Updated on: 24 March, 2020 11:57 AM IST
Arrow root plant
ആരോഗ്യ രക്ഷകന്‍ കൂവ
 
- എ.വി.നാരായണന്‍, കണ്ണൂര്‍, E mail- narayanavarondhan@gmail.com
 
പണ്ടുകാലത്ത് ഒരു വീട്ടില്‍ പോലും കൂവയില്ലാത്ത പറമ്പുകള്‍ ഉണ്ടായിരുന്നില്ല. അടുക്കള ഭാഗത്ത് കടും പച്ചനിറത്തിലുള്ള ഇലകളോടെ തലയുയര്‍ത്തി നിന്നിരുന്നു കൂവച്ചെടികള്‍. കുഞ്ഞുങ്ങള്‍ക്കും രോഗികള്‍ക്കും നല്‍കിവന്ന പോഷകമൂല്യങ്ങളുടെ കലവറയാണ് കൂവപ്പൊടി. കേരളത്തിലെ മണ്ണും കാലവസ്ഥയും കൂവകൃഷിക്ക് അനുയോജ്യമാണ്. നമുക്ക് പരിചയമുള്ള ആരോ റൂട്ട് കൂവപൊടികൊണ്ടാണ് ഉണ്ടാക്കുന്നത്.
Arrow root for processing
കൂവ കൃഷി
 
തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍ തോപ്പിലും റബ്ബര്‍ തോട്ടത്തിലും ഉപയോഗശൂന്യമായ സ്ഥലത്തും ഇടവിളയായും തനിവിളയായും കൂവ കൃഷി ചെയ്യാവുന്നതാണ്. കൂവ തനിവിളയായി കൃഷി ചെയ്യുന്നത് പൊതുവെ കുറവാണ്. പറമ്പുകളില്‍ കൂവ കൃഷി ചെയ്താല്‍ കീടങ്ങളെ അകറ്റാന്‍ കഴിയുമെന്നും പഴമക്കാര്‍ പറയുമായിരുന്നു. ഇത് ശരിയാണെന്ന് കൃഷി ശാസ്ത്രം പിന്നീട് തെളിയിച്ചു. തെങ്ങ്,കവുങ്ങ് തോട്ടങ്ങളില്‍ കീടപ്രതിരോധത്തിന് കൂവയെ ആശ്രയിക്കാന്‍ കഴിയും. നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കന്നുകാലി വളമൊ കോഴിക്കാഷ്ടമോ മറ്റെന്തെങ്കിലും ജൈവവളമോ ഇട്ട് നിലം നല്ലവണ്ണം കിളച്ച് മണ്ണ് പരുവപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പുതുമഴ വരുന്ന സമയത്ത് വിത്തുകള്‍ ചെറിയ കഷണങ്ങളായി മുറിച്ച്, മണ്ണുമാന്തികൊണ്ട് ചേറുചാലുകളുണ്ടാക്കി ,അതില്‍ നട്ടുകൊടുക്കുക. എന്നിട്ട് മണ്ണ് തടവി ശരിയാക്കിയശേഷം ഉണങ്ങിയ ഓലയോ കരിയിലയോ പച്ചിലയോ മുകള്‍ഭാഗത്ത് വിരിക്കുക. ഇത് പെട്ടെന്ന് കിളിര്‍ത്തുവരാന്‍ സഹായിക്കും. കൂവ കൃഷിക്ക് വലിയ അധ്വാനം ആവശ്യമില്ല. കീടങ്ങളുടെയോ രോഗങ്ങളുടെയോ ഉപദ്രവങ്ങളും കുറവാണ്. മെച്ചപ്പെട്ട വിളവ് കൂവയില്‍ നിന്നും പ്രതീക്ഷിക്കാം.പൊതുകൂവ ഒരു പ്രാവശ്യം ചെയ്ത സ്ഥലത്ത് അടുത്ത വര്‍ഷത്തെ വിളവ് ചെറിയ തോതിലുണ്ടാവും. കൂവയുടെ വകഭേദങ്ങളെ ബിലിത്തി കൂവ, നാടന്‍ കൂവ, മഞ്ഞക്കൂവ,നിലക്കൂവ, ഔഷധക്കൂവ എന്നിങ്ങനെ അറിയപ്പെടുന്നു. കൂടാതെ പഴയ കാലത്ത് ദാരിദ്ര്യത്തില്‍ മുങ്ങിച്ചാവുന്ന സമയത്ത് കാട്ടുകൂവ കിഴങ്ങുകളും മനുഷ്യര്‍ കഴിച്ചിരുന്നു. 
Arrow root
കൂവപ്പൊടി ഉണ്ടാക്കുന്ന വിധം
 
