Updated on: 6 June, 2020 8:16 PM IST

അന്താരാഷ്ട്ര വിപണിയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് കുരുമുളകും അതിന്റെ ഉപോല്പന്നങ്ങളും . കേരളത്തില്‍ കുരുമുളകിന്റെ വിളവെടുപ്പ് കാലം നവംബര്‍ മുതല്‍ ഫെബ്രുവരി മാസം വരെയാണ് . സാധാരണയായി തിരിയിട്ട് 180-200 ദിവസം കഴിയുമ്പോഴാണ് കുരുമുളക് വിളവെടുക്കുന്നത് . എന്നാല്‍ ഹൈറേഞ്ചു മേഖലകളില്‍ മൂപ്പെത്തുന്നതിനു കാലതാമസം വേണ്ടിവരും. അവിടെ അന്തരീക്ഷ ഊഷ്മാവ് താരതമ്യേന കുറവായിരിക്കും .

കുരുമുളക് നടീൽ രീതി

വണ്ണം കുറഞ്ഞതും എന്നാൽ കട്ടിയുള്ളതുമായ വള്ളിച്ചെടിയാണ് കുരുമുളക്. ഇവയ്ക്ക് താങ്ങായി തെങ്ങ്,കമുക്, പോലെയുള്ള വൃക്ഷങ്ങളോ ഉണ്ടായിരിക്കണം. താങ്ങുമരത്തിന്റെ വടക്ക് ഭാഗത്ത് മരത്തിൽ നിന്നും 30 സെന്റീ മീറ്റർ അകലത്തിലാണ്‌ തൈകൾ നടുന്നത്. വള്ളികൾ വളരുന്നതിനനുസരിച്ച് തണ്ടുകൾ മരത്തിനോട് ചേർത്ത് കെട്ടിവയ്ക്കാറുണ്ട്. അത് കുരുമുളക് വള്ളിയുടെ മുട്ടുകൾ താങ്ങ് വൃക്ഷത്തിൽ പടർന്ന് കയറാൻ സഹായിക്കുന്നു. ഈ മുട്ടുകളിൽ നിന്നും പുതിയ കിളിർപ്പുകൾ ഉണ്ടായി ചെടി വളരുന്നു. തൈകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നത് അഴുകി ജൈവവളമാകാനും ഈർപ്പം നിലനിർത്തുന്നതിനും മണ്ണിനുമുകളിലൂടെ പടർന്നുപോകുന്ന വേരുകൾ പൊട്ടാതിരിക്കുന്നതിനും സഹായിക്കും. വളപ്രയോഗത്തിലൂടെ കൂടുതൽ വിളവ് ലഭിക്കും. കുരുമുളക് വള്ളി ആണ് സാധാരണയായി നടാൻ ഉപയോഗിക്കുന്നത് എന്നാൽ ഈ  കുരുമുളക് കായ [കുരു] തന്നെ നടാൻ ഉപയോഗിക്കുന്ന വിദ്യ അടുത്തിടെ വിജയിച്ചു

