തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ മണ്ണിൻറെ ഗുണം കൊണ്ട് ലോകപ്രശസ്തമായ വിളയാണ് പൊട്ടുവെള്ളരി.തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് അവിടുത്തെ പൊട്ടുവെള്ളരി അഥവാ കക്കിരി കൃഷി.
മീനച്ചൂടില്‍ അമ്മയെ കാണുന്നതിന് ലക്ഷക്കണക്കിന് ഭക്തര്‍ കൊടുങ്ങല്ലൂരില്‍ എത്തി പാടിത്തളര്‍ന്ന അവശത കണ്ടപ്പോള്‍ ഭക്തരുടെ വിശപ്പും ദാഹവും ക്ഷീണവും അകറ്റാന്‍ അമ്മ കൊടുങ്ങല്ലൂരിന് നല്കിയ ഈ വരദാനം എന്ന ഐതീഹ്യത്തിന്റെ ബലത്തില്‍ ഇന്നത്തെ പുതു തലമുറയിലെ കര്‍ഷകരായ കൊടുങ്ങല്ലൂര്‍ ഹരിതസംഘം ഇത് നല്ല രീതിയില്‍ ചെയ്തു പോന്നു.
മുപ്പത്തിമൂന്ന് പേരടങ്ങുന്ന ഈ സംഘത്തെ മുന്നില്‍ നിന്ന് നയിക്കുന്ന ഇതിന്റെ സെക്രട്ടറിയായ ശ്രീ.ശിവദാസന്‍ പോളശ്ശേരിയും പ്രസിഡന്റായ ശ്രീ.എസ്.ഷാജി ചെമ്പനേഴത്തുമാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറി ലോകമല്ലേശ്വരം വില്ലേജിലെ ഒന്നും രണ്ടും നാല്പ്പത്തിനാല് വാര്‍ഡുകളിലായി 25 ഏക്കറോളം ഭൂമിയില്‍ പൊട്ടുവെള്ളരി കൃഷി ചെയ്തുവരുന്നു. 48 വര്‍ഷമായി കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന ശ്രീ.പി.വി.ശിവദാസന്‍ പരമ്പരാഗതമായുള്ള ജൈവകൃഷി തന്നെയാണ് ഇന്നും അവലംബിച്ചുവരുന്നത്.
ശക്തമായ വേനല്‍ക്കാലത്താണ് ഇതിന്റെ വിളവെടുപ്പ് ആരംഭിക്കുന്നത്. കക്കിരിയുടെ ജ്യൂസ് കഴിച്ചാല്‍ വിശപ്പ്, ദാഹം, ക്ഷീണം ഒരേ സമയത്ത് മാറും. മണ്ണില്‍ വിത്ത് കുത്തിയാല്‍ 22-ാം ദിവസം കായ് വിരിഞ്ഞു തുടങ്ങുകയും 47-ാം ദിവസം മുതല്‍ ഇത് വിളവെടുപ്പ് ആരംഭിക്കുകയും 65-ാം ദിവസം വിളവ് പൂര്‍ണ്ണമായും തീര്‍ന്നിട്ടുണ്ടാകും. നല്ല രീതിയില്‍ കൃഷി ചെയ്താല്‍ ഒരേക്കറില്‍ നിന്ന് 10 ടണ്‍ മുതല്‍ 12 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം. 20 രൂപ മുതല്‍ 25 രൂപ വരെ കര്‍ഷകന് കൃഷിയിടത്തില്‍ വില ലഭിക്കുന്നുണ്ട്.
തുലാവര്‍ഷം കഴിഞ്ഞ് മണ്ണിലെ തണുപ്പ് വിടുന്നതിനു മുന്‍പായി തടം വെട്ടുന്നു. 50.സെ.മി വീതി , 50.സെ .മി നീളം , 30.സെ.മി താഴ്ചയില്‍ കുഴികള്‍ എടുക്കുന്നു. വരികള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലം പാലിക്കേണ്ടതാണ്.
വിത്തിനുള്ള കായ എടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്.
1.കക്കിരി കൃഷി ചെയ്യുന്ന കൃഷിയിടത്തിന്റെ സമീപപ്രദേശങ്ങളില്‍ കണിവെള്ളരി കൃഷി ചെയ്യരുത്.
2. കക്കിരി തടത്തില്‍ വിരിയുന്ന കായകള്‍ മാത്രം വിത്തിനായി ഉപയോഗിക്കുക. സ്വര്‍ണ്ണകളറുള്ളതായ കായകള്‍ മാത്രം വിണ്ടതിനുശേഷം പാളയില്‍ എടുത്ത് വിത്തിനായി സൂക്ഷിക്കുക.
