കാസർഗോഡ് കുമ്പളയിലെ ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപികയും ആർട് ഓഫ് ലിവിംഗ് പരിശീലകയുമായ ശ്രീമതി .സീമാരതീഷ് മികച്ച കാർഷിക പ്രവർത്തനത്തിന് നാട്ടുകാരിൽ നിന്നും മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി .
കാഞ്ഞങ്ങാടിനടുത്ത് മീങ്ങോത്ത് എന്നസ്ഥലത്തുള്ള സ്വന്തം വീടിനോട് ചേർന്നുള്ള രണ്ടര ഏക്കര്‍ കൃഷിയിടത്തില്‍ പൂര്‍ണ്ണമായും ഓപ്പണ്‍ പ്രിസിഷന്‍ എന്ന ഹൈടെക് രീതിയില്‍ തയ്യാറാക്കിയ തോട്ടത്തില്‍ ജൈവകൃഷിരീതിയിൽ മികച്ച ഇനം തണ്ണീർ മത്തൻ കൃഷി ചെയ്യുകയാണുണ്ടായത് .
ഷുഗര്‍ ക്വീന്‍ എന്ന ഹൈബ്രിഡ് വിത്തുപയോഗിച്ചാണ് തണ്ണീർമത്തൻ കൃഷി നടത്തിയത് . ചാണകം,കോഴിവളം,പച്ച കക്കപ്പൊടി ചാരം,വേപ്പിന്‍ പിണ്ണാക്ക് എന്നിവ അടിവളമായി ഉപയോഗിച്ചു.
70 ദിവസം കൊണ്ട് തണ്ണി മത്തൻ വിളവെടുപ്പിന് പാകമായി.മുപ്പത് ടണ്‍ വിളവാണ് കൃഷിയിൽ നിന്നും സീമാരതീഷ് പ്രതീക്ഷിക്കുന്നത്.
കിലോയ്ക് 30 രൂപ നിരക്കിലാണ് വില്പന. ഇവിടെ വിളഞ്ഞ ഓരോ തണ്ണിമത്തനും മൂന്ന് മുതല്‍ നാല് കിലോ വരെ തൂക്കമുണ്ട് .
ഇവിടുത്തെ തണ്ണിമത്തൻകൃഷി ജൈവോല്‍പ്പന്നമായതിനാല്‍ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിളവെടുപ്പിനു മുൻപായി തന്നെ സമീപിച്ചെന്നും അതിനാല്‍ വിപണനപ്രശ്നം നേരിടുന്നില്ലായെന്നും ഈ യുവകർഷക സീമാരതീഷ് അഭിമാനപൂർവ്വം പറഞ്ഞു .
ഇത്തരത്തിലൊരു കാര്‍ഷിക സംരംഭം ഇവിടെ ആദ്യമാണെന്ന് പ്രദേശത്തെ കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നു .
സ്കൂള്‍ അദ്ധ്യാപികയായ സീമാരതീഷ് രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം സമയം കണ്ടെത്തിയാണ് തണ്ണിമത്തൻ കൃഷിയിൽ വ്യാപൃതയായത് .
ഏതാനും വർഷങ്ങൾക്ക് മുൻപ് ലക്ഷ്‌മിതരൂ വ്യാപകമായി നട്ടുവളർത്തുന്നതിൻറെ ഭാഗമായി രതീഷ് നിലാതിയിൽ എന്ന ഭർത്താവിൻറെ വടകരയിലെ വീടിനോട് ചേർന്ന ഭൂമിയിൽ ശേഖരിച്ച ആയിരക്കണക്കിന് ലക്ഷ്മിതരുവിൻ്റെ തൈകൾ നാട്ടുകാർക്ക് സീമ ടീച്ചർ വിതരണംചെയ്‌തുകൊണ്ട് മാധ്യമശ്രദ്ധ നേടുകയുണ്ടായി .
6 ലക്ഷം രൂപയോളം ചെലവഴിച്ച് സീമ രതീഷ് മീങ്ങോത്ത് കൃഷിയിറക്കിയ വിഷരഹിത തണ്ണീർ മത്തൻ ജനുവരി 26 ന് ബഹു : റവന്യു മന്ത്രി E ചന്ദ്രശേഖരന്‍ വിളവെടുപ്പ് ഉത്ഘാടനം നിര്‍വ്വഹിക്കുന്നതാണ് .
വേനൽ ചൂട് തുടങ്ങിയാൽ ദാഹശമനി എന്ന നിലയിൽ വിപണിയിൽ ലഭിക്കുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരവും ആവശ്യക്കാരേറെയുള്ളതും തണ്ണിമത്തൻ തന്നെ.
വെള്ളരിവിളയായ തണ്ണിമത്തൻ അഥവാ വത്തക്കയുടെ ജന്മദേശം ആഫ്രിക്കയാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പവും മഴയും കുറഞ്ഞരീതിയിലുള്ള വരണ്ട കാലാവസ്ഥയുമുള്ള എവിടെയും തണ്ണിമത്തൻ കൃഷിയിറക്കാമെന്ന് കൃഷിയെ സ്നേഹിക്കുന്ന ഈ അദ്ധ്യാപിക പറയുകയുണ്ടായി .
ഡിസംബർ മുതൽ മാർച്ച് വരെയാണ് കൃഷിക്കനുയോജ്യമായ കാലം .
കേരളത്തിലെ കാലാവസ്ഥക്കും സാമൂഹിക സാഹചര്യങ്ങൾക്കും ഇണങ്ങുന്ന നൂതന ഹൈടെക്ക് കൃഷിരീതിയായ Open Precision Farming അഥവാ കൃത്യതാ കൃഷിയെയെക്കുറിച്ച് സീമടീച്ചർ വാചാലയായി. കൃഷിച്ചെലവിൻറെ വലിയൊരു ശതമാനം കൂലിയിനത്തിൽ നൽകേണ്ടി വരുന്നതിനാലാണത്രെ ബഹുഭുരിഭാഗം പേരും പച്ചക്കറികൃഷിയിൽ നിന്ന് അകലം പാലിച്ച് മാറി നിൽക്കുന്നത് .
വെള്ളവും വളവും ആവശ്യമായ അദ്ധ്വാനവും ഗണ്യമായ തോതിൽ ക്രമീകരിച്ചുകൊണ്ട് കൂടിയ ഉൽപ്പാദനം ഉണ്ടാക്കാനുള്ള കൃഷിരീതിയാണ് പ്രിസിഷൻ ഫാർമിംഗ് എന്ന് ടീച്ചർ വ്യക്തമാക്കി .
നല്ല നീർവാഴ്ചയും കൃത്യമായ സൂര്യപ്രകാശവും ലഭിക്കുന്ന ഏത് സ്ഥലവും പ്രിസിഷൻ ഫാർമിംഗ് എന്ന കൃത്യതാ ഫാർമിംഗിന് അനുയോജ്യമാണെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ സീമ രതീഷ് പറഞ്ഞു .