മലയാളക്കരയുടെ തനതു കൃഷി സമ്പ്രദായമായ സമ്മിശ്ര പുരയിട കൃഷിയില്‍ തെങ്ങിനോടൊപ്പം ഒരിടം എന്നും കവുങ്ങിനുമുണ്ട്. ഇത് പ്രധാനമായും കുരുമുളക് കൊടിയോ വെറ്റിലക്കൊടിയോ നട്ടുവളര്‍ത്താനാണെങ്കില്‍ പോലും കര്‍ഷകന്റെ മൊത്ത വരുമാനത്തിലെ ഒരു ഓഹരി അടക്കയില്‍ നിന്നുമാണ്. എന്നാല്‍ ഒരു വരുമാനം എന്നതിലുപരി നടപ്പാതയോരങ്ങള്‍ അലങ്കരിക്കാവുന്ന ഒരു വിളയായി രീതിയില്‍ ഉദ്യാന കൃഷിയിലും അടയ്ക്കാമരം സ്ഥാനം പിടിക്കുന്നു എന്നു വന്നാലോ? സംഗതി വാസ്തവമാണ്. അതിപുരാതന കാലം മുതലേ അടയ്ക്കയുടെ ഔഷധ ഗുണങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ രീതിയില്‍ വ്യവസായ സംരംഭങ്ങള്‍ ഒന്നും തന്നെ ഇന്നും വളര്‍ന്നു വന്നിട്ടില്ല. ഭാരത സംസ്‌ക്കാരത്തിന്റെ ഒട്ടുമിക്ക ആചാരങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നല്ല പഴുത്ത് ചുവന്ന അടയ്ക്കയും കവുങ്ങിന്‍ പൂങ്കുലകളും. വെറ്റിലയും അടയ്ക്കയും ചേര്‍ന്ന 'താംബൂലം' സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും അടയാളമാണ്. അടയ്ക്കയുടെ ചകിരിയില്‍ നിന്നും ഇലയുടെ താഴ് ഭാഗത്തുളള പാളയില്‍ നിന്നും വിവിധ ഉല്‍പ്പന്നങ്ങള്‍ വ്യവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നു. അടയ്ക്ക ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയുടെ 85% ഉത്പാദനവും കര്‍ണ്ണാടക, കേരളം തുടങ്ങി തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ഒതുങ്ങി നില്‍ക്കുന്നു. ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുളള കേരളത്തില്‍ ചിട്ടയായി പരിപാലിക്കുന്ന അടയ്ക്കാ തോട്ടങ്ങള്‍ കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ കാണാം.
മഞ്ഞളിപ്പും മഹാളിരോഗവും അടയ്ക്കാ ഉത്പാദനത്തെ കാര്യമായി ബാധിച്ചുവെങ്കിലും ഉത്പാദന ചെലവ് കുറയ്ക്കാനും ഇതര കൃഷി പരിപാലന മുറകള്‍ ലഘൂകരിക്കാനും കുളളന്‍ കവുങ്ങ് ഇനങ്ങള്‍ക്ക് പ്രിയമേറുന്നു. കാറ്റ് പിടുത്തതിനുളള സാധ്യത കുറയ്ക്കുവാനും സൂര്യാഘാതം കുറയ്ക്കാനും കുറിയ ഇനങ്ങള്‍ക്ക് കഴിവുണ്ട്. മാത്രമല്ല നല്ല പഴുത്തുതുടുത്ത ചെമ്പഴുക്കയും പൂങ്കുലയും അനായാസം കൈകുമ്പിളിലാക്കാം എന്ന സന്തോഷം വേറെയും.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര അടയ്ക്കാ സുഗന്ധവിള ഡയറക്ടറേറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിപണിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സെന്‍ട്രല്‍ അരക്കനട്ട് മാര്‍ക്കറ്റിംഗ് ആന്റ് പ്രോസ്സസിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (CAMPCO) ചെയ്തു വരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം മേഖല കാര്യാലയങ്ങള്‍ ഉണ്ട്.
കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ 1947 ല്‍ കവുങ്ങു കൃഷി പ്രോത്സാഹനത്തിന് തുടങ്ങി വച്ച അഡ്‌ഹോക്ക് കമ്മിറ്റി 1956 ല്‍ കര്‍ണ്ണാടകയിലെ വിറ്റല്‍ ആസ്ഥാനമാക്കി സെന്‍ട്രല്‍ അടയ്ക്കാ ഗവേഷണ കേന്ദ്രമായി ചിട്ടയായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1970 ല്‍ കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം സ്ഥാപിതമായതോടെ ഇത് ഒരു മേഖലാ ഗവേഷണ കേന്ദ്രമായി. ഇന്ന് അടയ്ക്കാ മരത്തില്‍ നിലവിലുളള ഏറ്റവും വിപുലമായ ജനതികശേഖരം ഇവിടെയാണ് ഉളളത്.
ഏറെ സഹായങ്ങള്‍ ഈ വിളയുടെ കൃഷിവ്യാപ്തി കൂടുന്നതിന് ഇല്ലെങ്കിലും അത്യുത്പാദനശേഷിയുളള പുത്തന്‍ ഇനങ്ങളും കുറിയ ഇനങ്ങളും ഇന്നും പ്രോത്സാഹിപ്പിച്ചു വരുന്നു. ശരാശരി 3 കിലോ ഉണങ്ങിയ അടയ്ക്ക ലഭിക്കുന്ന ഇനങ്ങളാണ് പൊതുവില്‍ അംഗീകരിക്കപ്പെടാറ്. കൃഷിചെലവ് താരതമ്യേന കുറവാകും എന്നതിനാല്‍ വിളവ് അല്പം കുറഞ്ഞാലും കുറിയ ഇനങ്ങളും പ്രോത്സാഹനമര്‍ഹിക്കുന്നുണ്ട്.
മേന്മയുളള ഇനങ്ങള്‍കേരളത്തില്‍ ആദ്യകാലങ്ങളില്‍ പ്രചുര പ്രചാരത്തിലിരുന്ന 'മംഗള' ഇനത്തിനോടുളള താല്പര്യം ഇന്ന് പൊതുവില്‍ കുറവാണ്. ഏതാണ്ട് 10 കിലോ പഴുത്തടയ്ക്കയാണ് മംഗള എന്ന ഇനത്തില്‍ പ്രതീക്ഷിക്കാവുന്നത്. എന്നാല്‍ ഏതാണ്ട് 15 മുതല്‍ 20 കിലോ പഴുക്കടക്ക ലഭിക്കുന്ന 'മോഹിത് നഗര്‍' എന്ന ഇനത്തോടാണ് ഇന്ന് ഏറെ പ്രിയം. ഏതാണ്ട് മൂന്നര കിലോ ഉണക്കടയ്ക്ക പ്രതീക്ഷിക്കാം. മാത്രമല്ല ഒട്ടുമിക്ക കായ്കളും ഒരേ രൂപവും വലിപ്പവും ഉളളതാണെന്നതിനാല്‍ വിപണിയില്‍ ന്യായ വില ഉറപ്പാക്കാനും ആകും. മലയോര മേഖലയിലേക്ക് അനുയോജ്യമായ സിര്‍സി എസ് എ എസ് എന്ന ഇനവും അത്യുല്‍പാദന ശേഷിയുളളവയാണ്. അതിനൂതന ഇനങ്ങളായ 'മധുരമംഗള'യും 'നല്‍ബാറി'യും അധികം പ്രചാരത്തില്‍ ആയിട്ടില്ല. മേല്‍പ്പറഞ്ഞവയെല്ലാം കര്‍ണ്ണാടക വിറ്റല്‍ കേന്ദ്ര തോട്ട വിള ഗവേഷണ മേഖലാ കേന്ദ്രത്തില്‍ നിന്നുളളതാണ്
ഹിരഹളളി ഡ്വാര്‍ഫ്' ഒരു പ്രകൃതി ജന്യ കുറിയ ഇനം ആണ്. നിര്‍ദ്ധാരണം വഴി വികസിപ്പിച്ച ഈ ഇനം ഉത്പാദനത്തില്‍ അല്പം പുറകിലാണെങ്കില്‍ പോലും ഉയരക്കുറവുളളതുകൊണ്ട് ഏറെ ശ്രദ്ധ പറ്റിയതാണ്. ഗോവയിലെ കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തീര ദേശ ഗവേഷണ സ്ഥാപനത്തില്‍ ഈ കുളളന്‍ ഇനങ്ങളുടെ അതിസാന്ദ്ര കൃഷി രീതിയില്‍ ഏറെ പഠനങ്ങള്‍ നടത്തിട്ടുളളതാണ്. ഈ രീതിയില്‍ ഉത്പാദനം കുറഞ്ഞ കുറിയ ഇനം കവുങ്ങുകള്‍ ഇടയകലം കുറച്ചു നടന്നതു വഴി ഒരു നിശ്ചിത കൃഷിയിടത്തില്‍ നിന്നുമുളള മൊത്തം ഉത്പാദനം ക്രമപ്പെടുത്തുവാന്‍ കഴിയും. പരമാവധി ആറടി ഉയരം വരെ ഈ ഇനത്തിനു കാണൂ. മരമൊന്നിന്റെ ഉത്പാദനം ശരാശരി 2 കിലോ ഉണക്ക അടക്ക മാത്രമാണ്. ഉയരക്കുറവ് ഉളള ഈ ഇനങ്ങള്‍ക്ക് ഉദ്യാനകൃഷിയിലുളള സാധ്യതയും കൂട്ടുന്നു.
