Updated on: 16 December, 2019 5:02 PM IST

കേരളത്തിലെ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമാണ് ഇഞ്ചി 25 ശതമാനം തണലില്‍ ഇഞ്ചി കൃഷി ചെയ്യാം. പുതിയ റബ്ബര്‍ തോട്ടങ്ങളില്‍ ആദ്യത്തെ മൂന്നോ നാലോ വര്‍ഷക്കാലം ഇഞ്ചി ഇടവിളയായി കൃഷി ചെയ്യാം. എന്നാല്‍ ഒരിക്കല്‍ ഇഞ്ചി നട്ട അതേ സ്ഥലം കുറഞ്ഞത് രണ്ട് വര്‍ഷക്കാലമെങ്കിലും ഇഞ്ചി കൃഷി എടുക്കരുത്. ഒരിടത്ത് തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്താല്‍ മൂടു ചീയല്‍ പോലുളള രോഗങ്ങള്‍ കൂടും.
നല്ല ജൈവാംശവും, നീര്‍വാര്‍ച്ചയും, വായുസഞ്ചാരവുമുളള മണ്ണ് വേണം ഇഞ്ചികൃഷിക്ക്. കേരളത്തിലെ മണ്ണില്‍ പുളിരസം പൊതുവെ കൂടും. അതുകൊണ്ട് തന്നെ നടുന്നതിന് ഒരാഴ്ച മുമ്പെങ്കിലും സെന്റൊന്നിന് 2 കിലോ എന്ന തോതില്‍ കുമ്മായം ചേര്‍ക്കണം. കക്ക നീറ്റിക്കിട്ടുന്ന കുമ്മായം മണ്ണുമായി കലര്‍ത്തി ചെറുനനവില്‍ ഇടണം. ഒരാഴ്ച കഴിഞ്ഞ് ഇവിടെ ഇഞ്ചി നടാം.
നടീല്‍കാലം
മഴയെ ആശ്രയിച്ചുളള കൃഷിയില്‍ ചിലവ് താരതമ്യേന കുറയും. നടുന്ന സമയത്ത് മിതമായ മഴ, വളര്‍ച്ചാക്കാലത്ത് സമൃദ്ധമായ മഴ. വിളവെടുപ്പിനോടന് മഴയില്ലാത്ത അവസ്ഥ ഇതാണ് ഇഞ്ചിക്കൃഷിക്ക് നല്ലത്. എന്നാല്‍ മാറിവന്ന കാലാവസ്ഥയില്‍ നടുന്നഴോ വളരുമ്പഴോ മഴ കിട്ടിയില്ലെങ്കില്‍ നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പച്ച ഇഞ്ചിക്ക് ഫെബ്രുവരി മാസം നന ഇഞ്ചി ഇടുന്ന സമ്പ്രദായവും നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. ശരാശരി 7-8 മാസക്കാലമാണ് ഇഞ്ചിയുടെ വളര്‍ച്ചാക്കാലം. അതുകൊണ്ടുതന്നെ ഏപ്രില്‍-മെയ് മാസം നട്ട് ഡിസംബര്‍ - ജനുവരിയോടുകൂടി വിളവെടുക്കുന്ന രീതിക്കാണ് കേരളത്തില്‍ പ്രചാരം.

