നമ്മുടെ ഓരോരുത്തരുടേയും അടുക്കളയിൽ നിന്ന് ദിനം തോറും ധാരാളം പച്ചക്കറി മാലിന്യം ഉണ്ടാവാറുണ്ട്. ഇത് എവിടെ കളയും എന്നതാണ് മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നം. എന്നാൽ അത് കളയാതെ നമുക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വളമാക്കി എടുക്കാവുന്നതാണ്. അതെങ്ങനെ എന്നറിയാം.There is a lot of vegetable waste in the kitchen of each of us every day. The problem most people face is where to dump it. But we can fertilize it in a way that benefits us without losing it. .
വീട്ടിലുണ്ടാകുന്ന ഫുഡ് വേസ്റ്റ് , കേടായ ന്യൂസ് പേപ്പർ, പച്ചില, കരിയില ഇവയെല്ലാം ഒരു മൺ കലത്തിൽ ശേഖരിക്കുക. മൺകലത്തിൽ ശേഖരിച്ചാലുള്ള ഗുണം, കലത്തിൽ ഹോൾസ് ഇടണ്ട എന്നതാണ്. കലം ഇല്ല എങ്കിൽ പഴയ പെയ്ന്റ് ബക്കറ്റ് ആയാലും മതി. അതിൽ ഇടയ്ക്കിടെ സുഷിരങ്ങൾ ഇട്ടു കൊടുക്കണം.
വേസ്റ്റ് നിറയ്ക്കാൻ വച്ചിരിക്കുന്ന പാത്രത്തിലേയ്ക്ക് കുറച്ച് മണൽ നിറയ്ക്കുക. അതിനു ശേഷം കുറച്ച് വേസ്റ്റ് പത്രക്കടലാസുകൾ ചെറുതായി കീറിയിടുക. പത്രക്കടലാസ് ഇടുന്നത് ഈ പാത്രത്തിൽ കാർബണിന്റെ അളവ് കൂട്ടുന്നതിനാണ്. കൂടാതെ ജലാംശം വലിച്ചെടുക്കുകയും ചെയ്യും. അതിന് മുകളിലേയ്ക്ക് കുറച്ച് കരിയില ഇട്ട് കൊടുക്കുക. അതിന്റെ മുകളിലേയ്ക്ക് വീട്ടിൽ ഉപയോഗിച്ച പച്ചക്കറിയുടെ വേസ്റ്റ് ഇടുക. ഓർക്കുക, ഇവയോടൊപ്പം പുളിയുള്ള സാധനങ്ങൾ ഇടരുത്. വെന്ത വസ്തുക്കളും വെള്ളവും പാടില്ല. നാരങ്ങയുടെ തൊലിയും വേണ്ട. നോൺവെജ് വേസ്റ്റൊന്നും പാടില്ല. പഴത്തൊലിയൊക്കെ ചെറുതായി അരിഞ്ഞിടുക.
തേയിലച്ചണ്ടി ഉള്ളിത്തൊലി ഇവയൊക്കെ ദിവസേന കൂട്ടി വച്ചിട്ട് ഈ പാത്രത്തിൽ നിറയ്ക്കാം. ഇതിന് മുകളിലേയ്ക്ക് കുറച്ച് പച്ചില കൂടി വിതറിയിടാം. ശീമക്കൊന്നയുടെ ഇലയാണ് ഏറ്റവും നല്ലത്. അതില്ലെങ്കിൽ മുറ്റത്തെ പുല്ല് പറിച്ചതോ അല്ലെങ്കിൽ വളർത്തുന്ന ചെടികളുടെ ഇലയോ ആയാലും മതി. പച്ചില യിൽ നിന്ന് ആവശ്യത്തിനുളള നൈട്രജൻ ലഭിക്കും. അതിന്റെ മുകളിലേയ്ക്കും കുറച്ച് മണൽ വാരിയിടുക. പിന്നീട് കുറച്ച് മുട്ടത്തോട് പൊടിച്ചിടുക. മുട്ടത്തോട് പച്ചക്കറി വേസ്റ്റിന്റെയൊപ്പം ഇട്ടാലും മതിയാകും. മുട്ടത്തോടിൽ കാൽസ്യം ഉണ്ട്. ഇതിനു മുകളിലേയ്ക്ക് കുറച്ച് പച്ചച്ചാണകം ഇടുക. ചാണകം കിട്ടിയില്ലെങ്കിൽ 3, 4 സ്പൂൺ തൈര് ഒഴിച്ചാലും മതി. ഇനി കുറച്ച് കൂടി മണ്ണ് വിതറുക. ഒരല്പം വെള്ളവും തളിക്കാം. ഒഴിക്കാൻ പാടില്ല. വെള്ളം തളിച്ച് കൊടുക്കുകയേ ആകാവൂ. മുകളിൽ കുറച്ച് ചകിരിച്ചോറും വിതറുക.
ആഴ്ചയിൽ 2 പ്രാവശ്യം ഈ വേസ്റ്റ് കൂട്ട് ഇളക്കിക്കൊടുക്കുക. ഒരു പാത്രത്തിൽ വേസ്റ്റ് നിറയുമ്പോൾ ആ പാത്രം മൂടി തണലത്തേയ്ക്ക് മാറ്റിവയ്ക്കുക. വീണ്ടും ഉണ്ടാവുന്ന വേസ്റ്റ് മറ്റൊരു പാത്രത്തിൽ മുൻപ് ചെയ്തതുപോലെ നിറയ്ക്കാം. ഇങ്ങനെ 3 പാത്രം എങ്കിലും സൂക്ഷിക്കാം. പാത്രങ്ങൾ ഒന്നിന് പുറകേ ഒന്നായി ഒഴിയുമ്പോൾ വീണ്ടും വീണ്ടും നിറയ്ക്കാം. പാത്രത്തിലെ വേസ്റ്റ് ആഴ്ചയിൽ 2 തവണ ഇളക്കാൻ മറക്കരുത്. ആദ്യത്തെ പാത്രത്തിലെ വേസ്റ്റ് ഏകദേശം 60 ദിവസം കഴിയുമ്പോൾ നല്ല ജൈവ വളമായി മാറിയിട്ടുണ്ടാവും. ആ കൂട്ട് ഓരോ കപ്പ് പച്ചക്കറികളുടെ ചുവട്ടിൽ ഇട്ടു കൊടുത്താൽ മതി. ചെടികൾ തഴച്ച് വളരും. വളത്തിൽ പുഴുക്കൾ ഉണ്ടാകുന്നത് സ്വാഭാവികം. ഏതായാലും വളം പുറമേ നിന്ന് വാങ്ങാൻ പോകാതെ വീട്ടിലെ പച്ചക്കറി വേസ്റ്റ് നമുക്ക് പ്രയോജനപ്പെടുത്താം. അടുത്ത പറമ്പിലേയ്ക്ക് വലിച്ചെറിയുകയും വേണ്ട.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇത്തിരിക്കുഞ്ഞൻ കാന്താരിയുടെ ഇമ്മിണി വലിയ ഔഷധ ഗുണങ്ങൾ