സങ്കരകുറിയ ഇനങ്ങള്‍
വളരെ അടുത്ത കാലത്ത് ഇതേ സ്ഥാപനം രണ്ട് സങ്കര കുറിയ ഇനങ്ങള്‍ പുറത്തിറക്കിയിരുന്നു. വിറ്റല്‍ ഹൈബ്രിഡ് (VTALH) 1 ഉം 2 ഉം എന്ന പേരില്‍ പുറത്തിറക്കിയ ഇനങ്ങള്‍, ഉയരകുറവ് കൊണ്ട് മാത്രം അത്യാകര്‍ഷണം ഉളളവയാണ.് ശരാശരി അടയ്ക്കാ ഉത്പാദനം രണ്ടു മുതല്‍ രണ്ടര കിലോ ഉണക്ക മാത്രമാണ്. ഏകദേശം 4 മുതല്‍ 5 അടി ഉയരം മാത്രമേ ഇവയ്ക്കു ഉണ്ടാകുകയുളളൂ.
വിറ്റല്‍ ഹൈബ്രിഡ് 1 'ഹിരഹളളി ഡ്വാര്‍ഫ്' ഉം 'സുമംഗള'യും ചേര്‍ന്നുളള ഒരു സങ്കര ഇനമാണ്. വിറ്റല്‍ ഹൈബ്രിഡ് 2 എന്നത് 'മോഹിത് നഗര്‍' ഉം 'ഹിരഹളളി ഡ്വാര്‍ഫ്' ഉം ചേര്‍ന്ന സങ്കരയിനമാണ്. ഇവ രണ്ടും രണ്ടാം വര്‍ഷം മുതല്‍ കായഫലം തരുന്നത് ഈ ഇനത്തിന്റെ മേന്മയാണ്.
ഇന്റര്‍സെ മംഗള
മംഗളയുടെ പ്രത്യേക രൂപ ഭംഗിയോടെ താല്പര്യമുളള കര്‍ഷകന് കുറിയ മരങ്ങള്‍ നല്‍കുന്നതിന് വിറ്റാല്‍ തോട്ട ഗവേഷണ കേന്ദ്രം നിയന്ത്രിത പരാഗണ രീതിയില്‍ കൂടി വികസിച്ച ഇനമാണ് ഇന്റര്‍സെ മംഗള. മംഗളയുടെ തിരഞ്ഞെടുത്ത കുറിയ ഇനത്തില്‍ മംഗളയുടെ തന്നെ പൂമ്പൊടി കൃത്രിമമായി ബീജ സങ്കലനം നടത്തി ഉത്പാദിപ്പിക്കുന്ന ഇന്റര്‍സെ മംഗള ആകാരത്തില്‍ താരതമ്യേന ഉയരം കുറഞ്ഞവ തന്നെയാണ്.
ഡോ. ജലജ എസ് മേനോന്‍,
അസി. പ്രൊഫസര്‍
കേരള കാര്‍ഷിക സര്‍വകലാശാല,
ഫോണ്‍: 9446141724