പച്ചക്കറി വിത്തുകള്‍ പലരും പല രീതിയിലാണ് പാകുന്നത്. ചില വിത്തുകൾ പാകിയാൽ മുളക്കില്ല വിത്തുകൾ പാകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
വിത്തുകൾ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിച്ച് വലിപ്പം കുറഞ്ഞത് ഒരു കോട്ടൻ തുണിയിൽ കിഴി പോലെ കെട്ടി 2 മണിക്കൂർ വെള്ളത്തിൽ / സ്യൂഡോമോണാസ് ലായനിയിൽ കുതിർത്ത ശേഷം നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന.
വലിപ്പം കൂടിയ വിത്തുകള്‍ 4-6 മണിക്കൂർ വെള്ളത്തില്‍ / സ്യൂഡോമോണസിൽ കുതിര്‍ത്ത് മുളപ്പിച്ചശേഷം നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, മത്തന്‍, കുമ്പളം.നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും.
ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം.
വിത്ത് മുളപ്പിക്കാൻ പോളിഹൌസോ മഴമറയോ
വിത്ത് മുളപ്പിക്കാൻ പോളിഹൌസോ മഴമറയോ ഒരുക്കണം. മഴമറയ്ക്കു ചെലവു കുറവാണ്. ട്രേകളുടെ എണ്ണത്തിന് അനുസരിച്ച് മഴമറയ്ക്കു വലുപ്പമാകാം മഴ മറയുടെ നാലു ഭാഗവും നന്നായി മറച്ചിരിക്കണം. രോഗ, കീട സാധ്യത ഒഴിവാക്കാൻ വേണ്ടിയാണിത്. പയർ, വെണ്ട വിത്തുകൾ 3 ദിവസം കൊണ്ട് മുളയ്ക്കും. 7 ദിവസംകൊണ്ട് നടാനോ വിൽപനയ്ക്കോ പാകമാകും. മുളക്, വഴുതന, വെള്ളരി, കക്കിരി, കുമ്പളം, മത്തൻ 8 ദിവസം കൊണ്ട് മുളയ്ക്കും 25 ദിവസംകൊണ്ടു നടാനും വിപണനത്തിനും പാകമാകും. പുറംതോട് കട്ടിയുള്ള പാവൽ, പടവലം, ചുരയ്ക്ക എന്നിവ 10 ദിവസംകൊണ്ടു കിളിർക്കും. 15-ാം ദിവസം തൈകൾ പാകമാകും.
വെള്ളത്തിൽ ലയിക്കുന്ന രാസവളക്കൂട്ടായ 19:19:19 രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി രണ്ടില പ്രായത്തിലും മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഒരാഴ്ച കഴിയുമ്പോഴും തളിച്ചു കൊടുക്കണം. ജൈവരീതി വേണമെന്നുള്ളവർക്ക് ഫിഷ് അമിനോ ആസിഡ് മിശ്രിതം തയാറാക്കി തളിച്ചു കൊടുക്കാം. കൂടാതെ, സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി ചെറു തൈകളുടെ ഇലകളിലും ചുവട്ടിലും തളിക്കണം.
വെണ്ട– പയര്‍– വഴുതിന കായയോടെ സൂക്ഷിച്ച് അവശ്യസമയത്ത് പൊടിച്ച് വിത്തെടുക്കുന്ന രീതിയേക്കാള്‍ നല്ലത് വിത്ത് വേര്‍പെടുത്തി ഉണക്കി സൂക്ഷിക്കുന്നതാണ്. വിത്ത് കടുത്ത വെയിലില്‍ ഇട്ട് പെട്ടെന്ന് ഉണക്കരുത്. തണലില്‍ ഉണക്കി സൂക്ഷിച്ചതാവണം.
ഉയര്‍ന്ന ഈര്‍പ്പം അങ്കുരണശേഷി കുറക്കും. 10–12% ജലാംശം എന്നാണ് കണക്ക്. പഴയകാലത്ത് പാവല്‍, പടവലം, മത്തന്‍, കുമ്പളം വിത്തുകള്‍ പച്ചച്ചാണകത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്.
ഓരോ കുഴിയിലും ഒരു വിത്ത് വീതം പാകാം
നടീൽ മിശ്രിതം നിറച്ച ഓരോ കുഴിയിലും ഒരു വിത്ത് വീതം പാകാം. ഒരു വിത്തിന്റെ വലുപ്പത്തിൽ അല്ലെങ്കിൽ അതിന്റെ ഒന്നര വലുപ്പത്തിലുള്ള ആഴത്തിൽ പാകാം. വിത്ത് കൈകൊണ്ട് അമർത്തി താഴ്ത്തരുത്. വിത്ത് പാകിയതിനു ശേഷം കുഴിയുടെ മുകളിൽ മിശ്രിതം നന്നായി വിരൽകൊണ്ട് അമർത്തണം. എന്നാൽ മാത്രമേ തൈകളുടെ വേരുപടലം നന്നായി വരികയുള്ളു.
പോട്ടിങ്ങ് മിശ്രിതം നിറച്ച ട്രേകളിലും പ്ലാസ്റ്റിക് കവറുകളിലും വിത്തുകള്‍ നട്ട് മുളപ്പിച്ച് മാറ്റിനടാറുണ്ട്. അവ മൂന്നിലകള്‍ വന്നതിന് ശേഷമേ മാറ്റി നടാവൂ. ഇങ്ങനെ നടുമ്പോള്‍ പുതിയ മണ്ണില്‍ വേരുപിടിച്ചു വരുന്നത് വരെ തൈകള്‍ ശേഷിക്കുറവ് കാണിക്കാറുണ്ട്. എന്തായാലും വിത്തുകളില്‍ നിന്ന് പരമാവധിയെണ്ണത്തിനെ സംരക്ഷിച്ച് മുളപ്പിക്കുകയും അവയെ തൈകളാക്കി വളര്‍ത്തി പരിപോഷിപ്പിക്കുകയുമാണ് ഉത്തമ കര്‍ഷകന്റെ കടമ. അതിന് ക്ഷമയും ശ്രദ്ധയും കഠിനാദ്ധ്വാനവും കൂടിയേ കഴിയൂ.