ചകിരിച്ചോറിനെ ജൈവ- ജീവാണു വളമാക്കുന്ന ചെട്ടികുളങ്ങരയിലെ വനിതാ സംരംഭം.
ടി.കെ.വിജയൻ
റിട്ട. ഫാം മാനേജർ ,
കേരള കാർഷിക സർവ്വകലാശാല, ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ
കേന്ദ്രം, കായംകുളം.
9447595862
ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി പൊഴി മുതൽ കൊല്ലം ജില്ലയിലെ നീണ്ടകര അഴിമുഖം വരെ അറബിക്കടലിനോട് ചേർന്ന കിടക്കുന്ന 688 ചതുരശ്ര കിലാ മീറ്റർ പ്രദേശമാണ് ഭൂമിശാസ്ത്രപരമായി ഓണാട്ടുകര. സമുദ നിരപ്പിൽ നിന്ന് ശരാശരി മൂന്നു മീറ്റർ ഉയരമുള്ള പൂഴി മണൽ പ്രദേശമാണ് ഓണാട്ടുകര . കടലും കായലുകളും പുഴകളും തോടുകളും ചാലുകളും ഒട്ടനവധി കുളങ്ങളും വയലേലകളും പാടങ്ങളും നിലങ്ങളും തറപ്പുരയിടങ്ങളും ചെറിയ കുന്നിൽ പ്രദേശങ്ങളും കണ്ടങ്ങളും പുഞ്ചകളും ചിറകളും കാവുകളും , ചെറു കാടുകളും, കണ്ടൽകാടുകളും,ഈ കാർഷിക ഭൂമികയുടെ സവിശേഷതകളാണ്.
തിരുവിതാംകൂറിന് തിരുവോണമുണ്ണുവാൻ പുന്നെല്ല് വിളയിച്ചിരുന്ന ഒരു പൂർവ്വകാല കാർഷിക സമൃദ്ധിയുടെ വിളഭൂമിയായിരുന്ന ഓണാട്ടുകരയിലെ കായലോര നിവാസികളുടെ മുഖ്യ ജീവിത വരുമാന മാർഗ്ഗം ഒരു കാലത്ത് കയറും കയറുൽപ്പന്നങ്ങളുമായിരുന്നു. തേങ്ങാ പൊതിച്ചു കിട്ടുന്ന തൊണ്ട് , കായലിൽ താഴ്ത്തി ചെളി പുതച്ച് അഴുക്കിയെടുത്ത് തോടു പൊളിച്ച് തല്ലി ചകിരിനാര് വേർപെടുത്തി, ചകിരി റാട്ടുകളിൽ പിന്നി ഇഴ ചേർത്താണ് കയർ ഉണ്ടാക്കിയിരുന്നത്. ഒരു കിലോ ചകിരിനാര് ഉദ്പ്പാദിപ്പിക്കുമ്പോൾ രണ്ടു കിലോ ചകിരിച്ചോർ പാഴ് വസ്തുവായി അവശേഷിച്ചു. കാലമേറെക്കഴിഞ്ഞപ്പോൾ കയറും കയർ ഉൽപ്ന്നങ്ങളും ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ വൻ തോതിൽ ഉത്പ്പാദിപ്പിച്ചു വിപണനം നടത്തി. എന്നാൽ പാഴ് വസ്തുവായി അവശേഷിച്ച ചകിരിച്ചോർ കൂനകൾ മലകളായി കയർ ഉത്പാദന കേന്ദ്രങ്ങളിൽ ഉയരാൻ തുടങ്ങി. കായലോരങ്ങളിൽ നിക്ഷേപിച്ച ഈ ചകിരിച്ചോറിൽ " ലിഗ്നിൻ" എന്ന രാസഘടകം അടങ്ങിയതിനാൽ ജീർണ്ണിക്കാതെ വർഷങ്ങളോളം കിടന്നു.ചകിരിച്ചോർ മലകളിൽ നിന്നൊലിച്ചിറങ്ങിയ കറുത്ത ജലം കായലിനെ മലിനമാക്കുകയും ശുദ്ധജല ക്ഷാമവും മത്സ്യ സമ്പത്തിന് ഹാനികരവുമായി മാറി. അതോടൊപ്പം ഈ പാഴ് വസ്തുവിന്റെ നിക്ഷേപവും നിർമ്മാർജ്ജനവും പാഴ് ഭൂമി സൃഷ്ടിക്കുകയും പരിസ്ഥിതി നാശമുണ്ടാക്കുകയും ചെയ്തു.