കുരുമുളക് കീടങ്ങൾ /രോഗബാധ

കുരുമുളകിനെ ആക്രമിക്കുന്ന ഏറ്റവും പ്രധാന കീടമാണ്‌ പൊള്ളുവണ്ട്. കൂടാതെ തണ്ടുതുരപ്പൻ പുഴു, മിലിമൂട്ട,മണ്ണിനടിയിലെ സൂക്ഷ്മജീവികൾ എന്നിവയും കുരുമുളക് ചെടിയെ നശിപ്പിക്കാറുണ്ട്. ജൂൺ മാസത്തിൽ കുരുമുളകിൽ തിരിയിടുമ്പോഴും സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ തിരിയിൽ മണികൾ ഉണ്ടാകമ്പോഴുമാണ്‌ പൊള്ളുവണ്ടുകൾ ആക്രമിക്കുന്നത്.ഇത്തരം വണ്ടുകൾ കുരുമുളക് തിരികളേയും മണികളേയുമാണ്‌‌ ബാധിക്കുന്നത്. ‍ഈ വണ്ടുകൾ മുളക് മണികളെ ആക്രമിച്ച് മണികൾ പൊള്ളയായി ഉണങ്ങിക്കരിഞ്ഞ് നശിക്കുന്നു. കൂടുതലായി ഇവയുടെ ശല്യം ഉണ്ടാകുന്നത് തണൽ അധികം ലഭിക്കുന്ന തോട്ടങ്ങളിലാണ്‌. ഇതുമൂലം കുരുമുളകിന്റെ ഉത്പാദനം കുറയുകയും ചെയ്യും. ഈ പൊള്ളുവണ്ടുകൾക്കെതിരേയുള്ള ജൈവകീടനാശിനിയാണ്‌ വേപ്പെണ്ണ എമൽഷൻ. തണ്ടുതുരപ്പൻ പുഴുക്കൾ കുരുമുളകിന്റെ ഇളം തണ്ടുകൾ കാർന്നുതിന്നുന്നു. അതിന്റെ ഫലമായി ചെടി ഉണങ്ങി കരിഞ്ഞു നശിക്കുന്നു. തണ്ട്, ഇല, മുളക് മണികൾ എന്നിവയിൽ പറ്റിയിരുന്ന് നീര്‌ ഊറ്റിക്കുടിച്ച് വളരുന്ന ജീവികളാണ്‌ മിലിമൂട്ടകൾ. ചിലപ്പോൾ വേരുകളേയും ഇവ ആക്രമിക്കാറുണ്ട് ഇവയെക്കൂടാതെ കുരുമുളകിനെ ബാധിക്കുന്ന ചില രോഗങ്ങളാണ് ദ്രുതവാട്ടം, പൊള്ളുരോഗം, അഴുകൽ തുടങ്ങിയവ

കുരുമുളക് വിളവെടുപ്പ് 

കുരുമുളക് തിരികള്‍ ശരിയായി മൂപ്പെത്തിയ ശേഷം മാത്രം പറിച്ചെടുക്കുക. മൂപ്പെത്തുന്നതിനു മുമ്പ് പറിച്ചെടുക്കുന്നത് കുരുമുളകിന്റെ ഗുണമേന്മയിലും വിലവിലും കുറവുണ്ടാക്കുന്നു. ( 10 മുതല്‍ 18 ശതമാനം വരെ )

നല്ലതുപോലെ പരിചരണം ലഭിക്കുന്ന കുരുമുളക് കൊടിയിൽ നിന്നും നട്ട് മൂന്നാം വർഷം മുതൽ വിളവ് ലഭിക്കുന്നു. ശരാശരി 25 വർഷം വരെ നല്ലരീതിയിൽ വിളവ് നൽകാറുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയാണ്‌ സാധാരണ വിളവെടുപ്പ് കാലം. തിരികളൊട്കൂടി പറിച്ചെടുക്കുന്ന കുരുമുളക് കുലകൾ കൂട്ടിയിട്ട് ഒരു ദിവസം ചാക്ക് കൊണ്ട് മൂടിയിടുന്നു. പിന്നീട് നെല്ല് മെതിക്കുന്നത് പോലെ മെതിച്ച് മുളക് മണികൾ വേർതിരിക്കുന്നു. ഇങ്ങനെ വേർതിരിക്കുന്ന കുരുമുളക് വൃത്തിയുള്ള സ്ഥലത്ത് നിരത്തി വെയിലിൽ ഉണക്കിയെടുക്കുന്നു. രണ്ട് ദിവസം വെയിലത്ത് ഇടുന്നു. നല്ലതുപോലെ ഉണങ്ങിയ കുരുമുളകിന് നല്ല കറുത്ത നിറമായിരിക്കും. ഉണക്കിയ മുളക് ഈർപ്പം തട്ടാതെ സൂക്ഷിച്ചുവയ്ക്കുന്നു. ഇങ്ങനെയുള്ള കുരുമുളകിന്റെ പുറത്തെ കറുത്തതൊലി നീക്കം ചെയ്താണ് ‍വെളുത്ത കുരുമുളക് ആക്കുന്നത്.

