കേരളത്തിന്റെ കാലാവസ്ഥയും മണ്ണും ചേമ്പ് കൃഷിക്ക് വളരെ യോജിച്ചതാണ്. അതുകൊണ്ട് തന്നെ ഒരു മൂട് ചേമ്പ് എങ്കിലും നാട്ടുവളർത്താത്ത പുരയിടങ്ങൾ കുറവായിരിക്കും. നമ്മുടെ തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യാൻ പറ്റുന്ന മികച്ച വിളയാണ് ചേമ്പ്. സീസണിലും അല്ലാതെയും ചെയ്യാവുന്ന ചേമ്പിനങ്ങൾ ഉണ്ട്.
കേരളത്തിൽ കൃഷി ചെയ്യുന്ന ചേമ്പിനങ്ങളിൽ പ്രധാനം Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ചേമ്പ് വർഗ്ഗത്തിലെ വന്യ ഇനങ്ങളെ പ്രധാന മായും താള് എന്നും വലിയ ഇലയോട് കൂടിയ ഇന്നതിനെ മുണ്ട്യ എന്നും പറയാറുണ്ട്. ഉത്തര കേരളത്തിൽ പാൽചേമ്പിനെ പാല്മുണ്ട്യ എന്നും പറഞ്ഞു വരുന്നു.
വിവിധയിനം ചേമ്പുകളെ പരിചയപ്പെടാം
പാൽച്ചേമ്പ്
തണ്ടും തളിരിലയും കിഴങ്ങും ഒരു പോലെ ഭക്ഷ്യയോഗ്യമായ പാൽ ചേമ്പ് നല്ല സ്വാദുള്ള ഇനമാണ്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന പാൽച്ചേമ്പ് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇനമാണ്.
ചെറുചേമ്പ്
ഈ ചേമ്പിന്റെ നേരിയതും ഇളംപച്ചനിറത്തിൽ കാണപ്പെടുന്നതുമായ ചേമ്പിൻതണ്ട് കറിവെയ്ക്കാം. പുഴുക്കായും കറിക്കായും ഈ ചേമ്പ് ഉപയോഗിച്ചു വരുന്നു.
മക്കളെപ്പോറ്റി ചേമ്പ്
വെള്ള കലർന്ന പച്ചനിറത്തിലാണ് ചേമ്പിൻതണ്ട് കാണപ്പെടുന്നത്. ഇലയുടെ നിറം ഇളംപച്ചനിറമാണ്. ഇലയുടെ നടുഭാഗത്ത് പൊട്ട് ഉണ്ട്. തള്ള ചേമ്പിന്റെ ചുറ്റും വിത്തുചേമ്പുകൾ വളർന്ന് തണ്ടും ഇലയും വരുന്ന സ്വഭാവമുള്ളതിനാലാവാം മക്കളെപ്പോറ്റി എന്ന പേര് ലഭിച്ചത്. അല്പം ചൊറിച്ചിലുള്ള ഇനമാണ്. കറിവെക്കുമ്പോൾ പുളികൂടി ചേർക്കുന്നു.വൃശ്ചിക മാസത്തോടെ ഇതിന്റെ ചൊറിച്ചിൽ കുറയുന്നു.
കുഴിനിറയാൻ ചേമ്പ്
ഇലയും തണ്ടും മക്കളെപ്പോറ്റി ചേമ്പിനോട് സാദൃശ്യമുള്ളതാണ്. മക്കളെപ്പോറ്റിച്ചേമ്പിനേ ക്കാൾ തണ്ടിന് ഉയരം കൂടുതലുണ്ട്. ഇതിന്റെ വിത്ത് ചേമ്പുകൾ തള്ള ചേമ്പിന്റെ അടിഭാഗത്തുനിന്നും കൊട്ടയുടെ ആകൃതിയിൽ വളർന്നു വരുന്നതിനാലാണ് കൊട്ടചേമ്പ് എന്ന് അറിയപ്പെടുന്നത്. ചെറിയ തോതിലുള്ള ചൊറിച്ചിൽ ഈ ഇനത്തിനുമുണ്ട്.
