സാമ്പത്തികമായി പ്രാധാന്യമുള്ള ഇഞ്ചി വർഗമാണ് കരിമഞ്ഞൾ (കുർകുമ സീസിയ റോക്സ്ബ്.). ഇതിന്റെ ഭൂകാണ്ഡം ധാരാളം പാരമ്പര്യ മരുന്നുകളിൽ ഉപയോഗിച്ചു വരുന്നു. ആയുർവേദത്തിൽ നരകാചുർ എന്നും യൂനാനിയിൽ സിയാഹ് ഹൽദി അല്ലെങ്കിൽ കാലി ഹൽദി എന്നും ഇത് അറിയപ്പെടുന്നു. തെക്കു കിഴക്കൻ ഏഷ്യയിൽ ഉത്ഭവിച്ച കരിമഞ്ഞൾ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. ഏകദേശം 1.0-1.5 മീറ്റർ ഉയരത്തിൽ വളരുന്ന, തണ്ടുകളുള്ള വളരെ ക്കാലം നിലനിൽക്കുന്ന ഓഷധിയാണ് ഇത്.
മഞ്ഞൾ ഇലകളിൽ നിന്ന് വ്യത്യസ്തമായി, ഇലകളുടെ നടുവിൽ ഇരുണ്ട ചുവപ്പ് കലർന്ന ഇരുണ്ട നിറമുണ്ട്. ഉപരിതലത്തിൽ രോമങ്ങൾ ഉണ്ട്. ഭൂകാണ്ഡം ഇഞ്ചിവർഗത്തിലെ മറ്റു കിഴങ്ങുകളെ പോലെ കട്ടിയുള്ളതല്ല, മറിച്ച് മുട്ടയുടെ ആകൃതി യിലുള്ളതും അറ്റം കൂർത്തതുമായ ഭൂകാണ്ഡങ്ങളാണ് ഇവയ്ക്കുള്ളത്.
കരിമഞ്ഞളിന് കടുത്തതും, രൂക്ഷമായതുമായ എരിവാണ്. ആസ്വാദ്യമായ ഗന്ധവും ഇവയ്ക്കുണ്ട്. ഉണങ്ങിയ ഭൂകാണ്ഡത്തിൽ 1.6% അവശ്യതൈലം അടങ്ങിയിരിക്കുന്നു.
ബാക്ടീരിയ, പൂപ്പൽ എന്നിവയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. വിരേചനൗഷധമായും ഇത് ഉപയോഗിക്കുന്നു. വെള്ളപ്പാണ്ട്, മൂലക്കുരു, ബ്രോങ്കൈറ്റിസ്, വലിവ്, ശരീരമുഴകൾ, കഴുത്തിലെ ട്യൂബർ കുലസ് ഗ്രന്ഥികൾ, പ്ലീഹയുടെ വീക്കം, അപസ്മാര രോഗത്തെ തുടർന്നുള്ള കോച്ചിപ്പിടുത്തം, എരിച്ചിൽ, അലർജി മൂലമുള്ള അസ്വസ്ഥതകൾ എന്നിവയുടെ ചികിത്സയ്ക്ക് കരിമഞ്ഞളിന്റെ ഭൂകാണ്ഡം ഉപയോഗിക്കുന്നു.