ഒരുപ്രാവശ്യത്തെ കൃഷികഴിഞ്ഞ് വീണ്ടും കൃഷിയിറക്കുമ്പോള്‍ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗ്രോബാഗ് പച്ചക്കറികൃഷി പരാജയമാകും. തുടര്‍ച്ചയായി ഒരേ വിളതന്നെ ഒരു ഗ്രോബാഗില്‍ കൃഷിചെയ്യരുത്. ആദ്യത്തെ പ്രാവശ്യം വെണ്ടയാണ് നട്ടതെങ്കില്‍, അത് വമ്പന്‍ ഹിറ്റാണെങ്കില്‍ക്കൂടി ഒന്ന് മാറ്റിപ്പിടിക്കുന്നതാണ് നല്ലത്.
ഏതു പച്ചക്കറിക്കുശേഷവും പയര്‍ നടുന്നത് മണ്ണിലുള്ള നൈട്രജന്റെ അളവും ഗുണവും കൂട്ടുന്നതിന് സഹായിക്കും. ആദ്യത്തെ പ്രാവശ്യം ജൈവവളം ചേര്‍ത്തിട്ടുണ്ടെന്നുകരുതി അടുത്ത വിളയ്ക്ക് ജൈവവളം ഒഴിവാക്കാമെന്ന് കരുതരുത്.
ഓരോ പ്രാവശ്യം പച്ചക്കറി നടുന്നതിന് രണ്ടാഴ്ചമുമ്പായി മണ്ണ് നന്നായി നനച്ച് 50 ഗ്രാമെങ്കിലും പൊടിഞ്ഞ കുമ്മായം ചേര്‍ത്ത് ഇളക്കിക്കൊടുക്കണം.
കുമ്മായം ചേര്‍ത്ത് പത്തു ദിവസത്തിനുശേഷം ജൈവവളം ചേര്‍ക്കാം. സ്വന്തമായി തയ്യാറാക്കാവുന്ന മണ്ണിര കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ ചാണകപ്പൊടിയോ പൊടിഞ്ഞ ആട്ടിന്‍കാട്ടമോ ജൈവവളമാക്കുന്നതാണ് നല്ലത്.
20 കിലോഗ്രാം പൊടിഞ്ഞ ജൈവവളത്തിന് ഒരു കിലോഗ്രാം സ്യൂഡോമോണസ് പുട്ടിന്റെ നനവില്‍ മിക്‌സ് ചെയ്ത് ചേര്‍ത്തുകൊടുത്താല്‍ കുമിള്‍ രോഗങ്ങളില്‍നിന്നും പച്ചക്കറിയെ രക്ഷിച്ചെടുക്കാം. ശീമക്കൊന്ന ഇലകൊണ്ട് പുതയിടാനും മറക്കരുത്.
ഗ്രോബാഗിലേക്ക് 50 ഗ്രാം എല്ലുപൊടി ആദ്യംതന്നെ ചേര്‍ത്തുകൊടുക്കുന്നത് വേരുവളര്‍ച്ച ത്വരപ്പെടുത്തും. ചീര, വഴുതന, പച്ചമുളക് പോലെ പറിച്ചുനടുന്ന തൈകള്‍ 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍നേരം മുക്കിവെച്ചതിനുശേഷം നടാന്‍ ശ്രദ്ധിക്കണം.
ഒരു കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയുടെ തെളി ഊറ്റിയെടുത്ത് ആഴ്ചയിലൊരിക്കല്‍ തളിച്ചുകൊടുക്കുന്നത് വളര്‍ച്ച കൂട്ടും. കീടബാധ പ്രതിരോധിക്കുന്നതിനായി 5 മില്ലി വേപ്പെണ്ണയും 2 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്തു ദിവസത്തിലൊരിക്കല്‍ തളിച്ചുകൊടുക്കാം.
പപ്പായ തളിരില 50gm, 200 മില്ലി വെള്ളത്തില്‍ അരച്ചുചേര്‍ത്ത് തളിച്ചുകൊടുക്കുന്നതും ഗുണം ചെയ്യും. ചാണകപ്പൊടി 10kgനൊപ്പം അരകിലോ റോക്ക് ഫോസ്ഫേറ്റും 100gm ബോക്സറും നന്നായി യോജിപ്പിച്ച് പത്ത് ദിവസത്തിലൊരിക്കല്‍ ഓരോ ഗ്രോബാഗിനും അരകിലോ ഗ്രാം എന്നതോതില്‍ മേല്‍വളമായി ചേര്‍ത്തുകൊടുക്കാം. രണ്ടു പ്രാവശ്യം പച്ചക്കറികൃഷിക്കുശേഷം മണ്ണ് മുഴുവന്‍ മാറ്റി പുതിയ പോട്ടിങ് മിശ്രിതമുണ്ടാക്കി ഗ്രോബാഗ് നിറയ്ക്കണം. മണ്ണ് സൂര്യതാപീകരണം വഴി സംശുദ്ധമാക്കിയെടുത്ത് ഉപയോഗിച്ചാല്‍ കീടരോഗങ്ങളില്‍നിന്നും ഒരുപരിധിവരെ രക്ഷനേടാം.
ദിവസവും ഒരു ലിറ്റര്‍ വെള്ളം ലഭിക്കുന്ന രീതിയില്‍ നനയ്ക്കുകയോ തുള്ളി നനയിട്ടുകൊടുക്കുകയോ ചെയ്യാം. തുള്ളിനന തന്നെയാണ് ഗ്രോബാഗ് കൃഷിക്ക് ഏറ്റവും അനുയോജ്യം. ചെടിയുടെ വേരുപടലത്തില്‍തന്നെ വെള്ളമെത്തുന്നുവെന്നതും ഗ്രോബാഗിലെ മണ്ണും പോഷകമൂലകങ്ങളും തെറിച്ചു നഷ്ടപ്പെടുന്നില്ല എന്നതും വെള്ളം ആവശ്യത്തിലധികമാകാതെ ക്രമപ്പെടുത്തുന്നുവെന്നതും നേട്ടങ്ങള്‍. ടെറസിലെ പച്ചക്കറി കൃഷിയില്‍ തുള്ളിനന ഉപയോഗിക്കുകയാണെങ്കില്‍ വെള്ളം ഒലിച്ചിറങ്ങി ടെറസ് കേടാകാതെ സംരക്ഷിക്കാമെന്ന അധിക നേട്ടവുമുണ്ട്.
സാമ്പത്തിക ആനുകൂല്യം
സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറികൃഷി വികസന പദ്ധതിയില്‍ ഗ്രോബാഗിനും തുള്ളിനനയ്ക്കും സാമ്പത്തിക ആനുകൂല്യം നല്‍കുന്നു. തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.