പ്രശ്നകാരിയായ ഈ അവശിഷ്ട വസ്തു വാസ്തവത്തിൽ വിലയേറിയ ഒരു ജൈവ പദർത്ഥമാണ്. ജൈവരൂപത്തിലുള്ള കാർബണും ലവണങ്ങളും പാക്യജനകം, (നൈട്രജൻ ) ഭാവകം (ഫോസ്ഫറസ് ) ക്ഷാരം (പൊട്ടാസ്യം ) സൂഷ്മ മൂലകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചകിരിച്ചോറിന് ഉയർന്ന തോതിൽ ജലാംശത്തെ പിടിച്ചു നിർത്താനുള്ള പ്രത്യേക കഴിവും ഉണ്ട്. ചകിരിച്ചോറിനെ മണ്ണിൽ അലിഞ്ഞുചേരുവാൻ തടസ്സമായി നിൽക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന "ലിഗ്‌നിൻ " എന്ന ഘടകമാണ്. എന്നാൽ ലിഗ്നിൻ എന്ന രാസപദാർത്ഥത്തെ ശാസ്ത്ര സാങ്കേതിക ജൈവരീതികളിൽ ഒരു കുമിൾ ഉപയോഗിച്ച് വിഘടിപ്പിച് ചകിരിച്ചോർ സംസ്ക്കരിച്ച് കമ്പോസ്റ്റ് ആക്കി കൃഷിക്ക് ഉപയുക്തമാക്കാമെന്ന് തമിഴ് നാട് കാർഷിക സർവ്വകലാശാലയും കേന്ദ്ര കയർ ബോർഡും സംയുക്തമായി നടത്തിയ പരീക്ഷണ - നിരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടു. കൂൺ കൃഷിയിൽ ഉപയോഗിക്കുന്ന "പ്ലൂറോട്ടസ് സാജർ കാജു " എന്ന ചിപ്പിക്കൂണിന്റെ വിത്ത് അഥവ "സ്പോൺ" ആണ് ചകിരിച്ചോറിനെ കമ്പോസ്റ്റാക്കാൻ ഉപയോഗിക്കുന്നത്.
ഈ തിരിച്ചറിവിലൂടെയാണ് കായംകുളത്തെ കായലോരങ്ങളിൽ നിന്നും ചകിരിച്ചോർ ലോറിയിൽ കയറ്റിക്കാണ്ടുവന്ന് ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് ഈരേഴ തെക്ക് വനിതാ കൂട്ടയ്മയിൽ ചകിരിച്ചോർ ജൈവവള നിർമ്മാണം നടന്നു വരുന്നത്.
പുത്തൻ തറയിൽ വി.ശ്രീജയാണ് സംരംഭകത്വത്തിന് നേതൃത്വം നൽകുന്നന്നത്.
കേരള കാർഷിക സർവ്വകലാശാലയിലെ മുൻ ഫാം മാനേജർ ടി.കെ. വിജയൻ ആണ് ജൈവവളം നിർമ്മാണത്തിന്റെ സാങ്കേതിക നിർവ്വഹണം.
ആധുനിക ജൈവ സാങ്കേതികവിദ്യയും ജനിതക എഞ്ചിനീയറിങ്ങിലൂടെയും "പിത്ത് പ്ലസ് " എന്ന കുമിൾ ഉപയോഗിച്ച് സംസ്ക്കരിച്ച ചകിരിച്ചോർ
ടൈക്കോഡർമ്മ, വേപ്പിൻപിണ്ണാക്ക് എന്നിവ നിശ്ചിത അനുപാദത്തിൽ ചേർത്ത് സംപുഷ്ടീകരിച്ചാണ് ജൈവ-ജീവാണു
വളമാക്കി മാറ്റുന്നത്. ധാന്യവിളകൾ, നാണ്യവിളകൾ, സുഗന്ധവിളകൾ, ഔഷധ സസ്യങ്ങൾ, പച്ചക്കറി കൃഷി, തെങ്ങ്, വാഴ, കിഴങ്ങുവർഗ്ഗ വിളകൾ, ഉദ്യാന ച്ചെടികൾ, അലങ്കാരച്ചെടികൾ, നേഴ്സറികൾക്കും വിത്തുകൾ പാകി മുളപ്പിക്കുന്നതിനും ഉത്തമമാണിത്. അടുക്കള തോട്ടത്തിനും ടെറസ്സിലെ കൃഷിക്കും , ചെടിച്ചട്ടികൾ, ഗ്രോ ബാഗ് എന്നിവ നിറയ്ക്കുന്ന തിനും ഹൈടെക് കൃഷിക്കും അനുയോജ്യമായ ഈ ജൈവ ജീവാണുവളം "റൂട്ട്സ് ഫുഡ് " എന്ന പേരിൽ ചെറുകിട വനിതാ വ്യവസായ സംരംഭമായി ഗവ: അംഗീകാരത്തോടെയാണ് വിപണനം നടത്തുന്നത്.