കുരുമുളകിന്റെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍Value added products of pepper

കുരുമുളകില്‍ നിന്നും ഉല്‍പ്പാദി പ്പിക്കുന്ന ഉല്‍പ്പന്നങ്ങളെ മൂന്നു രീതിയില്‍ തരം തിരിക്കുന്നു.

1) കറുത്ത കുരുമുളകില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ,

2) വെള്ള കുരുമുളകില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍

3) പച്ച കുരുമുളകില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍.

കുരുമുളക് ഉണക്കുമ്പോള്‍ ശ്രദ്ധിക്കാൻ

ഉണക്കുവാനായി ഈറ്റ കൊണ്ടുണ്ടാക്കിയ പനമ്പോ , വൃത്തിയാക്കിയ കോണ്‍ക്രീറ്റ് തറയോ , കറുപ്പ്‌ നിറമുള്ള കട്ടിയുള്ള പോളിത്തീന്‍ ഷീറ്റോ ഉപയോഗിക്കാം . പനമ്പ് ഉപയോഗിക്കുമ്പോള്‍ ഉലുവ്-കടലാസ് മിശ്രിതം (2:1) പുരട്ടി അതിന്റെ ഉപരിതലം ലഘുവാക്കാവുന്നതാണ്. ഡ്രയറുകള്‍ ഉപയോഗിക്കുമ്പോള്‍ അവയിലെ ചൂട് 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതെ ശ്രദ്ധിക്കണം .

അഴുകിപ്പിക്കല്‍ ::

കുറഞ്ഞ പക്ഷം മൂന്നു മുതല്‍ അഞ്ചു വരെയെങ്കിലും മൂത്ത് പഴുത്ത കായ്കളുള്ള തിരികള്‍ വിളവെടുക്കുക. മൂപ്പെത്താത്ത കായ്കള്‍ തിരികളില്‍ നിന്നും അടര്‍ത്തി മാറ്റുക. അതിനു ശേഷം കായ്കള്‍ മുറിയില്‍ കൂട്ടിയിട്ട് നല്ല വൃത്തിയുള്ള ചാക്കുകള്‍ കൊണ്ട് മൂടി ഒന്നു രണ്ടു ദിവസം സൂക്ഷിക്കുക, ഇങ്ങനെ ചെയ്യുന്നത് മൂലം ബാക്കിയുള്ള കായ്കള്‍ കൂടി പഴുത്തു കിട്ടും . പഴുത്ത കായ്കള്‍ തിരിയില്‍ നിന്നും അടര്‍ത്തി എടുക്കുക.

കുതിര്‍ക്കല്‍‌ അഥവാ സോക്കിങ്ങ് ::

അടര്‍ത്തിയെടുത്ത പഴുത്ത കായ്കള്‍ 50കിലോഗ്രാം തൂക്കം ഉള്‍ക്കൊള്ളൂവാന്‍ കഴിയുന്ന വൃത്തിയുള്ള ചണച്ചാക്കുകളില്‍ അയച്ച് നിറച്ചു കെട്ടുക . ഈ ചാക്കുകള്‍ നല്ല ശുദ്ധമായ ഒഴുക്കുള്ള വെള്ളത്തില്‍ നിക്ഷേപിക്കുന്നു. ഇതിലേക്കായി ടാങ്ക് കെട്ടി വെള്ളം ഒഴുക്കി വിടുന്ന രീതി കൃത്രിമമായി ഉണ്ടാക്കണം. ചാക്ക് കെട്ടുകള്‍ ഒരു കുറ്റിയോടു ബന്ധിച്ചിടുന്നത് സുരക്ഷിതമായിരിക്കും .

