വേനൽമഴ ലഭിക്കുന്നതോടു കൂടി നിലം നാലോ അഞ്ചോ പ്രാവശ്യം ഉഴുത് ഒരു മീറ്റർ വീതിയും 15 സെ.മി ഉയരവും ആവശ്യാനുസരണം നീളവുമുള്ള വാരങ്ങൾ 50 സെ.മീ. അകലത്തിൽ എടുക്കണം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ 40 സെ.മി അകലത്തിൽ ചാലുകൾ എടുക്കേണ്ടതാണ്. മൂട് ചീയൽ രോഗമുള്ള സ്ഥലങ്ങളിലും നിമാവിരകൾ ഉള്ള മണ്ണിലും വാരങ്ങൾ 40 ദിവസത്തേക്ക് സൂര്യതാപീകരണം ചെയ്തതിനു ശേഷം ഇഞ്ചി നടാം.
ഇഞ്ചി നടീൽ
ഇഞ്ചി നടുന്നതിന് പ്രകന്ദങ്ങളാണ് ഉപയോഗിക്കുന്നത്. പ്രകന്ദങ്ങൾക്ക് 2.5 സെ.മി മുതൽ 5.0 സെ.മി നീളവും 20 മുതൽ 25 ഗ്രാം ഭാരവും ഒന്നോ രണ്ടോ മുകുളങ്ങളും ഉണ്ടായിരിക്കണം. പ്രദേശങ്ങൾക്ക് അനുസരിച്ചും കൃഷിരീതികൾക്കനുസൃതമായും വിത്തിൻ്റെ അളവിൽ വ്യത്യാസം വന്നു എന്നു വരാം.
കേരളത്തിൽ ഒരു ഹെക്ടറിന് 1500 1800 കി.ഗ്രാം വിത്ത് ആവശ്യമാണ്. എന്നാൽ മലയോര പ്രദേശങ്ങളിൽ 2000-2500 കി.ഗ്രാം വിത്ത് വേണ്ടി വരും. വിത്തിഞ്ചി നടുന്നതിനു മുമ്പ് 0.3% വീര്യമുള്ള മാങ്കോസബ് ലായനിയിൽ 30 മിനിട്ട് മുക്കിയ ശേഷം 3-4 മണിക്കൂർ തണലിൽ ഉണക്കിയതിനു ശേഷം നടുവാൻ ഉപയോഗിക്കുന്നു. വാരങ്ങളിൽ 25 സെ.മി. അകലത്തിൽ നിര നിരയായി കുഴികൾ എടുത്ത് കുഴികളിൽ ചാണകപ്പൊടി വിതറി മണ്ണുമായി ഇളക്കിച്ചേർക്കുക. മുകുളങ്ങൾ മുകളിൽ വരത്തക്കവണ്ണം തിരശ്ചീനമായി വേണം ഇഞ്ചിവിത്തുകൾ നടുവാൻ.
വളപ്രയോഗം
കാലിവളമോ കമ്പോസ്റ്റോ ഹെക്‌ടർ ഒന്നിന് 25-30 ടൺ എന്ന നിരക്കിൽ അടിവളമായി നൽകണം. 1 ഹെക്‌ടറിന് 2 ടൺ വേപ്പിൻ പിണ്ണാക്ക് അടിവളമായി ചേർക്കുന്നത് മൂട്‌ചീയൽ രോഗവും നിമാവിരകളുടെ ആക്രമണവും നിയന്ത്രിക്കുവാൻ സഹായിക്കും.
ശുപാർശ ചെയ്തിട്ടുള്ള രാസവളം ഒരു ഹെക്ടറിന് നൈട്രജൻ 75 കി.ഗ്രാം, ഫോസ്‌ഫറസ് 50 കി.ഗ്രാം, ക്ഷാരം75 കി.ഗ്രാം. എന്നിങ്ങനെയാണ്.
ഇവയിൽ സൂപ്പർ ഫോസ്‌ഫേറ്റും പകുതി പൊട്ടാഷും അടിവളമായാണ്. നൽകേണ്ടത്. പകുതി പൊട്ടാഷും അവശേഷിക്കുന്ന നൈട്രജനും കൂടി നട്ടതിന് 90 ദിവസം കഴിഞ്ഞു നൽകണം. വളം ഇട്ടു കഴിഞ്ഞതിനു ശേഷം വാരങ്ങൾ മണ്ണിട്ടു മൂടുക. സിങ്കിൻ്റെ അഭാവമുള്ള പ്രദേശങ്ങളിൽ സിങ്ക് സൾഫേറ്റ് ഹെക്‌ടർ ഒന്നിന് 5 കി.ഗ്രാം തോതിൽ നൽകണം.