ഇന്ത്യയില്‍ ആദ്യം മാവു പൂക്കുന്നത് കേരളത്തിലാണ്. ഡിസംബര്‍-ജനുവരി മാസമാകുമ്പോള്‍ മാവ് പൂക്കാന്‍ തുടങ്ങും. ഇപ്പോള്‍ പല സ്ഥലങ്ങളിലും മാവ് പൂത്തു തുടങ്ങിയിട്ടുണ്ടാകും. എന്നാല്‍ ചില മാവുകള്‍ എത്രയായാലും പൂക്കില്ല. ചിലതില്‍ കുറച്ച് മാത്രം പൂക്കളായിരിക്കുമുണ്ടാകുക. വലിയ നിരാശയാണ് ഇതു നമുക്ക് നല്‍കുക.
എന്നാല്‍ ചില വിദ്യകള്‍ പ്രയോഗിച്ചാല്‍ മാവ് ഉടന്‍ പൂക്കും.
1. ബലം കുറഞ്ഞതും അസുഖം വന്നതുമായ ശിഖരങ്ങള്‍ മുറിച്ചു മാറ്റുക. എന്നിട്ട് മുറിപ്പാടില്‍ കുമിള്‍ നാശിനി പുരട്ടണം.
2. മാവിന്റെ ശിഖരങ്ങളില്‍ വെയില്‍ നന്നായി തട്ടണം. ഇതിനു വല്ല തടസവുമുണ്ടെങ്കില്‍ അവ നീക്കം ചെയ്യണം. എന്നാല്‍ മാത്രമേ പൂക്കുകയുള്ളൂ.
3. മാവിന്റെ ചുവട്ടില്‍ വലിയ ആഴത്തിലല്ലാതെ കുറച്ച് വേരുകളെങ്കിലും കാണുന്ന വിധത്തില്‍ തടംതുറന്ന് മൂന്ന് ആഴ്ച വെയില്‍ കൊള്ളിക്കുക.
4. ഇതിനുശേഷം ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാമ്പല്‍ എന്നിവ ചേര്‍ത്തു കുഴിയില്‍ ചെറുതായി മണ്ണിട്ട് മൂടി ചപ്പുചവറുകളിട്ടു നന്നായി നനയ്ക്കുക. മാവിനെ ഒന്നു ക്ഷീണിപ്പിച്ച ശേഷം പിന്നീട് നന്നായി പരിപാലിച്ചാല്‍ കൂടുതല്‍ പൂക്കളുണ്ടാകും.
5. വളരെ വര്‍ഷങ്ങളായി പൂക്കാതെ നില്‍ക്കുന്ന മാവുകളില്‍ തായ്ത്തടിയിലെ തൊലി ഒരു മോതിരവളയത്തിന്റെ വീതിയില്‍ നീക്കം ചെയ്യുന്നത് പൂക്കുന്നതിന് കാരണമാകുന്നു എന്നു പലരും പറയാറുണ്ട്. രണ്ടു സെന്റീമീറ്റര്‍ വീതിയില്‍ വളയം പൂര്‍ണമായോ അല്ലെങ്കില്‍ ഒരല്‍പ്പം ഒരു ഭാഗത്ത് നിര്‍ത്തി ഭാഗികമായോ പുറംതൊലി നീക്കം ചെയ്തു നോക്കാവുന്നതാണ്.
6. മാവിന്റെ ചുവട്ടില്‍ ഒരു ചട്ടിയില്‍ തൊണ്ട്, കരിയിലകള്‍ എന്നിവ വച്ച് നിയന്ത്രിതമായി പുകച്ച് നോക്കുന്നതും ഗുണകരമായിരിക്കും.