ഈ ചാക്കുകള്‍ ആറു മുതല്‍ ഒന്‍പതു ദിവസം വരെ ഒഴുക്കുള്ള വെള്ളത്തില്‍ മുങ്ങിക്കിടക്കണം . എന്നാല്‍ മാത്രമേ പുറമെയുള്ള തൊലി സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്താല്‍ അഴുകിപ്പോവുകയുള്ളൂ . അതിനു ശേഷം കുരുമുളക് മണികളുടെ പുറംതോട് അരിപ്പകളില്‍ ഉരച്ച് നീക്കം ചെയ്ത് കഴുകി വൃത്തിയാക്കുന്നു . പുറംതോട് കളഞ്ഞ കുരുമുളക് ജലാംശം 8-10 ശതമാനം എത്തുന്നത് വരെ നല്ലവണ്ണം വെയിലത്തിട്ടു ഉണക്കിയെടുക്കുന്നു . പഴുക്കാത്ത ബാക്കി മണികള്‍ ആവശ്യമെങ്കില്‍ പഴുപ്പിക്കുന്നതിനായി 2000 പി.പി.എം. എത്രല്‍ (Ethrel) തളിച്ച് അഴുകിപ്പിക്കാവുന്നതാണ്.

യന്ത്രം ഉപയോഗിച്ചുള്ള വെള്ള കുരുമുളകിന്റെ ഉല്‍പ്പാദനം ::- Production of white pepper using machine :: 

കുരുമുളകിന്റെ ഔരം തൊലി യന്ത്രം ഉപയോഗിച്ച്നീക്കം ചെയ്യുന്നു. (Decortication) ഇത്തരത്തില്‍ യന്ത്ര സഹായത്താല്‍ പുറം തൊലി കളഞ്ഞ കുരുമുളകിന് ഉപഭോക്താക്കളും വിപണിയിലെ സ്വീകാര്യതയും കുറവാണ് .

പച്ച കുരുമുളകില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍

ജര്‍മനി ,ഫ്രാന്‍സ് മുതലായ യൂറോപ്യന്‍ രാജ്യങ്ങള്‍ പച്ച കുരുമുളകിന് നല്ല പ്രതിപത്തിയുണ്ട്. അതുകൊണ്ട് തന്നെ പച്ച കുരുമുളക് നിര്ജ്ജലീകരിച്ചോ , തണുപ്പിച്ചോ , അതെപടിയോ കയറ്റി അയയ്കുന്നതിനും , ദീര്‍ഘകാലം സൂക്ഷിച്ചു വയ്ക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ് .

നിര്‍ജ്ജലീകരിച്ച പച്ചകുരുമുളക് ::-Dehydrated Green Pepper :: -

പച്ച കരുമുളക് വള്ളികളില്‍ നിന്നു മുഴുവന്‍ മൂപ്പെത്തുന്നതിനു മുമ്പ് പറിച്ചെടുത്ത് സംസ്കരിക്കുന്നതാണ് . നിര്ജ്ജലീകരിച്ച പച്ച കുരുമുളക് ഒരേ വലുപ്പവും തൂക്കവുമുള്ള പച്ച കുരുമുളകു മണികള്‍ പറിച്ചെടുത്ത് ഏകദേശം 20 മിനുറ്റ് ചൂടുവെള്ളത്തിലിട്ടു വെള്ളം ഒഴിവാക്കിയ ശേഷം തണുപ്പിച്ച് സള്‍ഫര്‍ ഡൈഓക്സൈഡില്‍മുക്കിയെടുക്കുന്നു . പച്ച നിറം നിര്‍ത്തുവാനാണ് ഇങ്ങനെ ചെയ്യുന്നത് അതിനു ശേഷം 50 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കണം. സൂര്യപ്രകാശത്തില്‍ ഉണക്കുവാന്‍ പാടില്ല.

