നാളീകേര സംഭരണത്തിനും കൊറോണ ഭീതി തിരിച്ചടിയായിരിക്കുകയാണ്.പൊതുവിപണിയിൽ ഉയർന്ന വിലയുള്ളപ്പോഴാണ് ഈ അപ്രതീക്ഷിത സ്തംഭനം.കോഴിക്കോട് ജില്ലയാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം നാളികേര കർഷകരുള്ളവരുടെ ജില്ല. അതിന് പുറമെ മലയോര മേഖലയിലുള്ളവരുടെയടക്കം പ്രധാന ഉപജീവന മാർഗം കൂടിയാണിത്. ഏറ്റവും കൂടുതൽ നാളികേരം സംഭരിക്കുന്ന ഈ മാസങ്ങളിൽ അപ്രതീക്ഷിതമായ സ്തംഭനമുണ്ടായതോടെ എന്ത് ചെയ്യുമെന്നറിയാതെയിരിക്കുകയാണ് കർഷകരും കച്ചവടക്കാരും.ലോക്‌ഡൗൺ മൂലം ജോലിക്കാരും വാഹനങ്ങളും ഇല്ലാതായതോടെ വിത്ത് തേങ്ങ സംഭരണവും നിലച്ചിരിക്കുകയാണ്.
മലഞ്ചരക്ക് വ്യാപാരകേന്ദ്രങ്ങളിലടക്കം തേങ്ങകൾ കെട്ടിക്കിടക്കുകയാണ് .വെളിച്ചെണ്ണ ഉൽപ്പാദനവും മറ്റും നിലച്ചതോടെ മില്ലുടമകൾ നാളീകേരം വാങ്ങാത്തതും തിരിച്ചടിയായി. ദിവസവും അമ്പത് ലോഡ് തേങ്ങയായിരുന്നു കോഴിക്കോട്ടുനിന്ന് മാത്രം തമിഴ് നാട്ടിലേക്ക് കയറ്റിക്കൊണ്ട് പോയിരുന്നത്. കുംഭം, മീനം മാസങ്ങളിൽ വലിയതോതിൽ നാളികേര വിപണനം നടക്കുന്ന സമയവുമാണ്. എന്നാൽ കൊറോണ ഭീതി വന്നതോടെ എല്ലാം തകിടം മറിഞ്ഞു.വീടുകളിലും നാളികേരം കെട്ടികിടക്കുകയാണ്. പലതും നശിച്ച് തുടങ്ങി. പേരുകേട്ട കുറ്റ്യാടി തേങ്ങ ഉപയോഗിച്ചുള്ള വിത്ത് തേങ്ങ സംഭരണവും നടത്താൻ പറ്റുന്നില്ല. മികച്ച ഗുണമേൻമയുള്ള കുറ്റ്യാടി തേങ്ങ അഞ്ചു ലോഡ് ദിവസവും കയറ്റുമതി ചെയ്തിരുന്നു. സമയത്ത് കയറ്റിക്കൊണ്ട് പോയില്ലെങ്കിൽ വിത്ത് തേങ്ങയ്ക്കായി ഇത് ഉപയോഗിക്കാനും കഴിയില്ല. സംഭരിക്കാനാവാതെ കെട്ടിക്കിടന്ന് നശിക്കുന്നതിന് മൂകസാക്ഷിയാവുകയാണ് ഒരുകൂട്ടം കർഷകർ.