വിത്തൊരുക്കം
ഡിസംബര്‍ - ജനുവരി മാസം വിളവെടുക്കുന്ന വിത്തിഞ്ചി ഏപ്രില്‍ - മെയ് മാസത്തോടെ നടാം. മൂന്നോ നാലോ മാസമുളള ഈ സൂക്ഷിപ്പുകാലത്ത് വിത്തിഞ്ചിക്ക് കീടരോഗബാധ ഏല്‍ക്കാതിരിക്കാനും മുളശേഷി നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. വിത്തിഞ്ചി സാധാരണ നനവേല്‍ക്കാതെ മണ്ണിനടിയിലോ, അറകളിലോ, മണ്‍കലങ്ങളിലോ സൂക്ഷിച്ചു വയ്ക്കുകയാണ് പതിവ്. വിളവെടുത്ത് നന്നായി ഉണക്കി വിത്തുപചാരം നടത്തി സൂക്ഷിച്ചുവയ്ക്കുന്ന വിത്തുകള്‍ നടുന്നതിനു മുമ്പ് വീണ്ടും വിത്തുപചാരം നടത്താറുണ്ട്. ഒക്ടോബര്‍ - നവംബര്‍ മാസത്തോടുകൂടി രോഗകീടബാധയില്ലാത്ത തടങ്ങള്‍ കണ്ടുവയ്ക്കണം. ഡിസംബര്‍-ജനുവരി മാസം നന്നായി മൂത്ത വിത്തുകള്‍ വിളവെടുക്കാം. ഇവ ഉണക്കി സ്യൂഡോമോണാസ് ലായനിയിലോ (10 ഗ്രാം / ഒരു ലിറ്ററിന്), പി.ജി.ആര്‍ മിക്‌സ്-2 ലായനിയിലോ (5 ഗ്രാം / ഒരു ലിറ്ററിന്) അര മണിക്കൂര്‍ മുക്കിയിട്ട് തണലത്തുണക്കി സൂക്ഷിക്കാം. വിത്തിഞ്ചി സൂക്ഷിക്കുന്ന അറകളില്‍ പാണല്‍ (Glycosmic pentaphylla) ഇലകള്‍ ഇട്ടുകൊടുക്കുന്നത് കീടരോഗബാധ കുറയ്ക്കാനും, വിത്ത് കനം കുറയാതിരിക്കാനും നല്ലതാണ്.ഇങ്ങനെ സൂക്ഷിച്ച് വിത്തിഞ്ചി നടും മുമ്പ് 20 ഗ്രാം തൂക്കമുളള ചെറുകഷ്ണങ്ങളാക്കാം. ഇത് വീണ്ടും ജൈവ കുമിള്‍ നാശിനിയായ സ്യൂഡോമോണസ് (10 ഗ്രാം / ഒരു ലിറ്ററിന്), പി.ജി.ആര്‍ മിക്‌സ് - 2 എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അരമണിക്കൂര്‍ മുക്കി വച്ച് തണലില്‍ ഉണക്കി നടാം. ഒരു കിലോ വിത്തിന് ഒരു ലിറ്റര്‍ ലായനി വേണം.സാധാരണ പച്ചക്കറി ത്തൈകള്‍ വളര്‍ത്തുന്ന രീതിയിലുളള പ്രോട്രേ ഇഞ്ചിതൈകളും ഇന്ന് പ്രചാരത്തിലുണ്ട്. ചെറു ഇഞ്ചിവിത്തുകള്‍ പ്രോട്രേകളില്‍ മുളപ്പിച്ചുണ്ടാക്കുന്ന ഈ തൈകള്‍ ഗ്രോബാഗ് ഇഞ്ചികൃഷിക്ക് നല്ലതാണ്. തടങ്ങളില്‍ ഇവയ്ക്ക് അല്പം വിളവ് കുറയും.

നടീല്‍
നന്നായി ഉഴുതുമറിച്ച മണ്ണില്‍ ഏതാണ്ട് അരയടിയോ ഒരടിയോ ഉയരമുളള തടങ്ങള്‍ ഒന്ന്- ഒന്നരയടി അകലത്തില്‍ മൂന്നടി വീതിയിലും പത്തടി നീളത്തിലും എടുക്കാം.
കുമ്മായമിട്ട് ഒരാഴ്ച കഴിഞ്ഞ ഈ തടങ്ങളിലേക്ക് ജൈവവളം ചേര്‍ക്കാം. കാലിവളം ഒരു ഏക്കറിന് 100 ടണ്‍ എന്ന തോതില്‍ നല്‍കാം. ഇങ്ങനെ തയ്യാറാക്കിയ തടങ്ങളില്‍ ഒന്നര ചാണ്‍ (20 സെ.മീ) അകലത്തില്‍ വിത്ത് ഇടാന്‍ പാകത്തില്‍ ചെറു കുഴികള്‍ എടുക്കാം. കുഴികള്‍ക്ക് 5-10 സെ.മീ വരെ താഴ്ചമതി. 3 അടി വീതിയും 10 അടി നീളവുമുളള തൈ തടത്തില്‍ 50 വിത്തോളം നടാം. ഏതാണ്ട് ഒരു കിലോ വിത്ത് ഇതിന് കരുതാം. ഒരു ഏക്കറിന് ഏകദേശം 500-600 കിലോ വിത്ത് വേണം. ചെറുകുഴികളിലേക്ക് വിത്തിട്ട് ട്രൈക്കോഡെര്‍മ, ചേര്‍ത്ത കാലിവളം ഇട്ട് മണ്ണ് മൂടാം. .