ബോട്ടിലിലാക്കിയ ഉപ്പിലിട്ട പച്ച കുരുമുളക് ::-

5-6 മാസം മൂപ്പുള്ള പച്ച കുരുമുളക് 20 ശതമാനം ഉപ്പു വെള്ളത്തില്‍ നാലാഴ്ചയിട്ട ശേഷം വെള്ളം വാര്‍ത്തു കളയുക. പിന്നീട് 16 ശതമാനം ഉപ്പു വെള്ളത്തില്‍ ദശലക്ഷത്തില്‍ നൂറംശം സള്‍ഫര്‍ ഡൈഓക്സൈഡും 0.2 ശതമാനം സിട്രിക് അമ്ലവും ചേര്‍ത്ത് വലിയ ബോട്ടിലിലാക്കി സൂക്ഷിക്കുക .

മരവിപ്പിച്ചു ഉണക്കിയ പച്ച കുരുമുളക്::- 

തോട്ടത്തില്‍ നിന്ന് എടുക്കുന്ന കുരുമുളക് തണുപ്പിച്ചു മരവിപ്പിച്ച് ഉണക്കിയെടുക്കുന്നതാണിത്. പച്ച കുരുമുളകിന്റെ തനിമ നിലനിര്‍ത്തുവാന്‍ ഇതിനു കഴിയും.

പച്ച കുരുമുളകിന്റെ മറ്റ് ഉല്‍പ്പന്നങ്ങള്‍

പച്ച കുരുമുളകിന്റെ വന്‍ പായ്ക്കറ്റുകളിലാക്കിയത്

ബള്‍ക്ക് പാക്ക് ചെയ്ത കുരുമുളക് മണികള്‍ വ്യത്യസ്ത അളവിലുള്ള പി.വി.സി പാത്രങ്ങളില്‍ 16 ശതമാനം വീര്യമുള്ള Brine (ഉപ്പു ലായനി ) ,1 -2% വീര്യമുള്ള അസറ്റിക് അമ്ലം എന്നിവ ഉപയോഗിച്ച് സൂക്ഷിക്കുന്നു . ഇതിനു പകരമായി കുരുമുളകിന് നല്ല നിറം ലഭിക്കുവാന്‍ 0.25% വീര്യമുള്ള സിട്രിക് ആസിഡ്, 100 പി.പി.എം ,സള്‍ഫര്‍ ഡയോക്സൈഡ് എന്നിവ ചേര്‍ത്ത 16% വീര്യമുള്ള ബ്രൈന്‍ ഉപയോഗിക്കാവുന്നതാണ് .

അച്ചാര്‍ ::-

പച്ചമുളക് വിവിധ മാധ്യങ്ങളിലാക്കി (എണ്ണ ,വിനാഗിരി,ഉപ്പ് )യും പച്ചകുരുമുളക് കലര്തിയും ഉണ്ടാക്കിയ അച്ചാറുകള്‍ വിപണിയില്‍ ലഭ്യമാണ് .

സ്വാദിഷ്ടമാക്കിയ പച്ചകുരുമുളക് വിഭവങ്ങള്‍

മരവിപ്പിച്ച പച്ചകുരുമുളക്:

പച്ചകുരുമുളക് പേസ്റ്റ് :

കറുത്ത കരുമുളകില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍

കുരുമുളക് പൊടി :- സാങ്കേതിക വിദ്യ വികാസം പ്രാപിച്ച ഇക്കാലത്ത്‌ വളരെ താണ ഊഷ്മാവില്‍ മണമോ ,ഗുണത്തിന്റെ ദശലക്ഷത്തിലൊരംശമൊ നഷ്ടമാകാതെ കുരുമുളക് യന്ത്രങ്ങള്‍ (ഹാമര്‍ മില്‍ ,പിന്മില്‍ എന്നിവ) ഉപയോഗിച്ച് പൊടിച്ചാണ് കറുത്ത കുരുമുളകുപോടി ഉണ്ടാക്കുന്നത് . ഇങ്ങനെ പൊടിച്ചെടുത്ത കുരുമുളക് അരിച്ചെടുത്ത് വിവിധ അളവുകളുള്ള പായ്ക്കറ്റുകളില്‍ നിറച്ച് വില്‍ക്കുന്നു.

