വാഴകൃഷിക്ക് ഏറ്റവും വലിയ ഭീഷണിയാണ് തടതുരപ്പൻ പുഴു അഥവാ പിണ്ടിപ്പുഴു. ഇതിന്റെ വണ്ടുകൾക്ക് ഇടത്തരം വലിപ്പവും തിളങ്ങുന്ന ചുവപ്പും കറുപ്പും നിറവും ആണുള്ളത് . വാഴകൾക്ക് ഏതാണ്ട് 4-5 മാസമാകുമ്പോൾ മുതൽ കുലയുടെ ആരംഭം വരെ ഇവയുടെ ആക്രമണം ഉണ്ടാകാം.
പെൺ വണ്ടുകൾ വാഴയുടെ പിണ്ടിയിൽ കുത്തുകളുണ്ടാക്കി പോളകളിലെ വായു അറകളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. നാലഞ്ചുദിവസത്തിനുള്ളിൽ മുട്ടകൾ വിരിഞ്ഞ് വെളുത്ത നിറമുള്ള പുഴുക്കൾ പുറത്തിറങ്ങും. ഇവ പോളയുടെയും വാഴത്തടയുടെയും ഉൾഭാഗം കാർന്നുതിന്ന് ഏതാണ്ട് 25 ദിവസത്തിൽ പൂർണ്ണ വളർച്ചയെത്തും.
ആക്രമണം കൊണ്ട് വാഴ ക്ഷീണിക്കുകയും ഒടിഞ്ഞു വീഴുകയും ചെയ്യുന്നു. പൂർണ്ണ വളർച്ചയായ പുഴു പോളയുടെ അടിയിൽ നാരു കൊണ്ടുണ്ടാക്കിയ കൊക്കൂണിൽ മൂന്നാഴ്ചയോളം സമാധി ദശയിൽ കഴിഞ്ഞു പ്യൂപ്പ വിരിഞ്ഞ് വണ്ടുകൾ പുറത്തുവരും.
നിയന്ത്രണത്തിന് ആദ്യമായി വേണ്ടത് തോട്ടവും വാഴയും വൃത്തിയായി സൂക്ഷിക്കുകയാണ്. ഉണങ്ങിയ വാഴയിലകൾ വെട്ടി മാറ്റുക, രൂക്ഷമായ ആക്രമണമുണ്ടായ വാഴകൾ മാണമുൾപ്പടെ വെട്ടി നുറുക്കി തീയിട്ടു നശിപ്പിക്കുക. കുല വെട്ടിയശേഷം വാഴകൾ ചെറുതായി നുറുക്കി കമ്പോസ്റ്റാക്കുക.
ഉണങ്ങിയ പുറം പോളകൾ അഞ്ചാം മാസം മുതൽ അടർത്തിയെടുത്ത ശേഷം പുറം പോളയിൽ ചെളിയും 3 ശതമാനം വീര്യമുള്ള വേപ്പെണ്ണ എമൽഷനും (30 മില്ലീലിറ്റർ 1 ലിറ്റർ വെള്ളത്തിൽ) കൂട്ടിക്കലർത്തി തേച്ചു പിടിപ്പിക്കുക.
അഞ്ചാം മാസം മുതൽ കാർബാറിൽ 4 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തടയിൽ തളിച്ചും ഇലക്കവിളുകളിൽ നിറച്ചും കീടത്തെ നിയന്ത്രിക്കാം. ജൈവരീതിയിൽ ഇതിനുപകരം നീമസാൾ (1% ഇ.സി) ഉപയോഗിക്കാം. ബിവേറിയ ബാസിയാന (2%), മെറ്റാറൈസിയം അനൈസോപ്ലിയേ (2%) എന്നീ മിത്രകുമിളുകളും മിത്രനിമാ വിരകളും മേൽപ്പറഞ്ഞ രീതിയിൽ പ്രയോഗിക്കാവുന്നതാണ്. വാഴനട്ട് 3-3 മാസമാകുമ്പോൾ വേപ്പിൻകുരു നല്ല പ്രതിരോധമാർഗ്ഗമാണ്.
കെണിവച്ച് വണ്ടുകളെ പിടിക്കുന്നതിനായി പൊടിച്ച് ഒരു വാഴയ്ക്ക് 50 ഗ്രാം എന്ന തോതിൽ ഇലക്കവിളുകളിൽ ഇടുന്നതും വാഴത്തട 50 സെ.മി നീളത്തിൽ മുറിച്ച് നെടുകെ പിളർന്ന് തോട്ടത്തിൽ അവിടവിടെ വയ്ക്കുക. ഇവയിൽ വന്നുകൂടുന്ന വണ്ടുകളെ പിടിച്ച് നശിപ്പിക്കാം.