കേന്ദ്ര സർക്കാർ സ്ഥാപനമായ ഉത്തർപ്രദേശിലെ ഗാസിയബാദിൽ പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഓർഗാനിക് ഫാമിംഗ് എന്ന ഗവേഷണ സ്ഥാപനം നാടൻ പശുവിൻ്റെ ചാണകത്തിൽ നിന്നും വേർതിരിച്ചെടുത്ത അത്ഭുത വളമാണ് വേസ്റ്റ് ഡീകമ്പോസർ .ജീവിതത്തിൽ ഒരിക്കൽ മാത്രം വാങ്ങി ഒരു നൂറ്റാണ്ട് കാലം ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിൻ്റെ സവിശേഷത. വെറും 30 ഗ്രാം മാത്രമുള്ള ഈ ജീവാണു വളമിശ്രിതം ശർക്കര ലായനിയിൽ കലർത്തി പുളിപ്പിച്ചാണ് ഉപയോഗിക്കുക .
രണ്ട് രീതിയിൽ മിശ്രിതം തയ്യാറാക്കാം . ആദ്യം 50 ലിറ്റർ കിണർ അല്ലെങ്കിൽ മഴവെള്ളം നിറച്ച ബക്കറ്റിൽ 500 ഗ്രാം നാടൻ ശർക്കര ലയിപ്പിക്കുക . ശേഷം WDC അടർത്തിയെടുത്ത് 'നന്നായി ഇളക്കി ചേർക്കണം. തുടർന്നുള്ള 7 ദിവസങ്ങളിൽ 2 പ്രാവശ്യം ഈ മിശ്രിതത്തെ മരക്കമ്പ് കൊണ്ട് നന്നായി ഇളക്കിച്ചേര്‍ക്കണം. മിശ്രിതമടങ്ങിയ ബക്കറ്റ് കാര്‍ഡ്ബോര്‍ഡോ തുണിയോ ഉപയോഗിച്ച് വായു കടക്കത്തക്ക രീതിയിൽ മൂടിവയ്ക്കുക. 7 ദിവസം കഴിഞ്ഞാല്‍ മിശ്രിതം ഉപയോഗിക്കാന്‍ തയാറാകും.
പിന്നീട് ഉപയോഗിക്കാനായി വീണ്ടും ഒരു ബോട്ടിൽ വേസ്റ്റ് ഡീകമ്പോസർ മിശ്രിതം വങ്ങേണ്ടതില്ല. പകരം ഇപ്പോള്‍ തയ്യാറാക്കിയ ഈ സൂക്ഷ്മാണുലായനിയില്‍നിന്നു തന്നെ 5 ലിറ്റര്‍ എടുത്ത് വീണ്ടും 500 ഗ്രാം ശർക്കരയും 45 ലിറ്റർ വെള്ളവും ചേർത്ത് അടുത്ത ലായനി തയാറാക്കാം. ഇങ്ങനെ എത്ര പ്രാവശ്യം വേണമെങ്കിലും ആവർത്തിക്കാം'
200 ലിറ്റർ വെള്ളവും 2 കിലോഗ്രാം ശർക്കരയും ഉപയോഗിച്ചും ഈ ജീവാണു ലായനി ഉണ്ടാക്കാം. ഭാവി ഉപയോഗത്തിനായി 20 ലിറ്റർ മിശ്രിതം മാറ്റി വയ്ക്കണം. ഇതിൽ 180 ലിറ്റർ വെള്ളവും 2 കിലോഗ്രാം ശർക്കരയും ചേർക്കണം'ഈ രീതിയിൽ ആദ്യം വാങ്ങിയ WDC ഉപയോഗിച്ച് ജീവിത കാലം മുഴുവൻ ലായനി ഉണ്ടാക്കാം ഈ ലായനിയുടെ സുക്ഷിപ്പ് കാലാവധി 28 ദിവസവും ലായനി ആക്കാത്ത വളത്തിൻ്റെ കാലാവധി 3 വർഷവുമാണ്
