ഹരിതവർണ്ണമായ ഒരു പച്ചപ്പിന്റെ ലോകം സൃഷ്ടിക്കുക എന്ന ആശയത്തോടെയുള്ള കൊല്ലം കൃഷിഭവന്റെ മികവാർന്ന ഒരു പദ്ധതിയുടെ ഉദാഹരണമാണ് ഹരിതലക്ഷ്മി ആത്മ വനിതാ ഗ്രൂപ്പ്.
അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെൻറ് ഏജൻസിയുടെ പദ്ധതിപ്രകാരം രൂപീകരിച്ചു പ്രവർത്തിച്ചുവരുന്ന ഇരവിപുരം ബ്ലോക്ക് ലെവൽ നഴ്സറി ആണ് "ഹരിതലക്ഷ്മി".
ഹരിതലക്ഷ്മിയുടെ തുടക്കം (Start of Harithalekshmi)
2015 ൽ പതിനെട്ടോളം അംഗങ്ങളുമായി കൊല്ലത്ത് മേടയിൽ മുക്കിൽ ഏകദേശം 50 സെൻറ് സ്ഥലത്ത് ഇതിന് തുടക്കം കുറിച്ചു. 50 സെൻറ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് തുടങ്ങിയ ഇവർ പിന്നീട് ജൈവജീവാണു വളം ആയ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ചത്, ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ്, ജീവാമൃതം, പഞ്ചഗവ്യം എന്നിവ തയ്യാറാക്കി വിപണനം ചെയ്തു തുടങ്ങി. കൂടാതെ കൃഷിവകുപ്പിൽ നിന്ന് അംഗങ്ങൾക്ക് ലഭിച്ചിട്ടുള്ള നിരന്തര പരിശീലനവും കൃഷി വകുപ്പ് ജീവനക്കാരുടെ സന്ദർശനവും അതാത് സമയത്ത് വേണ്ട രീതിയിലുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ ഗ്രൂപ്പിനെ മികച്ച ഒരു നേഴ്സറി ആയി വളർത്തിക്കൊണ്ടുവരാൻ സഹായിച്ചു.
സെക്രട്ടറി രാജശ്രീയും പ്രസിഡണ്ട് ശ്രീരൂപ ടീച്ചറും വിപണിയെ മികച്ചതാക്കാൻ കാലാനുസൃതമായ പദ്ധതികളും ആശയങ്ങളും അംഗങ്ങളുടെ സഹായത്തോടെ ഇവിടെ നടപ്പിലാക്കി. ഇതിൻറെ ഫലമായി കാർഷിക വിഭവ വിപണനകേന്ദ്രം, തുണിസഞ്ചി ,കൊപ്ര ഉണക്കി ആട്ടിയെടുത്ത വെളിച്ചെണ്ണ (Coconut oil) വിൽപ്പന, ഗ്രോബാഗ് നിറച്ചു പച്ചക്കറിതൈ ഉൾപ്പെടെ വിതരണം, മൈക്രോ ഗ്രീൻ തയ്യാറാക്കൽ എന്നിങ്ങനെ വിവിധ മേഖലകളിൽ അവരുടേതായ കയ്യൊപ്പ് പതിപ്പിച്ചു.
ഗുണമേന്മയുള്ള ഹൈബ്രിഡ് പച്ചക്കറി തൈകൾ (Good Quality Hybrid seeds)
കൃഷി വകുപ്പിൽ നിന്ന് അനുവദിച്ച സാമ്പത്തിക സഹായങ്ങൾ മൂലം 5000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള പോളിഹൗസ് സ്ഥാപിക്കുകയും തുടർന്ന് പച്ചക്കറിതൈ ഉൽപ്പാദന മേഖലയിലേക്ക് എത്തുകയും ചെയ്തു.
കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതികൾക്കും, ജനകീയ ആസൂത്രണ പദ്ധതികൾക്കും ആവശ്യമായ ഗുണമേന്മയുള്ള ഹൈബ്രിഡ് പച്ചക്കറി തൈകൾ ഉത്പാദിപ്പിച്ച് അതാത് സമയങ്ങളിൽ വിതരണം ചെയ്യാൻ കഴിഞ്ഞത് ഇവരുടെ എടുത്ത് പറയേണ്ട മേന്മയാണ്. ഇതിനാൽ ഇന്ന് ഇവിടെ ഏകദേശം പത്ത് ലക്ഷത്തോളം തൈകൾ വർഷാവർഷം വിറ്റുപോകുന്നുണ്ട്.
അതോടൊപ്പം 2017ൽ തൃശ്ശൂരിൽ നടന്ന വൈഗയിൽ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനും എത്തിക്കുകയും ചെയ്തു.
വലതു കൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്ന ചിന്താഗതി ആയിരിക്കാം ഇവരെ ലാഭത്തിനുപരി സാമൂഹ്യ സേവനത്തിന് പ്രേരിപ്പിച്ചത്.
കേരളത്തിനെ കണ്ണീരിലാഴ്ത്തിയ പ്രളയക്കെടുത്തി സമയത്ത് കുട്ടനാട്ടിൽ പോയി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പിന്നീട് കോവിഡ് മഹാമാരിയുടെ പിടിയിലമർന്നു പോയ ജനസമൂഹത്തിന് ഒരു ആശ്വാസമേകാൻ വിവിധ പ്രവർത്തനങ്ങളിൽ സജ്‌ജരായി പ്രവർത്തിച്ചു. എല്ലാവരും കൃഷിയിൽ വ്യാപൃതരാകണം എന്ന് കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നയുടൻ തന്നെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ കർഷകർക്ക് കുറഞ്ഞ നിരക്കിൽ പച്ചക്കറി തൈ വിതരണം ചെയ്തു.
അതോടൊപ്പം ഒന്നരലക്ഷം രൂപയുടെ പച്ചക്കറി തൈകൾ ഇരവിപുരം ബ്ലോക്കിന്റെ 9 കൃഷിഭവനുകളിൽ സൗജന്യമായി നൽകുകയുണ്ടായി. കൊല്ലം കോർപ്പറേഷൻറെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണ് ആവശ്യമായ കാർഷിക ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം ചെയ്തു
ഇന്ന് നിലവിലുള്ള 18 അംഗങ്ങളുടെ കൂട്ടായ പ്രവർത്തനവും ഒരുമയും അവരുടെ കുടുംബ സാമ്പത്തിക പശ്ചാത്തലം മെച്ചപ്പെടുത്തി. അതോടൊപ്പം കൊല്ലത്ത് ഇരവിപുരം ബ്ലോക്ക് പരിധിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ഹരിതലക്ഷ്മി നഴ്സറിയുടെ പച്ചക്കറിതൈകൾ ആവശ്യപ്പെടാറുണ്ട്.
അതിനാൽ കൊല്ലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഇരവിപുരം ബ്ലോക്ക് ലെവൽ ഹരിത ലക്ഷ്മി നഴ്സറി കൃഷിവകുപ്പിന് മാത്രമല്ല ചെറുതും വലുതുമായ കർഷകർക്ക് പച്ചക്കറികൃഷിയിൽ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നു.
പ്രകാശ് ടി
അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ
കൃഷിഭവൻ കൊല്ലം