂപ്പൻ ആ പാച്ചിലിനിടയിൽ പാവം തെങ്ങിന് തന്റെ ഇടം നഷ്ടപ്പെട്ട കാര്യം അറിഞ്ഞില്ല. അല്ലെങ്കിലും തെങ്ങിന് 'തന്റേടം' ഇല്ലല്ലോ? കവുങ്ങു ബ്രാഹ്മണനും തെങ്ങ് ഉം ആണ് എന്ന് പറയും. ജാതി വിവേചനം കൊടി കുത്തി നിന്ന കാലത്തെ കഥയാണേ. കവുങ്ങു ഏതെങ്കിലും മരത്തിന്റെ മുൻപിൽ കുമ്പിട്ടു വളഞ്ഞു നിൽക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ വളഞ്ഞു കുമ്പിട്ടു ദുഖിച്ചു നിരാശ്രയനായി നിൽക്കുന്ന തെങ്ങിനെ ഏത് വീട്ടു വളപ്പിലും കാണാം. യോദ്ധ സിനിമയിൽ മീന പറയുന്നത് പോലെ "അപ്പുക്കുട്ടന് ക്ഷീണം ആകാം" എന്നാണ് നമ്മുടെ നില പാട്. .

രണ്ടു തെങ്ങ് തമ്മിൽ 7-7.5 m വേണം എന്നും ഇതേ അകലം മറ്റു മരങ്ങളിൽ നിന്നും തെങ്ങ് പാലിക്കണം എന്ന് ആരോട് പറയാൻ.

ആയതിനാൽ തെങ്ങിനെ പരിപാലിക്കാൻ പഠിക്കുക തെങ്ങ് നടാൻ കുഴിയെടുക്കുമ്പോൾ ശരിയായ അകലം, ആഴം, അടിവളം എന്നിവ കൃത്യമായിരിക്കണം.

നടാൻ തെരഞ്ഞെടുക്കുന്ന തൈകൾ നല്ല കണ്ണാടിക്കനവും ഓലക്കാലുകൾ നേരത്തേ വിരിഞ്ഞു തുടങ്ങുന്നതും ആയിരിക്കണം.

നട്ട് മൂന്നാം മാസം മുതൽ ശാസ്ത്രീയ വള പ്രയോഗം തുടങ്ങണം.

ഒരു ദീർഘ കാല വിളയായ തെങ്ങിന്റെ വള പരിപാലനത്തിൽ ഒരു ജൈവ തീവ്രവാദി ആകരുത് . തറവാട്ടിൽ ചാണകം തരാൻ പണ്ടേപ്പോലെ കന്നിൻ കൂട്ടങ്ങളും പൊട്ടാസിയം തരാൻ വിറകടുപ്പുകളും ഇല്ല എന്ന കാര്യം മറക്കരുത്. വർഷത്തിൽ രണ്ടു വളങ്ങൾ എന്ന പതിവ് പാലിക്കണം. ഒന്നാം വളം ഇടവപ്പാതിക്കു മുൻപും രണ്ടാം വളം തുലാവർഷം തീരുന്നതിനു മുൻപും.

തെങ്ങിന് ഇടവപ്പാതി അകത്തും തുലാവർഷം പുറത്തും എന്നാണ്. ഇടവപ്പാതി മഴ മുഴുവൻ തടത്തിനകത്തും തുലാവർഷം തടത്തിൽ ഉള്ള പുതയുടെ പുറത്തും എന്ന് മനസ്സിലാക്കണം.

കുമ്മായം, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, NPK, മഗ്നീഷ്യം സൾഫേറ്റ്, ബോറാക്സ്, പച്ചിലകൾ, തൊണ്ട്, ഓല, ചൂട്ട്, കൊതുമ്പ്‌ എന്നിവയെല്ലാം വിധിയാം വണ്ണം നൽകണം.

കഴിയുമെങ്കിൽ ഡിസംബർ മുതൽ മെയ്‌ വരെ മഴ ഇല്ലാത്ത സമയത്തു നാല് ദിവസം എങ്കിലും കൂടുമ്പോൾ നനയ്ക്കണം. തെങ്ങിന് നനച്ചാൽ ഇരട്ടി തേങ്ങാ എന്നത്രേ.

കുംഭം, മീനം മാസത്തിലെ തേങ്ങയിടാൻ കയറുമ്പോൾ രണ്ടു മൂന്ന് പച്ച ഓലകൾ വെട്ടി വെള്ളം കാക്കണം 'നന ഇല്ലെങ്കിൽ.