3. കല്ലെന്‍ ടൈപ്പ് കായയുടെ വിത്തുകള്‍ ഒരിക്കലും ഉപയോഗിക്കരുത്
4. വൃത്തിയാക്കി വെള്ളത്തില്‍ താഴ്ന്ന് കിടക്കുന്ന വിത്തുകള്‍ മാത്രം എടുത്ത് രണ്ട് ദിവസം ഉണക്കിയതിനുശേഷം എയര്‍ ടൈറ്റ് ടിന്നില്‍ ആര്യവേപ്പില ഉണക്കിയതിട്ടു ഒരു വര്‍ഷത്തോളം നല്ലപോലെ അടച്ചു വെച്ച് സൂക്ഷിക്കാവുന്നതാണ്. പരമ്പരാഗതമായി പറഞ്ഞാല്‍ വിത്തിനെ ഉറങ്ങാന്‍ അനുവദിക്കുക.
ഇങ്ങനെയുള്ള വിത്ത് 12 മണിക്കൂര്‍ സമയം വെള്ളത്തിലിട്ട് തുണിയില്‍ കെട്ടി വെക്കുന്നു. രണ്ടാം ദിവസം വിത്ത് മുള പൊട്ടുന്നു. മുള പൊട്ടിയതിനു ശേഷം വിത്ത് കുത്തുന്നു. ഒരു തടത്തില്‍ 9 വിത്ത് കുത്തുന്നു. മുളച്ചതിനുശേഷം ആരോഗ്യമുള്ള 5 തൈകള്‍ മാത്രം തടത്തില്‍ നിര്‍ത്തുന്നു. ബാക്കി 4 തൈകള്‍ കത്രിക കൊണ്ട് മുറിച്ചു മാറ്റുന്നു. തൈ മുളച്ച് നാല് ഇല പ്രായമാകുമ്പോള്‍ ഇട കിളച്ച് വളം കൊടുക്കുന്നു.
ഇട കിളക്കുമ്പോള്‍ തടത്തില്‍ തൈ ഇരിക്കുന്ന ഭാഗം ഒഴിച്ച് ബാക്കി ഭാഗം കിളക്കേണ്ടതാണ്. വേര് എളുപ്പത്തില്‍ വളരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇട കിളച്ചതിനുശേഷം തടത്തില്‍ പുല്ലുകള്‍ നീക്കം ചെയ്തതിന് ശേഷം തടം വൃത്തിയാക്കി കപ്പലണ്ടി പിണ്ണാക്ക് പൊടിച്ചതും ചാണകപ്പൊടിയും മണ്ണും കലര്‍ത്തി തൈകള്‍ക്ക് ചുറ്റുമിട്ട് തടം പൂര്‍ണ്ണമായും മൂടുന്നു. അതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ നാലോ അഞ്ചോ പ്രാവശ്യം നനക്കുന്നു. തൈകള്‍ വളളി വീശുന്നതിന് മുന്‍പായി ഇട കിളച്ച ഭാഗത്ത് നിരത്തണം. കായ്കള്‍ മണ്ണിലെ ചെറിയ കുഴികളില്‍ വിഴാതെയിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനാല്‍ കായകള്‍ വളയാതെ നല്ലരീതിയില്‍ വളരുന്നു.
ഇപ്പോള്‍ ഇവിടെ പരമ്പരാഗത നന കൃഷിക്കു പുറമേ ഹൈടെക് രീതിയിലുള്ള കൃഷിരീതികളും അവലംബിക്കുന്നു.ഡ്രിപ്പ് ഇറിഗേഷന്‍ രീതി ഇന്ന് ഇവിടെ സാധാരണമായികൊണ്ടിരിക്കുകയാണ്. തടമൊരുക്കിയതിനുശേഷം ഡ്രിപ്പിംഗ് സിസ്റ്റം പ്രവര്‍ത്തികമാക്കുന്നതിനോടൊപ്പം മള്‍ച്ചിംഗ് ഷീറ്റ് വെച്ച് തടം നല്ല രീതിയില്‍ മൂടുകയും ആരോഗ്യമുള്ള തൈകള്‍ മാത്രം മള്‍ച്ചിംഗ് ഷീറ്റിന് പുറത്തുകാണത്തക്കവിധമുള്ള കൃഷിതീതിയും ഇവിടെ ചെയ്യുന്നു. കൂടുതല്‍ വിളവ് ഡ്രിപ്പ് ഇറിഗേഷനില്‍ ഉണ്ടാവുന്നതിനാല്‍ കര്‍ഷകര്‍ ഇതിനെ പൂര്‍ണ്ണമായും അനുകൂലിക്കുന്നു. രണ്ട് തവണ വിളവെടുപ്പ് നടത്തുക അതോടൊപ്പം ഒരു സ്‌ക്വയര്‍ ഫീറ്റില്‍ നിന്ന് 100 കിലോ വിളവെടുപ്പ് നടത്തുക എന്ന ലക്ഷ്യവും ഈ ഹരിതസംഘത്തിനുണ്ട്.