പുതയിടല്‍
വിത്തിഞ്ചി നട്ട് മണ്ണിട്ട് മൂടിയതിനുശേഷം പച്ചില കൊണ്ട് തടങ്ങള്‍ മൂടണം. ഇത് ജലസംഭരണശേഷി കൂടാനും മേല്‍മണ്ണ്് ഒലിച്ചു പോകാതിരിക്കാനും വരള്‍ച്ചയെ എതിരിടാനും സഹായിക്കും. ഇഞ്ചിയുടെ വളര്‍ച്ചയ്ക്കാവശ്യമായ വിവിധ മൂലകങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാനും ഈ പച്ചിലപ്പുത സഹായിക്കും. കൂടാതെ തടങ്ങളിലോ ചുറ്റുപാടിലോ പച്ചിലവളചെടികളായ ഡയിഞ്ച, തടപ്പയര്‍ തുടങ്ങിയവ വളര്‍ത്തി ഏതാണ്ട് രണ്ടു മാസം കഴിയുമ്പോള്‍ വലിച്ചു തടങ്ങളില്‍ തന്നെ ഇടാം. രണ്ടാം മാസവും മൂന്നാം മാസവും വീണ്ടും കള നീക്കി വളം ചേര്‍ത്ത് പുതയിടണം. തെങ്ങോലകള്‍ എട്ടു കിലോ ഒരു തടത്തിന് (10 അടി x 3 അടി) എന്ന രീതിയില്‍ പുതയിടുന്നത് കളനിയന്ത്രണത്തിന് ഫലപ്രദമാണ്. ഇത് ലാഭകരവും പിന്നീടുളള പുത ഒഴിവാക്കാനും സഹായിക്കും.
വളം സമീകൃതമാകണംഏക്കറൊന്നിന് 12 ടണ്‍ ജൈവവളം വീതം നല്‍കണം. ഇത് മൂന്നോ നാലോ ജൈവവളങ്ങള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നത് ഏറെ ഫലപ്രദം. ഫോസ്ഫറസ് ലയിപ്പിക്കുന്ന ജീവാണുവും അസോസ്‌പൈറില്ലവും 20 ഗ്രാം ഒരു തടത്തിന് ഇട്ടു കൊടുക്കാം. തടങ്ങളിലും പി.ജി.പി. ആര്‍ മിക്‌സ് - 2 ചേര്‍ത്ത് കൊടുക്കുന്നത് മൃദുചീയല്‍ രോഗം ഒഴിവാക്കും. കൃഷി സാഹചര്യവും ഇനവും കണക്കിലെടുത്ത്് രാസവളങ്ങള്‍ നല്‍കാം. ഏക്കറൊന്നിന് അടിവളമായി 100 കിലോ മസ്സൂറിഫോസ് / രാജ് ഫോസും 20 കിലോ പൊട്ടാഷും കൊടുക്കാം. ഒന്നര - രണ്ടു മാസം കഴിഞ്ഞ് കളനീക്കം ചെയ്ത് 30 കിലോ യൂറിയ ഇടാം. 3-4 മാസമാകുന്നതോടെ കള നീക്കി 20 കിലോ പൊട്ടാഷും 30 കിലോ യൂറിയയും നല്‍കാം. ഓരോ വളപ്രയോഗത്തിനു ശേഷവും മണ്ണ് കയറ്റിക്കൊടുക്കണം.ഒരിക്കല്‍ ഇഞ്ചി നട്ട തടത്തില്‍ അടുത്ത വിളയായി ഒരിക്കലും ഇഞ്ചി നടാന്‍ പാടില്ല. പുരയിട കൃഷിയില്‍ ഇടവിളയായും സമ്മിശ്രകൃഷിരീതിയിലും, മറ്റും പച്ചക്കറികളില്‍ ഇടവിളയായും ഇഞ്ചികൃഷി ചെയ്തുവരാറുണ്ട്. ഇഞ്ചിക്കൃഷിയില്‍ സഹവിളയായി കൃഷി ചെയ്യവുന്ന ഒരു ഒരു സുഗന്ധവിളയായണ് മുളക്. ഇത് നിമാവിരകളെ നിയന്ത്രിക്കാനും ഒരു പരിധി വരെ സഹായിക്കും.
വിളവെടുപ്പ്
നട്ട വിത്തിന്റെ ഇനം അനുസരിച്ച് 6-8 മാസം വരെ മൂപ്പ് കാണാം. നന്നായി മൂത്ത ഇഞ്ചി ഇലയും തണ്ടും ഉണങ്ങിത്തുടങ്ങുന്നതോടെ നന നിര്‍ത്തി പൂര്‍ണമായും ഉണങ്ങന്‍ അനുവദിക്കണം. പിന്നീട് തടങ്ങളില്‍ നി്ന്നും ഇളക്കിയെടുത്ത് വേരും മണ്ണും നീക്കി ഉപയോഗിക്കാം.
ഗ്രോബാഗ് കൃഷിയില്‍ ഒരു കട ഇഞ്ചിയില്‍ നിന്ന് 100 മുതല്‍ 800 ഗ്രാം വരെ പച്ച ഇഞ്ചി ലഭിക്കാറുണ്ട്. പത്തടി നീളവും മൂന്നടി വീതിയുമുളള തടത്തില്‍ നിന്നാകട്ടെ 3-10 കിലോ വരെ ഇഞ്ചി കിട്ടും.

ഡോ. ജലജ എസ്. മേനോന്‍,

അസി. പ്രൊഫസര്‍,

കേരള കാര്‍ഷിക സര്‍വകലാശാല

English Summary: Ginger farming in grow bag
Published on: 16 December 2019, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now