കുടവാഴ ചേമ്പ്
വയറ്റിലുണ്ടാകുന്ന അസുഖങ്ങൾ പ്രതിരോധിക്കാൻ ഈ ചേമ്പ് ഭക്ഷിക്കുന്നതിലൂടെ കഴിയും. ഇലയുടെ വലിപ്പക്കൂടുതൽ കൊണ്ടാണ് കുടവാഴച്ചേമ്പിന് ഈ പേര് ലഭിച്ചത്. തണ്ടിന്റെ അടിഭാഗത്തിന് ബ്രൗൺനിറവും മുകൾ ഭാഗം ബ്രൗൺ കലർന്ന പച്ചയും ആണ്. പറിച്ച് വെച്ച് വെള്ളം വറ്റിയ ശേഷമാണ് കറിവെക്കുന്നതിന് നല്ലത്. ചൊറിച്ചിലുള്ള ഇനമാണ്. അതുകൊണ്ട് തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞതിനുശേഷം പുഴുക്കായും കറിയാക്കിയും ഉപയോഗിക്കുന്നതാണ് നല്ലത്. വയറ്റിൽ ഉണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാൻ ഈ ചേമ്പ് ഭക്ഷിക്കുന്നതിലൂടെ സാധിക്കും.
മാറാൻ ചേമ്പ്
മാറാൻ ചേമ്പ് ഇളംപച്ചനിറത്തിലും നീലനിറത്തിലുമുണ്ട്. നീലനിറമുള്ള ചേമ്പ് ഔഷധ നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. പച്ചനിറമുള്ള രണ്ടിനങ്ങളുണ്ട്. ഇതിൽ കിഴങ്ങ് നല്ലവണ്ണം തടിച്ചുരുണ്ട ഇനം പുഴുങ്ങിത്തിന്നാം. അർശസിനെതിരെ മാറാൻ ചേമ്പ് ഔഷധമായി ഉപയോഗിക്കാമെന്ന് ആയുർവേദം പറയുന്നു. എത്ര മണ്ണ് കൂട്ടിക്കൊടുത്താലും കിഴങ്ങ് മുകളിൽ വരും.
കരിന്താൾ
വന്യയിനം ചേമ്പാണിത്. കാഴ്ചയ്ക്ക് കറുത്ത ചേമ്പിന്റെ തണ്ടിനോടും ഇലയോടും സാദൃശ്യമുണ്ട്. തള്ളചേമ്പിൽ നിന്നും വള്ളിപോലെ നീണ്ടുവരുന്നതിന്റെ തല ഭാഗത്താണ് വിത്ത്ചേമ്പ് രൂപം കൊള്ളുന്നത്. ഏറെ ഔഷധഗുണമുള്ളതാണ് ഇതിന്റെ കിഴങ്ങും തണ്ടും തളിരിലയും. വിരിയാത്ത ഇലയോട് കൂടിയ ഇളംതണ്ട് പുളിയിട്ട് കറിവെക്കുന്നു. വിത്ത് ചേമ്പ് തിളപ്പിച്ച് ഊറ്റി പുറംതൊലി കളഞ്ഞ് വീണ്ടും വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുമ്പോൾ ചൊറിച്ചിൽ കുറയുന്നു.