ഹൈടെക് രീതിയില്‍ കൃഷി ചെയ്യുകയാണെങ്കില്‍, നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്താല്‍ സീസണ്‍ മുഴുവനും മാര്‍ക്കറ്റില്‍ കക്കിരി കൊടുക്കാം. നവംബര്‍ മാസം ആദ്യവാരത്തില്‍ കക്കിരി കൃഷി തുടങ്ങിയാല്‍ ജനുവരി മുതല്‍ മാര്‍ക്കറ്റില്‍ കക്കിരി എത്തിക്കാം. അതുപോലെ രണ്ടാമത്തെ വിളവെടുപ്പിനായി ഫെബ്രുവരി മാസം ആദ്യവാരത്തില്‍ കക്കിരി കൃഷി തുടങ്ങിയാല്‍ ഏപ്രില്‍ മുതല്‍ മാര്‍ക്കറ്റില്‍ കക്കിരി എത്തിക്കാം. ഈ സ്ഥലങ്ങളിലെല്ലാം രണ്ടാമതും ഇതേരീതിയില്‍ കക്കിരി കൃഷി ചെയ്യാം.
പൊട്ടുവെള്ളരിയുടെ വളര്‍ച്ചാ സമയത്ത് ഉണ്ടാകുന്ന കീടാക്രമണങ്ങള്‍ തീര്‍ത്തും ജൈവരീതിയില്‍ പരിപാലിക്കുന്നതിനും വിളവെടുക്കുന്ന സമയത്ത് പൂര്‍ണ്ണ മൂപ്പ് എത്തുന്നതിനു മുന്‍പ് വിളവെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
കായ് പൊട്ടി പിളരുന്നതിനു രണ്ടു ദിവസം മുന്‍പാണ് വിളവെടുക്കുന്നത്. ഇങ്ങനെ കടയില്‍ ചെന്നതിനു ശേഷം പൊട്ടിയ വെള്ളരിക്ക് ആണ് ഡിമാന്റ്. കൃഷി സ്ഥലത്തു നിന്നു തന്നെ വിപണനം ചെയ്യുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഇതുകൂടാതെ സ്വന്തമായി പൊട്ടുവെള്ളരി ജ്യൂസ് കടകള്‍ തുടങ്ങി കൂടുതല്‍ ലാഭം കര്‍ഷകര്‍ക്ക് ലഭിക്കുവാനും കൊടുങ്ങല്ലൂര്‍ ഹരിത സംഘം തീരുമാനിക്കുന്നുവെന്ന് ഇതിന്റെ സെക്രട്ടറിയായ സ്രീ. പി.വി ശിവദാസന്‍ അഭിപ്രായപ്പെട്ടു.യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞര്‍ കൊടുങ്ങല്ലൂര്‍ കക്കിരിക്ക് ഭൗമസൂചികാ പദവി ലഭിക്കുന്നതിന് ഹരിതസംഘത്തിന്റെ കൃഷിയിടത്തില്‍ നിന്ന് ഗവേഷണം ആരംഭിച്ചത് തങ്ങളുടെ കൃഷിരീതിക്ക് ഏറെ അഭിമാനകരമായ പ്രോത്സാഹനമാണ് ലഭിച്ചത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കക്കിരി ജ്യൂസ് തയ്യാറാക്കുന്ന വിധം
കക്കിരി വിണ്ടതിനുശേഷം കായയുടെ മുകള്‍ഭാഗത്തുള്ള തൊലി ഉള്ളിതോടുപോലെ ഉലിച്ചെടുക്കുവാന്‍ സാധിക്കുന്നു. വിത്ത് ഭാഗം നീക്കിയതിനുശേഷം മാംസളമായ ഭാഗം എടുത്ത് ശര്‍ക്കരയോ, പഞ്ചസാരയോ ചേര്‍ത്ത് ഉപയോഗിക്കാം. പഞ്ചസാര, തേങ്ങാപ്പീര, ഏലക്ക് പൊടിച്ചത് ചേര്‍ത്ത് ഉപയോഗിക്കാം. കൂടാതെ കക്കിരിയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപയോഗിക്കാം. കക്കിരി മിക്‌സിയില്‍ അടിക്കരുത്. കൈകൊണ്ട് ഇളക്കിയാല്‍ മതി. കക്കിരി തണുപ്പിച്ചതിനുശേഷം തേങ്ങാപ്പാല്‍, പഞ്ചസാര എന്നിവ കക്കിരിയില്‍ ഒഴിച്ച് കൈകൊണ്ട് ഇളക്കി ജ്യൂസാക്കി ഉപയോഗിക്കാം. ചിലര്‍ കക്കിരി, ശര്‍ക്കര, തേങ്ങാപ്പീര, അരി വറുത്ത് പൊടിച്ച് ഇട്ട് ഉപയോഗിക്കുന്നു. കക്കിരിയുടെ സീസണില്‍ കൊടുങ്ങല്ലൂരിലും സമീപപ്രദേശത്തും കക്കിരി ജ്യൂസ് സ്റ്റാളുകള്‍ നിറയുന്നു ഓരോ സ്റ്റാളുകളിലും 250 ജ്യൂസ് മുതല്‍ 1500 ജ്യൂസ് വരെ വില്‍പ്പന നടത്തുന്ന സ്റ്റാളുകള്‍ ഉണ്ട്.