ഉപയോഗ രീതികള്‍ (Usages)
1. കോർപ്പറേഷൻ/മുനിസിപ്പാലിറ്റി / പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്ന ബയോ ബിൻ കമ്പോസ്റ്റിംഗിന് അടുക്കള/ ഹോട്ടൽ മാലിന്യങ്ങൾ ബിന്നിൽ ഇട്ട ശേഷം WDC സ്പ്രേ ചെയ്താൽ മതി. ദുർഗന്ധവുമില്ല പുഴുവുമില്ല .30-45 ദിവസത്തിനകം പോഷക സംമ്പുഷ്ടമായ ജൈവവളം (Organic fertilizer) ലഭ്യമാകും
2. ഗ്രോബാഗിൽ അല്ലെങ്കിൽ ചെടിച്ചട്ടിയിൽ ജൈവമാലിന്യങ്ങൾ, കരിയിലകൾ എന്നിവ നിക്ഷേപിച്ച് അതിന് മുകളിൽ WDC തളിക്കുക. ഗ്രോബാഗ് നിറഞ്ഞ് 30 ദിവസത്തിന് ശേഷം ഇതിൽ നേരിട്ട് ചെടി നടാം
3. ഒരു പ്ളാസ്റ്റിക്ക് ചാക്കിൽ (50 കിലോ ചാക്ക്) ജൈവ മാലിന്യങ്ങൾ, കരിയിലകൾ , ജൈവ ചപ്പ് ചവറുകൾ എന്നിവ ഇടുക. ഒരോ പ്രാവശ്യം ഇടുമ്പോഴും WDC തളിക്കുക. ചാക്ക് നിറയുമ്പോൾ കെട്ടി മഴയും വെയിലും ഏൽക്കാതെ 30 ദിവസം സൂക്ഷിക്കുക. ജൈവവളം ഉൽപാദിപ്പിക്കാം.
4. വൻ തോതിലുള്ള കമ്പോസ്റ്റ് നിര്‍മ്മാണം :
വെയില്‍ ഒട്ടും പതിക്കാത്തയിടത്തെ നിലം ഒരു മീറ്റര്‍ വീതിയിലും സൗകര്യപ്രദമായ നീളത്തിലും ചെത്തി വൃത്തിയാക്കി മുമ്പേ തയാറായ സൂക്ഷ്മാണുലായനിയാല്‍ നനയ്ക്കുക.
കരിയിലകള്‍, കൃഷിയിട അവശിഷ്ടങ്ങള്‍, അടുക്കളമാലിന്യം (പ്ലാസ്റ്റിക്, കല്ലുകള്‍, എല്ല്, മുള്ള് , ചെറുനാരങ്ങ, എണ്ണ, എന്നിവ ചേരാത്തത് ) എന്നിവ തനിച്ചോ കൂടിച്ചേര്‍ന്നോ 18 - 20 സെന്റിമീറ്റര്‍ കനത്തില്‍ നിരത്തുക.
ഈ അടുക്കിന്റെ അടിഭാഗം വരെ മുഴുവനായി നനയത്തക്കവിധം അടുക്കിന്റെ എല്ലായിടത്തും സൂക്ഷ്മാണുലായനിയാല്‍ സാവധാനത്തില്‍ നനയ്ക്കുക.
ഈ അടുക്കിനുമേലെ വീണ്ടും 18 - 20 സെന്റിമീറ്റര്‍ കനത്തില്‍ ജൈവാവവശിഷ്ടങ്ങള്‍ അടുക്കുക. വീണ്ടും സൂക്ഷ്മാണുലായനി ഒഴിച്ച് കൊടുക്കുക.
ഈ രണ്ട് അടുക്കുകള്‍ ചേര്‍ന്ന കമ്പോസ്റ്റ് കൂനക്ക് ഏകദേശം 40 സെന്റിമീറ്റര്‍ ഉയരമുണ്ടാവും. ഏഴു ദിവസം കൂടുമ്പോൾ ഈ കൂന നന്നായി ഇളക്കിമറിക്കുക.