മുണ്ട്യ
പഴയ കാലത്തു പലരും മഴ നനയാതിരിക്കാൻ കുടക്ക് പകരം ഉപയോഗിച്ചിരുന്നതു മുണ്ട്യയുടെ ഇലയാണ്.വളരെ വലിപ്പമുള്ള ഇലകൾ, വലിപ്പമുള്ള കാണ്ഡം എന്നിവ സവിശേഷതകളാണ്. കാണ്ഡം ഭക്ഷ്യയോഗ്യമാണ്. സദ്യവട്ടത്തിലെ അവിയൽ, കൂട്ടുകറി എന്നിവയിലെ ഘടകം. ഉപ്പേരിയുണ്ടാക്കാനും ഉപയോഗിക്കുന്നു. നന്നായി വേവിക്കാത്തപക്ഷം ചൊറിച്ചിൽ അനുഭവപ്പെടും. ഹിന്ദു വിഭാഗത്തിലെ ചിലരുടെ മരണാനന്തരക്രിയാസമയത്ത് ഈ സസ്യം നടുന്നതായി കാണുന്നു.
കാര്യമായ പരിചരണമൊന്നുമില്ലാതെ തന്നെ വളരുന്നവയാണ് മുണ്ട്യ ചേമ്പ്. കാണ്ഡം മുറിച്ച് നട്ട് കൃഷി ചെയ്യാം. രോഗ-കീടബാധ പൊതുവേ കുറവാണ്.
ചേമ്പിലെ ഔഷധ ഗുണങ്ങൾ
ധാതുലവണങ്ങളാലും ജൈവസംയുക്തങ്ങളാലും സമ്പന്നമാണ് ചേമ്പ്. കിഴങ്ങും തണ്ടും ഇലയും ഭക്ഷിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി ലഭിക്കും. വൈറ്റമിൻ 'എ' ധാരാളമായി അടങ്ങിയ ചേമ്പിൻ താൾ ഭക്ഷിക്കുന്നത് അന്ധത മാറുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും നല്ലതാണ്.
ചേമ്പിങ്ങളിൽ കൂടുതലായും വ്യാവസായിക ആവശ്യത്തിൽ കൃഷി ചെയ്യുന്നത് താളും പാൽചേമ്പുമാണ് താള് ചേമ്പ് ചിലയിടങ്ങളിൽ പൊടിച്ചേമ്പ് എന്നും പറയുന്നു.താളിന്റെ തളിരില കൊണ്ട് വിവിധയിനം നാടൻ വിഭവങ്ങൾ ഉണ്ടാക്കുന്നു. .പാൽചേമ്പ് പ്രധാനപ്പെട്ട ഒരു ചേമ്പിനമാണ് ,തണ്ടും തളിരിലയും കിഴങ്ങും ഒരുപോലെ ഭക്ഷ്യയോഗ്യമായ പാൽച്ചേമ്പ് നല്ല സ്വാദുള്ള ഇനമാണ്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന പാൽച്ചേമ്പ് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇനമാണ്.ചെറു ചേമ്പ്, മക്കളെപ്പോറ്റി ചേമ്പ്, കുഴി നിറയാൻ ചേമ്പ്, കുട വാഴച്ചേമ്പ്, മാറാൻ ചേമ്പ് എന്നിവയും വിവിധ ഇനം ചേമ്പുകളാണ്.
കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവ് ചേമ്പിനുള്ളതുകൊണ്ടുതന്നെ ഹൃദയത്തിലെ കൊഴുപ്പ് കുറയ്ക്കുകയും , ഹൃദയാഘാതത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ , കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ അകാല വാർദ്ധക്യത്തെ ചെറുക്കുന്നതിന് ചേമ്പ് സഹായിക്കുന്നു.ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയർന്ന സ്റ്റാർച്ചിന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു.ശരീരഭാരം വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ദിവസവും ചേമ്പ് കഴിച്ചാൽ മതി. ഇതിൽ എളുപ്പത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം വർദ്ധിപ്പിക്കുന്നു.
എന്താ , ഇനി കുറച്ചു ചേമ്പ് കൃഷി ചെയ്യാം അല്ലേ?
കടപ്പാട് :
പള്ളിക്കര കൃഷി ഭവൻ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കടലാവണക്കിന്റെ ഔഷധഗുണങ്ങൾ