കേരളത്തിൽ ഏറെ പ്രചാരമുള്ള കൃഷിരീതിയാണ് ഗ്രീൻഹൗസ് കൃഷി. മണ്ണിലല്ലാത്ത ചകിരിച്ചോർ മാധ്യമമായി ഉപയോഗപ്പെടുത്തിയാണ് പലരും ഗ്രീൻഹൗസ് കൃഷിയിൽ ഇരട്ടി വിളവ് നേടുന്നത്. എന്നാൽ മണ്ണ് മികച്ചരീതിയിൽ സംസ്കരണം നടത്തിയും ഗ്രീൻഹൗസ് കൃഷിയിൽ നിന്ന് ആദായം ഇരട്ടിയാക്കാം. അതുകൊണ്ടുതന്നെ മണ്ണ് സംസ്കരണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ഗ്രീൻ ഹൗസ് കൃഷി ചെയ്യുന്നവർ അറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻഹൗസ് കൃഷിയിൽ കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ
മണ്ണ് സംസ്കരണം
കേരളത്തിൽ പൊതുവേ കർഷകർ നിർമിക്കുന്നത് ആയിരം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഗ്രീൻഹൗസുകൾ ആണ്. ഗ്രീൻ ഹൗസുകളിൽ മണ്ണിൻറെ ഉർവരത മെച്ചപ്പെടുത്തുവാൻ ചാണകപ്പൊടി മികച്ച വളമാണ്. ചുവന്ന രാശി കലർന്ന മണ്ണാണ് ഗ്രീൻഹൗസ് കൃഷിയ്ക്ക് ഉചിതമായി കർഷകർ പറയുന്നത്. ഒരിക്കലും ഗ്രീൻഹൗസ് കൃഷിയിൽ കളകൾ വരാതെ ശ്രദ്ധിക്കണം. ഇതിന് ആദ്യമേ തന്നെ കല്ലും കട്ടയും പൂർണമായി നീക്കം ചെയ്തു ചാണകപൊടി ചേർത്ത് മികച്ച രീതിയിൽ മണ്ണ് പരുവപ്പെടുത്തണം.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻഹൗസ് കൃഷിയിൽ ആദായം ഉറപ്പിക്കുന്ന ഒരു ജലസേചന രീതി
1000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഗ്രീൻഹൗസ് കൃഷിക്ക് 20 ടൺ ചാണകപ്പൊടിയും 50 ടൺ ചെമ്മണ്ണ് ആവശ്യമായി വരുന്നു. കൃഷി ആരംഭിക്കുന്നതിനു മുൻപ് ഗ്രീൻഹൗസ് നിർമ്മിക്കുവാൻ സജ്ജമാക്കിയ കൃഷിയിടത്തിൽ ടിലർ ഉപയോഗപ്പെടുത്തി ആദ്യം നിലം ഒരേ കനത്തിൽ നിരത്തുക. അതിനുശേഷം ഫോർമാൽഡിഹൈഡ് ലായനി മണ്ണിൽ എല്ലാ സ്ഥലങ്ങളിലും എത്തും വിധം തളിച്ചു കൊടുക്കണം. പിന്നീട് വലിയ ഷീറ്റ് കൊണ്ട് ഷീറ്റ് പൂർണമായും മൂടി വായുസഞ്ചാരം ലഭ്യമാകാതെ അരികുകൾ രണ്ടടി കനത്തിൽ മണ്ണ് കൊണ്ട് പൊതിയുക. ചിലയിടങ്ങളിൽ മണ്ണിൻറെ അമ്ലത ക്രമീകരിക്കുവാൻ കൃഷി ചെയ്യുന്നതിനുമുൻപ് കുമ്മായം ഇട്ട് 15 ദിവസത്തോളം ഇടുക. അതിനുശേഷം ഈ മിശ്രിതത്തിൽ ചെറിയ രീതിയിൽ കുഴിയുണ്ടാക്കി വെള്ളം നിറച്ചു ഏകദേശം പത്തുദിവസത്തോളം സൂക്ഷിക്കണം. അതിനുശേഷം മാത്രമേ തടം ഉണ്ടാകാവൂ. തടം നിർമ്മിക്കുമ്പോൾ 40 സെൻറീമീറ്റർ ഉയരം കണക്കാക്കി നിർമ്മിക്കുക. വീതി 90 സെൻറീമീറ്റർ മതിയാകും. അതിനുശേഷം വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും തുല്യ അളവിലെടുത്ത് തടത്തിൽ ചേർക്കണം. ഇതിനുവേണ്ടി ഒരു ടൺ അളവിൽ വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും എടുത്താൽ മതി. ഇതു കൂടാതെ കൂടുതൽ വിളവ് ലഭ്യമാക്കുവാനും രോഗപ്രതിരോധശേഷി ഉണ്ടാകുവാനും സൂക്ഷ്മ വളം ആയ ട്രൈക്കോഡർമ ചേർക്കുന്നത് നല്ലതാണ്.
ഈ മിശ്രിതം ചേർത്തതിനുശേഷം തടങ്ങൾക്ക് മേൽ വിതറി, നനച്ചു ഏതാനും ദിവസം സൂക്ഷിച്ച് കൃഷി ചെയ്തു തുടങ്ങും. ഗ്രീൻ ഹൗസ് കൃഷി ചെയ്യുമ്പോൾ സ്പ്രിംഗ്ലർ സംവിധാനമാണ് കൂടുതൽ നല്ലത്. ഇതിൽ വെള്ളത്തിൻറെ ഉപയോഗം പത്തിലൊന്നു മതി. കൂടാതെ മികച്ചയിനം ഹൈബ്രിഡ് വിത്തിനങ്ങൾ കൃഷിക്കുവേണ്ടി ഒരുക്കുവാൻ മറക്കരുത്. വളങ്ങൾ ഉപയോഗിക്കുമ്പോൾ വെള്ളത്തിൽ ലയിക്കുന്ന ഗുണമേന്മയേറിയ വളങ്ങൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻ ഹൗസ് കൃഷി ലാഭം നേടി തരുമോ?