60 % ജലാംശം എപ്പോഴും കമ്പോസ്റ്റ് കൂനയില്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ ആവശ്യത്തിനു സൂക്ഷ്മാണുലായനി മിശ്രിതം മേലെ ഒഴിച്ചുകൊടുക്കണം.
മേല്‍പ്പറഞ്ഞപോലെ ഓരോ ക്രിയകളും പടിപടിയായി കൃത്യമായി ചെയ്‌താല്‍ 40 ദിവസംകൊണ്ട് കമ്പോസ്റ്റ് തയാറാവും. പുഴുക്കളോ പ്രാണികളോ ദുഗന്ധമോ ഇല്ലാത്ത ഈ കമ്പോസ്റ്റ് മണ്ണില്‍ നേരിട്ട് ഉപയോഗിക്കാം. മണ്ണിലെ അമ്ലതയും ലവണാംശവും ക്രമപ്പെടുത്തുന്നതിനൊപ്പം ജൈവാംശവും വിവിധ മൂലകങ്ങളുടെ ലഭ്യതയും ഏറും.
5. വിത്ത് പരിചരണം
WDC സൂക്ഷ്മാണു ലായനിയില്‍ 10 മിനിറ്റ് മുക്കിവച്ച വിത്തുകള്‍ 30 മിനിറ്റ് തണലില്‍ തുറന്നുവച്ച ശേഷം പാകാം. വിത്തിന്റെ അംഗുരണശേഷി, മുളക്കരുത്ത് എന്നിവ വര്‍ധിപ്പിക്കുകയും, വിത്തില്‍ക്കൂടി പകരുന്ന വിവിധ രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യും തൈകൾ.കരുത്തോടെ വളരും.
6: രോഗ-കീടനാശിനി വളര്‍ച്ചാ-പൂവിടല്‍ സഹായി,തയാറാക്കിയ സൂക്ഷ്മാണു ലായനി ആവശ്യമായ അളവിൽ എടുത്ത് 3 ഇരട്ടി വെള്ളം ചേർത്ത് വെയിലാറിയശേഷം ചെടികളില്‍ സമൂലം സ്പ്രേ ചെയ്യുക. നല്ലൊരു ശതമാനം കുമിള്‍രോഗങ്ങള്‍, കീടങ്ങള്‍ എന്നിവ ഒഴിവായി സസ്യങ്ങള്‍ ആരോഗ്യത്തോടെ വളരുന്നതും പൂവിടുന്നതും ഫലങ്ങള്‍ കായ്ക്കുന്നതും കാണാം.
7. തുള്ളിനനയില്‍ ജലത്തിന്റെ കൂടെ മേല്‍പ്പറഞ്ഞ സൂക്ഷ്മാണുലായനി ചേര്‍ക്കാം. ഇങ്ങനെ മണ്ണിലെ ഉപകാരികളായ സൂക്ഷ്മാണുക്കളുടെ അളവ് നിലനിര്‍ത്തി മണ്ണിന്റെ ആരോഗ്യവും ഉൽപാദനക്ഷമതയും കൂട്ടാം.
8.കൃഷിയിടങ്ങളില്‍ പുതയുടെ മേലെ ഈ സൂക്ഷ്മാണുലായനി തളിച്ചാല്‍ പുതയിട്ട അവശിഷ്ടങ്ങള്‍ വളരെ വേഗം അഴുകി മണ്ണില്‍ കമ്പോസ്റ്റായി ചേരുന്നു.
മണ്ണിന്റെയും വിളകളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വിളവു കൂട്ടാനും അതോടൊപ്പം മാലിന്യം കമ്പോസ്റ്റായി മാറ്റാനുള്ള സമീപകാല ആവശ്യതയ്ക്ക് വലിയൊരു പരിഹാരമാണ് വേസ്റ്റ് ഡീകമ്പോസർ എന്ന വിവിധോദ്ദേശ സൂക്ഷ്മാണുമിശ്രിതം.