സ്റ്റെറിലൈസ്ഡ് പെപ്പര്‍ ::-

ഉണങ്ങിയ കറുത്ത കുരുമുളക് പ്രത്യേക യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് ഒരു മിനിട്ട് ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയ ശേഷം പെട്ടെന്നു തണുപ്പിച്ച് പായ്ക്ക് ചെയ്യുന്ന ഉല്‍പ്പന്നം ,ഇതിനിപ്പോള്‍ പ്രത്യേക വിപണിയുണ്ട് .

വെള്ള കുരുമുളകില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍

വെള്ള കുരുമുളകുപൊടി:- വെള്ള കുരുമുളക് പൊടിയുടെ ഉല്‍പ്പാദന പ്രക്രിയ കറുത്ത കുരുമുളക് പോടിഉടെ ഉല്‍പ്പാദനത്തിനു സമാനമാണ് . പക്ഷെ ഒരു വ്യത്യാസം പൊടി ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത് വെള്ളക്കുരുമുളകാണ്.

കുരുമുളകെണ്ണ

നീരാവിയിലോ വെള്ളത്തിലോ സ്വേദനം ചെയ്തെടുക്കുന്നതാണ് കുരുമുളകെണ്ണ .

ഒളിയോറസിന്‍

കുരുമുളക് പൊടിയില്‍ നിന്ന്‍സോള്‍വന്റ് എക്സ്ട്രാക്ഷന്‍ സാങ്കേതിക വിദ്യയുടെ ഈഥൈല്‍ ആല്‍ക്കഹോള്‍, അസറ്റോണ്‍ തുടങ്ങിയ ഓര്‍ഗാനിക് അമ്ലങ്ങള്‍ ഉപയോഗിച്ചാണ് ഒളിയോറസിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌. ഇതിന്റെ ഉല്‍പ്പാദനത്തി ഉപയോഗിക്കുന്ന മറ്റൊരു സാങ്കേതിക വിദ്യയാണ് സൂപ്പര്‍ ക്രിട്ടിക്കല്‍ കാര്‍ബണ്‍ ഡൈ ഒക്സൈഡ് എക്സ്ട്രാക്ഷന്‍ .

ജൈവ കുരുമുളക്

കാര്‍ഷിക വിളകളില്‍ വ്യാപകമായി അവലംബിക്കുന്ന ജൈവ കൃഷി രീതികള്‍ സുഗന്ധ വ്യഞ്ജനങ്ങളില്‍ പൊതുവായും കുരുമുളകില്‍ പ്രത്യേകിച്ച് മലബാര്‍ , വയനാട് , ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ ഉപയോഗിക്കുന്നു. ജൈവ കാര്‍ഷിക രീതിയില്‍ ഉല്‍പ്പാദിപ്പിച്ച് സാക്ഷ്യപത്രം ലഭിച്ച കുരുമുളകിന് സാധാരണ കുരുമുളകിന് ലഭിക്കുന്ന വിലയേക്കാള്‍ ഉയര്‍ന്ന വില ലഭിക്കും. ഇത് കണ്‍സ്യുമര്‍ പായ്ക്കട്ടുകലായി ലേബല്‍ ചെയ്ത് വിറ്റാല്‍ പ്രത്യേക വിപണിയും ലഭിക്കും .

