കാർഷിക കൊള്ളരുതായ്മകൾ 14
പ്രമോദ് മാധവൻ
കർഷകർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന Bad Agricultural Practices (BAP) പരമ്പരയിലെ പതിനാലാം ഭാഗം
വാഴക്കുലയുടെ കൂമ്പ് യഥാസമയം ഒടിക്കാതിരിക്കൽ
(Timely Non removal of male bud of banana bunch)
കേരളത്തിൽ വാഴ കൃഷിയുടെ ഉൽപ്പാദന ക്ഷമത 14ടൺ ആണ്, ഒരു ഹെക്ടറിന് (250 സെന്റ് ). അതായതു ഒരു കുലയുടെ ശരാശരി തൂക്കം കഷ്ടിച്ച് 6 കിലോ. എല്ലായിനം വാഴകളും കണക്കിലെടുത്തുള്ള അംഗീകൃത കണക്കാണിത്.
കഷ്ടമാണ്.
വാണിജ്യ വാഴ കൃഷിയും വീട്ടു വളപ്പിലെ കൃഷിയും കൂടി കണക്കിലെടുക്കുന്നതു കൊണ്ടാകാം ഇങ്ങനെ വന്നത്.
വീട്ടുവളപ്പിലെ വാഴ കൃഷിയെ KKPP കൃഷി (Kiട്ടിയാൽ Kiട്ടി Poയാൽ Poയി )എന്ന് വിളിക്കാം. കാരണം വാഴ നടാൻ അനുയോജ്യമായ സ്ഥലം നോക്കാറില്ല, കൃത്യമായി വളം ഇടാറില്ല, കന്നു മുളച്ചു വരുമ്പോൾ നശിപ്പിക്കാറില്ല.. അങ്ങനെ അങ്ങനെ പോകുന്നു കുറഞ്ഞ വിളവിന്റെ കാരണങ്ങൾ.
അതെ, വിളവ് എന്ന് പറയുന്നത് ഒരുപാടു കാര്യങ്ങളുടെ ആകെതുകയാണ്.
സ്ഥലം തെരഞ്ഞെടുക്കുന്നത് മുതൽ, കന്നു പരിചരണം, ജൈവ രാസ വള പ്രയോഗം, കീട രോഗ നിയന്ത്രണം, കുല പരിചരണം തുടങ്ങിയ ഓരോ ഘട്ടങ്ങളിലും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുമ്പോൾ ഉണ്ടാകുന്ന വിജയമാണത്.
അങ്ങനെ പറഞ്ഞു വരുമ്പോൾ നമ്മുടെ മിക്കവാറും കർഷകർ അനുവർത്തിക്കാത്ത ഒരു Good Agricultural Practice (GAP)ആണ് വാഴക്കൂമ്പ് യഥാസമയം ഒടിച്ചു കളയാതിരിക്കുക(De navelling).
വാഴ കൂമ്പ് എന്തിനു ഒടിച്ചു കളയണം
വാഴയുടെ ഉള്ളിൽ പിണ്ടി/കുലത്തണ്ടു രൂപം കൊള്ളുന്നതോട് കൂടി വാഴയുടെ വളർച്ച നിലയ്ക്കുകയാണ്. പിന്നീട് ഇലകൾ പാകം ചെയ്യുന്ന അന്നജം വാഴ കൂമ്പിലേക്കു കേന്ദ്രീകരിക്കപ്പെടുന്നു. ഒരു വാഴയ്ക്ക് എത്ര പടലകളും (hands ) കായ്കളും ഉണ്ടാകണം എന്ന് നിശ്ചയിക്കുന്നത് ആദ്യ അഞ്ചു മാസത്തെ പരിചണത്തെ ആശ്രയിച്ചാണ്.
കൊടുക്കാനുള്ള വളത്തിന്റെ 85 ശതമാനവും ഈ കാലയളവിൽ തന്നെ നൽകിയിരിക്കണം.
കതിരിൽ വളം വെച്ചിട്ട് കാര്യമില്ല. നടുമ്പോൾ അടിസ്ഥാന വളവും നട്ടു 30, 60, 90, 120, 150 ദിവസങ്ങളിൽ മേൽ വളങ്ങളും നൽകണം. കൂമ്പ് ഒടിച്ചു കളയുമ്പോൾ അവസാന മേൽവളവും നൽകിയാൽ സ്വസ്തി. ഇല്ലെങ്കിൽ ഗോപി.
വാഴയിൽ കുല വിരിയുമ്പോൾ ആദ്യം പെൺ പൂക്കളും (പടലകൾ ) അത് കഴിഞ്ഞാൽ ആൺ പൂക്കളും (വാഴക്കൂമ്പ് ) കാണാൻ കഴിയും. പെൺ പൂക്കൾ (വില്പന യോഗ്യമായ പടലകൾ )മുഴുവൻ വിരിഞ്ഞു കഴിഞ്ഞാൽ ഉടൻ തന്നെ കൂമ്പ് (male bud )ശ്രദ്ധയോടെ ഒടിച്ചു കളയണം.
ഇല്ലെങ്കിൽ വരാവുന്ന പ്രശ്നങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
1. പടലകളിലേക്കു പോകേണ്ട വള മൂലകങ്ങൾ പൂക്കൾ വിടരാനും കൊഴിയാനും തണ്ട് നീളാനുമായി വേസ്റ്റ് ചെയ്യപ്പെടുന്നു
2. ആൺ പൂക്കളുടെ ദളങ്ങളിൽ പറ്റി വളരുന്ന പൂപ്പേനുകൾ കായ്കളിൽ കറുത്ത പരുപരുത്ത പാടുകൾ ഉണ്ടാക്കുന്നു.
3.ആൺ പൂക്കളിൽ നിന്നും സ്രവിക്കുന്ന തേൻ കുടിക്കാൻ വരുന്ന പക്ഷികളും അണ്ണാൻ മാരും വവ്വാൽ അടക്കമുള്ള പക്ഷികളും കായ്കളിൽ പാടുകൾ ഉണ്ടാക്കുന്നത് മൂലം കുലയുടെ ആകർഷണീയത നഷ്ടപ്പെടുന്നു.
ആയതിനാൽ യഥാസമയം വാഴക്കൂമ്പ് ഒടിച്ചു കളഞ്ഞു കുലയുടെ തൂക്കവും ഗ്ളാമറും വർധിപ്പിക്കാൻ ശ്രമിക്കണം.
കയ്യെത്തും പൊക്കത്തിൽ നിൽക്കുന്ന കുലകൾ ആണെങ്കിൽ ഒരു കാര്യം കൂടി ചെയ്യാം. ഓരോ കായുടെയും അറ്റത്തുള്ള പെൺ പൂവിന്റെ ഭാഗം (Pistil ) ഭാഗവും കൂടി നീക്കം ചെയ്യണം. (Depistillation ).
അതിനു ശേഷം ദ്വാരമിട്ട കവറുകളോ ചാക്കോ തുണിയോ കൊണ്ട് കുലകൾ പൊതിഞ്ഞു കെട്ടുകയും ചെയ്യാം.
തൂക്കവും നിറവും കൂടും യഥാസമയം മൂപ്പെത്തുകയും ചെയ്യും.
അപ്പോ കുല/ഇനം ഏതുമാകട്ടെ കൂമ്പ് സമയത്തൊടിക്കണം ഏത്.
എന്നാ അങ്ങട്
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