ചകിരിച്ചോർ സംസ്കരിച്ച് ജൈവ വളമാക്കി വിളകൾക്ക് ഉപയോഗിക്കുമ്പോൾ മണ്ണിന്റെ ഉത്പ്പാദന ക്ഷമത ശാശ്വതമായി നിലനിർത്തുകയും മണ്ണിന്റെ ഭൗതിക - രാസ- ജൈവ ഘടന മെച്ചപ്പെടുത്തി മണ്ണിനെ പോഷക സംപുഷ്ടമാക്കുകയും ചെയ്യുന്നു. അതോടൊപ്പം മണ്ണിന്റെ ജലാഗിരണശേഷി ഉയർത്തി വായൂ സഞ്ചാരം വർദ്ധിപ്പിച്ച് സൂക്ഷ്മ ജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തി മണ്ണ് സദാ ജീവനുള്ളതാക്കി മാറ്റുന്നു. ടൈക്കോഡർമ്മയും വേപ്പിൻപിണ്ണാക്കും അടങ്ങിയിരിക്കു
ന്നതിനാൽ ചെടികൾക്ക് രോഗ-കീട പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ ദേശീയ ആംല മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന ഔഷധ സസ്യ ബോർഡ് നടപ്പിലാക്കിയ ഒരു വീട്ടിൽ ഒരു നെല്ലി തൈ പദ്ധതിയിൽ സ്ത്രീ കൂട്ടയ്മയിൽ ഉത്പാദിപ്പിച്ച ഈ ജൈവ ജീവാണുവളമാണ് ഉപയോഗിച്ചത്. മാവേലിക്കരയിലെ അറന്നൂറ്റിമംഗലത്ത് പ്രവർത്തിക്കുന്ന സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ പച്ചക്കറി തൈകളും ടിഷ്യൂക്കൾച്ചർ വാഴ തൈകളും ഉത്പാദിപ്പിക്കാനുള്ള ഗ്രോത്ത് മീഡിയായി ഈ വളം ഉപയോഗിച്ചിരുന്നു. വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് കേരള (വി.എഫ്.പി.സി.കെ) ആലപ്പുഴ ജില്ലയിലെ വിവിധ കർഷക സംഘങ്ങൾക്ക് കർഷക വിപണി വഴി ടൺ കണക്കിന് വളം വിതരണം ചെയ്തു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ) പരീക്ഷണ പദ്ധതിയിൽ ഈ വളം ഉപയോഗിച്ചു.
ചെട്ടികുളങ്ങര കൃഷിഭവൻ, വളം വിൽപ്പനശാലകൾ, കാർഷിക നേഴ്സറികൾ, ഹൈടെക് ഫാമുകൾ , സ്വയം സഹായ സംഘങ്ങൾ, കടുംബശ്രീ സംഘ കൃഷി അംഗങ്ങൾ, കർഷകർ, "ഗ്രാമപൂർണ്ണിമ" ഉൾപ്പെടെ
നിരവധി കാർഷിക വിപണന കേന്ദ്രങ്ങൾ, വൻതോതിൽ ഈ വളം വാങ്ങി വിൽക്കുകയും
ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
ചകിരിച്ചോറിനെ ജൈവ ജീവാണുവളമാക്കുന്ന ചെട്ടികുളങ്ങരയിലെ ഈ വനിതാ സംരംഭത്തിലൂടെ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന പാഴ് വസ്തുവായ ചകിരിച്ചോർ ശാസ്ത്രീയമായി സംസ്ക്കരിച്ച് ഉത്തമമായ ജൈവ-ജീവാണുവളമാക്കുന്നതിനോടൊപ്പം ഉത്പാദന പ്രകിയയിൽ പങ്കാളികളാകുന്ന സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങളും ന്യായമായ സാമ്പത്തിക വരുമാനവും ഉറപ്പു വരുത്തുന്നു. അതിലൂടെ ഗ്രാമീണ മേഖലയിൽ ദാരിദ്ര്യ നിർമ്മാർജ്ജനം സാദ്ധ്യമാക്കുവാനും പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നതിനും ഈ സംരംഭം പ്രയോജനപ്പെടുന്നു.
പ്രകൃതി സൗഹൃദ കൃഷിക്കും ജൈവ കൃഷിക്കും പ്രാമുഖ്യം നൽകി മണ്ണിന്റെ ഓജസ്സും ആരോഗ്യവും വർദ്ധിപ്പിച് ഫലഭൂയിഷ്ടി കൈവരിച് കാർഷിക ഉത്പാദനം സാദ്ധ്യമാക്കുന്നതിലൂടെ "ലോകത്തിനു ഭക്ഷണവും , ഭൂമിയുടെ സംരക്ഷണവും " എന്ന മുദ്രാവാക്യം ഈ വനിതാ കൂട്ടായ്മയിലൂടെ അർത്ഥ പൂർണ്ണമാവുകയാണ്.
അന്വേഷണങ്ങൾക്ക്
വി. ശ്രീജ
പുത്തൻ തറയിൽ വീട് ഈരേഴ തെക്ക്
ചെട്ടികുളങ്ങര പി.ഒ,
ഫോൺ 0479 2348510, 9446908510
ടി.കെ.വിജയൻ
റിട്ട. ഫാം മാനേജർ
കേരള കാർഷിക സർവകലാശാല
9447595862