ഗാര്‍ബിള്ഡ് (ചെറ്റിയ ) കുരുമുളക്

നന്നായി ഉണക്കിയെടുത്ത കുരുമുളകില്‍ നിന്നും കല്ല്‌ , മണ്ണ്,മാലിന്യങ്ങള്‍ , മറ്റു പാഴ്വസ്തുക്കള്‍ ഇവയെല്ലാം നീക്കം ചെയ്ത് തരം തിരിച്ചെടുത്ത കുരുമുളകാണിത്. കുരുമുളക് തരം തിരിച്ചെടുക്കുവാനായി സാധാരണ 4.75മി.മീറ്റര്‍ 4.25 മി.മിറ്റര്‍, 4മി. മിറ്റര്‍ ദ്വാരങ്ങളുള്ള അരിപ്പകളാണ് ഉപയോഗിക്കുന്നത് . ഉദാഹരണമായി മുഖ്യ വിഭാഗങ്ങളി ലൊന്നായ തലശ്ശേരി ഗാര്‍ബിള്ഡ് ബ്ലാക്ക്പെപ്പറിന്റെ (ടി.ജി ) ഒന്നാം താരമായ ടി.ജി. എസ്.ഇ.ബി 4.75 മി.മിറ്റര്‍ അരിപ്പയില്‍ ചോര്‍ന്ന്‍ വരാത്ത കുരുമുളക് മണികളാണ് എടുക്കുന്നത്.

ഇതിന്റെ ഉണ്ടാം താരമായ ടി,ജി .ഇ.ബി യില്‍ 4.25 മി.മിറ്റര്‍ അരിപ്പയില്‍ ചോര്‍ന്നു വരാത്ത മണികളും മൂന്നാം താരമായ ടി.ജി.യില്‍ 4മി. മിറ്റര്‍ അരിപ്പയില്‍ ചോര്‍ന്നു വരാത്തവയുമാണ് . കയറ്റുമതി നിബന്ധനകള്‍ക്കു അനുസരിച്ച് ടി.ജി. തരത്തില്‍ 50 ശാതമാനം 4.25 മി.മിറ്റര്‍ അരിപ്പയില്‍ ചോര്‍ന്നു വരാത്തവയും ബാക്കി മണികള്‍ 4 മി,മീറ്റര്‍ അരിപ്പയില്‍ ചോര്‍ന്നു വരാത്തവയുമായിരിക്കും .

നന്നായി ഗാര്‍ബിള്‍ ചെയ്ത (ചെറ്റിയെടുത്ത) കുരുമുളക് ഒരു ലിറ്റര്‍ 500-600 ഗ്രാം തൂക്കമുണ്ടാകും . ഇതില്‍ പതിരുമണികള്‍10 ശതമാനത്തില്‍ താഴെയും മൊട്ടുമണികള്‍ നാലു ശതമാനത്തില്‍ താഴെയുമായിരിക്കണം . കുരുമുളകിന്റെ തനതു വസ്സനയും പ്രത്യേക എരിവും ഉള്‍ക്കൊള്ളുന്നതിന് പുറമെ ഒന്നര ശതമാനം ബാഷ്പീശീല തൈലവും മൂന്ന്‌ ശതമാനം ആല്‍ക്കലോയിഡും ഉണ്ടായിരിക്കണം .

മുഖ്യമായും 8 വിഭവങ്ങളിലായി 21 ഗ്രേഡുകളാണ് കുരുമുളകിനുള്ളത്.

പ്രധാന വിഭവങ്ങള്‍ .

1, തലശ്ശേരി ഗാര്‍ബിള്ഡ് ബ്ലാക്ക് പെപ്പര്‍ (ടി.ജി)

2, ഗാര്‍ബിള്ഡ് മലബാര്‍ ബ്ലാക്ക് പെപ്പര്‍ (എം.ജി)

3, അണ്‍ ഗാര്‍ബിള്ഡ് മലബാര്‍ ബ്ലാക്ക് പെപ്പര്‍ (എം.യു.ജി)

4, ഗാര്‍ബിള്ഡ് ലൈറ്റ് ബ്ലാക്ക് പെപ്പര്‍ (ജി.എല്‍ )

5, അണ്‍ ഗാര്‍ബിള്ഡ് ലൈറ്റ് പെപ്പര്‍ (യു.ജി.എല്‍ )

