ഫിഷ് അമിനോ ആസിഡ് (FAA) ചെടിയുടെ സമഗ്രമായ വളർച്ചക്കും നല്ലവണ്ണം പുഷ്പിക്കുന്നതിനും കായ് ഉണ്ടാകുന്നതിനും കായ്ക്ക് നിറവും മണവും മറ്റും ലഭിക്കുന്നതിനും ഉള്ള ഒരു ഒന്നാം തരം ടോണിക്ക് ആണ് FAA.
ഇത് ഉണ്ടാക്കാൻ ഒരു പ്രയാസവും ഇല്ല. പക്ഷെ ഭൂരി ഭാഗം ആളുകളുടെയും ശ്രമം പാഴാകുന്നതായിട്ടാണ് കാണുന്നത്. ശ്രദ്ധക്കുറവും നിർദ്ദേശങ്ങളുടെ പോരായ്മകളും ആവാം കാരണം. ഒരു കിലോ മായമില്ലാത്ത മത്തി വാങ്ങുക. (വട്ട മത്തി ആയാലും ഒരു കുഴപ്പവും ഇല്ല അതിനു വില കുറവാണ്).
Formalin ചേർത്ത ഐസിട്ട മത്തി കൊള്ളത്തില്ല. (നല്ല ഐസ് ആവാം) ഒരു കിലോ ഉപ്പില്ലാത്ത ബ്ലീച് ചെയ്യാത്ത കറുത്ത ശർക്കര വാങ്ങുക. മത്തി വെള്ളത്തിൽ ഒന്ന് ചെറുതായി കഴുകുക. 2 ലിറ്ററിൽ കുറയാത്ത കപ്പാസിറ്റി ഉള്ള 100% air tight അടപ്പുള്ള ഒരു ജാറിലേക്ക് മത്തി ചെറുതായി അരിഞ്ഞ് ഇടുക. (അരിഞ്ഞില്ല എങ്കിലും കുഴപ്പമില്ല).
ശർക്കര നല്ലവണ്ണം ചീകി ഇതിനോടൊപ്പം ചേർക്കുക. അടപ്പ് ടൈറ്റ് ആയി അടച്ചു സൂര്യ പ്രകാശം കടക്കാത്ത എവിടെ എങ്കിലും വെക്കുക. ഒരു തുള്ളി വെള്ളം പോലും ചേർക്കരുത്. 40-45 ദിവസം അത് അവിടെ ഇരുന്നോട്ടെ. 15 ദിവസം എന്നൊരു പ്രിസ്‌ക്രിപ്‌ഷൻ പലേടത്തും കാണുന്നുണ്ട്. ഇതു ശരിയല്ല. ഈ കാലയളവിൽ ജാറിന്റെ അടപ്പ് തുറക്കാൻ പാടില്ല.
ഒരു ചെറിയ കഷ്ണം പച്ച പപ്പായ തൊലി ഉൾപ്പെടെ ചെറിയ കഷ്ണങ്ങൾ ആക്കി ഇതോടൊപ്പം ചേർക്കുക. മത്സ്യം വേഗത്തിൽ ദ്രവിക്കാൻ പപ്പായ ചേർക്കുന്നത് ഗുണം ചെയ്യും. (പപ്പായ നിർബന്ധം അല്ല ലഭ്യമാണെങ്കിൽ മാത്രം ചേർക്കുക)
40-45 ദിവസം കഴിഞ്ഞു നോക്കിയാൽ ജാറിനകത്തു കുഴമ്പു പോലെ ദ്രാവകം രൂപപ്പെട്ടതായി കാണപ്പെടും ഇത് അരിച്ചു കുപ്പിയിൽ സൂക്ഷിക്കാം. പിഴവുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ FAA നു നല്ല പൈനാപ്പിളിന്റെ ഗന്ധം ആയിരിക്കും. ഇത് 2ml ഒരു ലിറ്റർ വെള്ളത്തിന് എന്ന തോതിൽ ചെടിയുടെ വളർച്ചയുടെ തോതനുസരിച്ച് ആഴ്ച തോറും/ 10 ദിവസത്തിൽ ഒരിക്കൽ തളിച്ച് കൊടുക്കാം. ലേശം വെണമെങ്കിൽ ചുവട്ടിലും ഒഴിച്ച് കൊടുക്കാം.
ഒരിക്കൽ പ്രിപെയർ ചെയ്താൽ 2-3 വർഷം വെച്ചിരുന്നു ഉപയോഗിക്കാം എന്ന് പറയപ്പെടുന്നു. 2 അല്ലെങ്കിൽ 3ml ഇൽ അധികം ഒരു ലിറ്റർ വെള്ളത്തിൽ ചേർക്കരുത്. കൂടുതൽ ആയാൽ ഇലകൾ കരിഞ്ഞു പോകും. 15% ഫുൾവിക് ആസിഡും 5% അമിനോ ആസിഡും ആയിരിക്കും ഇതിൽ ഉണ്ടാവുക. സ്പ്രേ ചെയ്യാൻ വേണ്ടി FAA എടുക്കുമ്പോൾ കുപ്പി നല്ലവണ്ണം കുലുക്കി വേണം FAA എടുക്കാൻ. ഒരു സ്പ്രേയർ ഉപയോഗിച്ച് ഇലകളുടെ അടിയിലും മുകളിലും ആണ് തളിച്ച് കൊടുക്കേണ്ടത്.
ആഗിരണം കൂടുതലും നടക്കുന്നത് ഇലകളുടെ അടിയിൽ കൂടി ആണ്. അതി രാവിലെയോ വൈകുന്നേരങ്ങളിലോ വേണം തളിക്കാൻ. ഇങ്ങനെ ശർക്കരയും മത്തിയും ഇട്ടു വെയ്ക്കുന്ന പാത്രത്തിൽ മർദ്ദം രൂപപ്പെടുന്നു എന്ന് ചിലർ പറയാറുണ്ട്. പിഴവുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ മർദ്ദം ഉണ്ടാവുന്നതല്ല. അഥവാ മർദ്ദം ഉണ്ടായാൽ അടപ്പു ലേശം ലൂസാക്കി തുറന്നു വിട്ടുകയല്ലാതെ മറ്റു മാർഗ്ഗം ഒന്നും ഇല്ല.
ഇങ്ങനെ മർദ്ദം ഉണ്ടാവുന്ന കേസിലും FAA ഉപയോഗശൂന്യമാകുന്നില്ല. മത്തി ഫ്രഷ് ആയിരിക്കണം. വാങ്ങിയാൽ ഉടൻ തന്നെ അരിഞ്ഞു കുപ്പിയിൽ ആക്കണം. ചീയാൻ അവസരം കൊടുക്കരുത്. അരിയാൻ എടുക്കുന്ന സമയം പോലും മത്തി വെള്ളത്തിൽ ഇടുക,. പെട്ടെന്ന് കേടാവത്തില്ല. ജലത്തിൽ ബാക്ടീരിയയുടെ പ്രവർത്തനം മന്ദ ഗതിയിൽ ആയിരിക്കും. മട്ടുപ്പാവിലെ ജൈവ കൃഷിയിൽ FAA ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാണെന്ന് കൂടി അറിഞ്ഞിരിക്കുക. ഇത് ഒരു കീടനാശിനി കൂടി ആണ്.
Raveendran uloor - 9048282885