കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷനില്‍ കടാശ്വാസത്തിനുളള വ്യക്തിഗത അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള സമയപരിധി 2019 ജൂണ്‍ 11 മുതല്‍ നാലുമാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അറിയിച്ചു. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2018 ആഗസ്റ്റ് വരെയും മറ്റു ജില്ലകളിലെ കര്‍ഷകര്‍ 2014 മാര്‍ച്ച് വരെയും സഹകരണ ബാങ്കുകളില്‍ നിന്നെടുത്തതും കുടിശികയായതുമായ വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതി ഒക്‌ടോബര്‍ 10 വരെയാണ് ദീര്‍ഘിപ്പിച്ചത്.
നിര്‍ദിഷ്ട 'സി' ഫോറത്തില്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷയും വരുമാന സര്‍ട്ടിഫിക്കറ്റ്, കര്‍ഷകനാണെന്നും കര്‍ഷകത്തൊഴിലാളിയാണെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും അപേക്ഷയുടെ പകര്‍പ്പും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പുകളും കൂടി ഉള്‍പ്പെടുത്തണം. അപേക്ഷയില്‍ ഒന്നിലധികം ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളതായി സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ അത്രയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടുതലായി വയ്ക്കണം.
റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തൊഴില്‍ കൃഷിയാണെന്നും കര്‍ഷകത്തൊഴിലാളിയാണെന്നും തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം, മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ അല്ലെങ്കില്‍ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ്, ബാങ്കില്‍ വായ്പ നിലനില്‍ക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ സ്റ്റേറ്റ്‌മെന്റ് എന്നിവയും അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. അപൂര്‍ണമായതും മുഴുവന്‍ രേഖകളില്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കും.
2019 ഫെബ്രുവരി 28ന് ശേഷം ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല. ഇവര്‍ വീണ്ടും അപേക്ഷിക്കണം. 2019 ഫെബ്രുവരി 28 വരെയുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ അതേ വായ്പയില്‍ കടാശ്വാസത്തിനായി വീണ്ടും അപേക്ഷിക്കരുത്.