മഞ്ഞളിൻ്റെ മുകുളങ്ങളുള്ള പ്രകന്ദങ്ങളുടെ ഭാഗങ്ങളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. മഞ്ഞൾ നല്ല രീതിയിൽ മുളയ്ക്കുന്നതിന് നടുന്നതിനു മുൻപ് വേണ്ട വിധത്തിൽ സംഭരിച്ചിരിക്കണം. ജൈവ കൃഷിരീതിയിൽ മഞ്ഞൾ ഉൽപാദിപ്പിക്കുന്നതിനു വേണ്ടി ജൈവ കൃഷിരീതിയുടെ ചട്ടങ്ങൾ പാലിച്ച് ഉൽപ്പാദിപ്പിച്ച മഞ്ഞളാണ് വിത്തിനായി ഉപയോഗിക്കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന മഞ്ഞളിന്റെ അഭാവത്തിൽ പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിച്ച മഞ്ഞൾ വിത്തിനായി ഉപയോഗിക്കാം. ഇവ ജൈവ കൃഷിരീതിക്കു വേണ്ടി അനുവദിച്ച സസ്യ സംരക്ഷണ ഉപാധികളായ വേപ്പെണ്ണ, ബോർഡോ മിശ്രിതം തുടങ്ങിയവ ഉപയോഗിച്ച് കൃഷി ചെയ്‌തതായിരിക്കണം. പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിച്ച മഞ്ഞളിൻ്റെ ലഭ്യതയുടെ അഭാവത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ച മഞ്ഞൾ ചില നിബന്ധനകളും നിർദ്ദേശങ്ങളും പാലിച്ച് ഉപയോഗിക്കാം.
വിത്തു മഞ്ഞൾ സംഭരണം
ശരിയായ രീതിയിൽ വിത്ത് മഞ്ഞൾ സംഭരിക്കുന്നതിനായി സ്ഥലത്തിൻ്റെ ഊഷ്‌മാവ് 22-25 ഡിഗ്രി സെൽഷ്യസായി നിലനിർത്തണം. ഊഷ്‌മാവ് 28 ഡിഗ്രി സെൽഷ്യസ് കൂടിയാൽ മഞ്ഞൾ നിർജ്ജലീകരിച്ച് വണ്ണം കുറഞ്ഞ് ആരോഗ്യമില്ലാത്തതായി തീരുന്നു. മഞ്ഞളിന് നല്ല ബീജാങ്കുരണശേഷി ഉറപ്പുവരുത്തുന്നതിന് തണലുള്ള സ്ഥലത്ത് കുഴിയെടുത്താണ് സൂക്ഷിക്കേണ്ടത്. നല്ല വലിപ്പമുള്ളതും രോഗ കീടബാധ ഇല്ലാത്തതുമായ പ്രകന്ദങ്ങളാണ് വിത്തിനായി ഉപയോഗിക്കേണ്ടത്. വിത്ത് മഞ്ഞൾ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതലായനിയിൽ 20 മിനിട്ട് മുക്കിയ ശേഷം തണലിലിട്ട് വെള്ളം വാർത്തെടുക്കുക.
1x1 x 1 മീറ്റർ വലിപ്പമുള്ള അരികുവശം കല്ലു കൊണ്ടോ ഇഷ്ടികകൊണ്ടോ ഉൾവശം കെട്ടി ചാണകം മെഴുകിയതുമായ കുഴിയിൽ മഞ്ഞൾ സൂക്ഷിക്കാം. കുഴിയുടെ അടിയിൽ 5 സെ.മീ കനത്തിൽ മണലോ അല്ലെങ്കിൽ അറക്കപൊടിയോ വിതറുക. അതിനു മുകളിൽ ഒരടി വിത്ത് മഞ്ഞൾ അടുക്കുക.
കുഴി നിറയുന്നതുവരെ പല നിരകളായി മഞ്ഞൾ അടുക്കി വെച്ചതിനു ശേഷം വായു സഞ്ചാരത്തിനായി കുഴിയുടെ മുകൾഭാഗത്ത് 10 സെ.മി സ്ഥലം ഒഴിച്ചിടണം, കുഴി ചെറിയ മരപ്പലക ഉപയോഗിച്ച് മുടിയിടാം.
ഷെഡ്ഡിൽ സൂക്ഷിക്കുന്നതു പോലെ വായുസഞ്ചാരവും തണലുമുള്ള പ്രദേശങ്ങളിൽ മഞ്ഞൾ കൂനകൂട്ടി മഞ്ഞളിലകൾ അല്ലെങ്കിൽ പാണലിന്റെ ഇലകൾ ഉപയോഗിച്ച് മൂടിയും സംഭരിക്കാം.രോഗങ്ങളുടെയും കീടാണുക്കളുടേയും അളവ് കുറയ്ക്കുന്നതിനു വേണ്ടി സംഭരിച്ചു വച്ചിരിക്കുന്ന മഞ്ഞൾ മാസത്തിലൊരിക്കൽ തുറന്നു പരിശോധിക്കുകയും കേടായതും അഴുകിയതുമായ മഞ്ഞൾ ഉണ്ടെങ്കിൽ അവ ഒഴിവാക്കുകയും ചെയ്യണം.