6, മൊട്ടുമണികള്‍ /പിന്‍ ഹെഡ്സ് ( പി,എച്ച് )

7, നോണ്‍ സ്പെസിഫൈഡ് ബ്ലാക്ക് പെപ്പര്‍ (എന്‍ .എസ് )

8, കുരുമുളകുപൊടി

കുരുമുളക് ചായ

കുരുമുളക് സത്ത് അടങ്ങിയ ഇന്‍സ്റ്റന്റ് ചായയാണിത്. തേയില സത്തിനൊപ്പം കുരുമുളക് സത്തും പഞ്ചസാരയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നു.

കുരുമുളക് കാപ്പി

തിപ്പലി, ഇഞ്ചി ,കുരുമുളക് എന്നിവയുടെ സത്ത് ഉപയോജിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഉള്പ്പന്നമാണിത് .

കുരുമുളക് ഉപയോഗിച്ചുള്ള മധുരപലഹാരങ്ങള്‍

ആഭ്യന്തര വിദേശ വിപണിയില്‍ വിപണനം ചെയ്യുന്ന കുരുമുളകിന്റെ സ്വാടോട് കൂടിയ ഉല്‍പ്പന്നങ്ങളാണ് .

ഔഷധ ഉല്‍പ്പന്നങ്ങള്‍

കുരുമുളക് ഉപയോഗിച്ച് ആയുര്‍വേദത്തില്‍ ധാരാളം ഔഷധങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നുണ്ട് .

കുരുമുളക് അവശിഷ്ടങ്ങളില്‍ നിന്നുള്ള ഉപോല്‍പന്നങ്ങള്‍

കുരുമുളക് ഹള്ള് ::-

വെള്ള കുരുമുളക് ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന തൊലി പൊടിച്ചുണ്ടാക്കിയതാണിത് . വളരെ നല്ല മണവും രുചിയും പ്രദാനം ചെയ്യുന്ന കറുത്ത നിറത്തിലുള്ള കുരുമുളക് പൊടി ഈ തോന്ടില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചെടുക്കാം. ഇതില്‍ ബാഷ്പതൈലത്തിന്റെ അളവ് കൂടുതലായതിനാല്‍ കുരുമുളക് തൈലം ഉണ്ടാക്കുവാന്‍ ഇതു ഉപയോഗിക്കുന്നു.

കുരുമുളക് സാല്‍ ::-

കുരുമുളക് അവശിഷ്ടങ്ങളും ഉപ്പും ചേര്‍ത്തുണ്ടാക്കിയ ഉപോല്‍പ്പന്നം .

വരഗ്::-

കുരുമുളക് അവശിഷ്ടങ്ങള്‍ , തണ്ട് , തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്നു.

മില്‍ഡ് കുരുമുളക്::-

യന്ത്രങ്ങളിലൂടെ കുരുമുളക് രണ്ടോ നാലോ ആയി പിളര്‍ന്നത് ഉപയോഗിക്കുന്നു .

പിങ്ക് കുരുമുളക് ::-

മഞ്ഞയോ പിങ്കോ നിറമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുരുമുളക് മണികള്‍ പറിച്ചെടുത്ത് അതെ നിറം നിലനിര്‍ത്തുവാനായി നിര്‍ജ്ജലീകരിക്കുന്നു. പിന്നീട് സഫര്‍ ഡയോക്സൈഡ് ഉപയോഗിച്ച് നിറം നിലനിര്ത്തുന്നു. സള്‍ഫര്‍ അവശിഷ്ടം 75 ppm-ല്‍ കൂടുവാന്‍ പാടില്ല.

കടപ്പാട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പച്ചക്കറി കൃഷിയിലെ കീടനിയന്ത്രണത്തിന് കെണികൾ ഒരുക്കാം

English Summary: Commercially pepper For those who want to farm
Published on: 06 June 2020, 08:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now