ഉപ്പിട്ട തെങ്ങിന് വളർച്ച, കൊത വെട്ടിയ തെങ്ങിന് തളർച്ച എന്നത്രേ. പൊട്ടാസ്യത്തിന്റെ പകുതി സോഡിയം എന്നാണ് തെങ്ങിന്. അതാണ് കാര്യം.

തായ് തടിയിൽ കൊത വെട്ടിയാൽ ചെമ്പൻ ചെല്ലി വരാൻ പിന്നെ താമസം ഉണ്ടാകില്ല.

നല്ല തെങ്ങിന് നാല്പതു മടൽ എന്നോർക്കുക. മൂന്ന് വർഷത്തെ ചിട്ടയായ മൂലക പരിപാലനത്തിലൂടെ കൂടുതൽ ഓല ഉണ്ടാകട്ടെ. പിന്നെ തേങ്ങാ പിടിക്കുന്നത് ശറ ശറെന്നായിരിക്കും.

വലിപ്പച്ചെറുപ്പമില്ലാതെ ആരെയും കൂടെ കൂട്ടാൻ ഉള്ള മനോവലിപ്പം തെങ്ങിന് ഉണ്ട്. തെങ്ങിന്റെ വേരുപടലത്തിന്റെ എൺപതു ശതമാനവും ചുവട്ടിൽ നിന്നും രണ്ടു മീറ്റർ ചുറ്റളവിൽ ആണ്. പ്രായ പൂർത്തി ആയ തെങ്ങ് 25 ശതമാനം കൃഷിസ്ഥല വിസ്തൃതിയും 45 ശതമാനം സൂര്യപ്രകാശവും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അപ്പോൾ ബാക്കി സ്ഥലവും സൂര്യപ്രകാശവും ഇടവിളകൾക്കായി പ്രയോജനപെടുത്താം. നാടൻ വാഴകൾ, പച്ചക്കറികൾ, കിഴങ്ങ് വർഗ്ഗങ്ങൾ, കൈത ചക്ക, തീറ്റപ്പുൽ, ഇഞ്ചി, മഞ്ഞൾ, കൂവ ഒക്കെ ശരിദൂരം പാലിച്ചു തെങ്ങിൻ തോപ്പിൽ കൃഷി ചെയ്യാം.

ഒപ്പം ഒന്നോ രണ്ടോ പശുവും 100 മുട്ടക്കോഴിയും, രണ്ടു ആടും, രണ്ടു തേനീച്ചക്കൂടും ഒക്കെ വീട്ടുകാരുമായി ചേർന്നു പരിപാലിച്ചാൽ വീട്ടിൽ വേണ്ട എല്ലാ സാധനങ്ങളും തേങ്ങാ വിറ്റിട്ടു 'മാങ്ങാം' തെങ്ങിനിടാൻ ഉള്ള വളം തേടി നാടലയുകയും വേണ്ട. പക്ഷെ വിയർപ്പ് രോഗമുള്ള സാക്ഷര മലയാളിക്കു അതിനു കഴിയില്ല.

വാൽ കഷ്ണം

:ഇത്രയൊക്കെ പുകഴ്ത്തി പറഞ്ഞെങ്കിലും അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാ ശാല ഒരു പഠനത്തിൽ തെങ്ങിനെ ഒരു വില്ലനാക്കി ക്കളഞ്ഞു. നാളീകേരം എക്കോസിസ്റ്റത്തെ തകിടം മറിക്കുന്നു, ജൈവ വൈവിധ്യത്തിനു തുരങ്കം വയ്ക്കുന്നു എന്നൊക്കെയായി ധ്വരകൾ. ശാന്ത സമുദ്ര തീരത്ത് നടത്തിയ പഠനം അത്രേ ആധാരം. പക്ഷികൾ തെങ്ങിൽ കൂടു വയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല, ആയതിനാൽ അവരുടെ കാഷ്ഠം മണ്ണിൽ വീഴാൻ ഇടയാകുന്നില്ല, തൽഫലമായി മണ്ണിന്റെ ഫലഫൂയിഷ്ടി കുറയുന്നു എന്നൊക്കെ. അവരോടു ഒന്നേ പറയാനുള്ളൂ. പഠനത്തിന് ഇങ്ങു ഇന്ത്യയിലേക്ക് വാ.കാണിച്ച് തരാം. തെങ്ങ് ഞങ്ങടെ ചങ്കാണ്

എന്നാൽ അങ്ങട്.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷി ഭവൻ
കൊല്ലം ജില്ല

English Summary: For high growth of coconut plant turmeric and arrowroot along its sides
Published on: 12 July 2021, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now