പഴമക്കാര്‍ കൂവക്കിഴങ്ങ് നെല്ല് പുഴുങ്ങുമ്പോള്‍ അതില്‍ വച്ചാണ് വേവിച്ചെടുക്കുക. കിഴങ്ങില്‍ നിന്നും കൂവപ്പൊടി എടുക്കുന്നത് രണ്ട് തരത്തിലാണ്. പച്ചക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞെടുക്കുന്ന ചാറ് വെളളമൊഴിച്ച് നല്ലവണ്ണം കലക്കിയശേഷം തെളിയുവാന്‍ വച്ച് മുകള്‍ ഭാഗത്തെ കറുത്ത വെള്ളം ഒഴിവാക്കി മീതെ വെളളമൊഴിച്ച് കലക്കി വയ്ക്കുന്നു. ഇങ്ങനെ ഏകദേശം ആറ് ദിവസം ആവര്‍ത്തിച്ച ശേഷം അടിമട്ടാകുന്ന നൂറ് ഉണക്കിയെടുക്കുന്നതാണ് ഒരു രീതി. കിഴങ്ങ് നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഉണക്കിയെടുക്കുന്നതാണ് മറ്റൊരു രീതി. നാല് ദിവസത്തെ ഉണക്കിന് ശേഷം കുത്തിപ്പൊടിക്കുകയോ മില്ലില്‍ പൊടിപ്പിക്കുകയോ ചെയ്യും. ഈ പൊടി വലിയ പാത്രത്തിലാക്കി വെളളമൊഴിച്ച് കലക്കി വയ്ക്കും. മുകള്‍ഭാഗത്തെ വെളളത്തിന് കറുപ്പു നിറമായിരിക്കും. നൂറ് അടിയില്‍ കട്ടിയാകുന്നു. മേല്‍വെളളം ആറ് ദിവസം നീക്കം ചെയ്യണം. അപ്പോള്‍ ലഭിക്കുന്ന നൂറ് ഉണങ്ങുവാന്‍ വയ്ക്കണം. അഞ്ചു ദിവസത്തെ ഉണക്കുകൊണ്ട് കൂവപ്പൊടി റഡിയാകും. പന്ത്രണ്ട് കിലോ കൂവയില്‍ നിന്നും ഒരു കിലോ പൊടി കിട്ടുമെന്നതാണ് കണക്ക്. മാര്‍ക്കറ്റില്‍ വലിയ വിലയാണ് കൂവപ്പൊടിക്കുള്ളത്. അതുകൊണ്ടുതന്നെ കുറച്ചു മിനക്കെട്ടാല്‍ വീട്ടില്‍തന്നെ ശുദ്ധമായ കൂവപ്പൊടിയുണ്ടാക്കാം. 
Arrow root payasam
കൂവയുടെ മാഹാത്മ്യം
 
കൂവപ്പൊടി കുട്ടികള്‍ക്ക് കുറുക്കായും ക്ഷീണം മാറാന്‍ ഇലയടയായും പായസമുണ്ടാക്കിയും നല്‍കാം. കിഴങ്ങില്‍ നിന്നും ലഭിക്കുന്ന കറ മനുഷ്യ ശരീരത്തിലെ മുറിവുകളും വൃണങ്ങളും അണുബാധയേല്‍ക്കാതിരിക്കാനുള്ള കവചമായി ഉപയോഗിക്കപ്പെട്ടിരുന്നു. മുകളില്‍ തെളിയുന്ന കറുത്ത ജലം ചെടികള്‍ക്ക് കീടനാശിനിയായി ഉപയോഗിക്കാം. ഈ വെള്ളത്തില്‍ കഞ്ഞിവെള്ളവും 5 മില്ലിലിറ്റര്‍ വേപ്പെണ്ണയും ചേര്‍ത്താണ് കീടനാശിനി ഉണ്ടാക്കുന്നത്. വയറിളക്കത്തിനും ക്ഷീണത്തിനും ഉത്തമമാണ് കൂവ. വീട്ടമ്മമാര്‍ക്ക് ഇത് കൃഷി ചെയ്ത് വീട്ടിലെ ഒരു ഓആര്‍എസായി(ORS) ഇതിനെ ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്ക് കൂവ വെളളം നല്‍കുന്നത് വളരെ നല്ലതാണ്. ഉഷ്ണകാലത്ത് കൂവപ്പൊടി ശരീരത്തെ തണുപ്പിക്കും. അതുകൊണ്ട് മൂത്രച്ചൂട്, മൂത്രപഴുപ്പ്,മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങളെ തടയാന്‍ കഴിയും. മുലകുടി മാറ്റുമ്പോള്‍ കുട്ടികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന വിളര്‍ച്ച മാറ്റിയെടുക്കുവാന്‍ നല്‍കുന്ന പോഷണവും കൂവയാണ്. കൂവയെ വീനിംഗ് (weaning) ഭക്ഷണം എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ മൃദുലമായ വയറിനും ദഹനേന്ദ്രിയ വ്യവസ്ഥകള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്ലൊരു പോഷകസമ്പത്താണ് കൂവപ്പൊടി.
കൂവപ്പൊടി വ്യവസായം
 
ഗുണമേന്മയും ഔഷധവീര്യവും രോഗപ്രതിരോധ ശേഷിയും അന്നജ ലഭ്യതയുമുള്ള കൂവ വലിയ അധ്വാനമില്ലാതെ കൃഷി ചെയ്ത് വളര്‍ത്തിയെടുക്കുവാന്‍ നമ്മുടെ കുടുംബശ്രീയോ മറ്റ് സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ തയ്യാറുള്ള അളുകളോ മുന്നിട്ടു വരാത്തത് എന്തുകൊണ്ടാണ് എന്നറിയില്ല.എല്ലാ വീടുകളിലും ഒരു കരുതലായി നമുക്ക് കൂവകള്‍ വച്ചുപിടിപ്പിക്കാം. കര്‍ഷകര്‍ക്ക് കൂവകൃഷിയിലൂടെ കൂവപ്പൊടിതയ്യാറാക്കി മൂല്യവര്‍ദ്ധിത ഉത്പ്പന്നമാക്കി വില്‍പ്പന നടത്തി നല്ല വരുമാനവും ആര്‍ജ്ജിക്കാം. ആരോഗ്യമുള്ള ജനതയ്ക്കായി കൂവയെ കരുതലോടെ സംരക്ഷിക്കാം. 
English Summary: Arrow root, good in starch ,used in food preparations,confectionery,cosmetics, glues,residue used as food of live stock
Published on: 24 March 2020, 11:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now