നല്ല മഴയത്ത് ചൂടു ചായയ്‌ക്കൊപ്പം ഒരു മുളക് ബജി കൂടിയായാല്‍ സംഗതി കുശാലായിരിക്കും. മുളക് ബജി എല്ലാവര്‍ക്കും ഇഷ്ടമുളള വിഭവമാണ്.
പ്രത്യേകിച്ചും തട്ടുകടകളിലേതാണെങ്കില്‍ പറയേണ്ടതില്ലല്ലോ. ബജിയില്‍ ഉപയോഗിക്കുന്ന മുളകിന് വലിയ എരിവൊന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ക്കുപോലും എളുപ്പം കഴിക്കാനാകും. എങ്കില്‍ കേട്ടോളൂ ഒരല്പം മനസ്സുവച്ചാല്‍ ബജി മുളക് നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം. ചട്ടിയിലും ഗ്രോബാഗിലും വരെ ഈ മുളക് നന്നായി വളര്‍ത്തിയെടുക്കാനാകും.
താരതമ്യേന ചെലവ് കുറഞ്ഞതും ആകര്‍ഷകവുമാണ് ബജി മുളക് കൃഷി. വാണിജ്യാടിസ്ഥാനത്തിലും അല്ലാതെയുമെല്ലാം ഇത് കൃഷി ചെയ്യാം. മെയ്-ജൂണ്‍, സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ബജി മുളക് കൃഷി ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
കൃഷി രീതികള്‍ മറ്റ് മുളകുകളുടേതിന് സമാനമാണ്. നന്നായി വിളഞ്ഞ മുളകില്‍ നിന്ന് വിത്ത് ശേഖരിക്കാവുന്നതാണ്. നഴ്‌സറികളിലും തൈകള്‍ വാങ്ങാന്‍ കിട്ടും. വിത്ത് പാകുന്നതിന് മുമ്പ് കിഴി കെട്ടി വെളളത്തില്‍ മുക്കിവയ്ക്കാവുന്നതാണ്. വിത്ത് പാകിയ ശേഷം മിതമായ രീതിയില്‍ നനച്ചുകൊടുക്കാം.
രണ്ടാഴ്ച കഴിയുമ്പോള്‍ മുളക് തൈകള്‍ മാറ്റി നടാവുന്നതാണ്. ഗ്രോബാഗില്‍ നടുന്നവര്‍ക്ക് മണ്്, ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ടം, കരിയില എന്നിവ ഉപയോഗിച്ച് ഗ്രോബാഗ് തയ്യാറാക്കാവുന്നതാണ്. മണ്ണ് ലഭിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് എന്നിവ ചേര്‍്ക്കുന്നെങ്കില്‍ നല്ലതാണ്. അത്യാവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായിരിക്കണം തൈകള്‍ നടാന്‍ തെരഞ്ഞെടുക്കേണ്ടത്.
കീടങ്ങളുടെ ആക്രമണത്തില്‍ രക്ഷ തേടാനായി ഇടയ്ക്ക് ശക്തിയായി വെളളം പമ്പ് ചെയ്യുകയോ ഇലകളില്‍ വെളിച്ചെണ്ണ പുരട്ടുകയോ ചെയ്യാവുന്നതാണ്. ചൂര്‍ണപ്പൂപ്പ് എന്ന രോഗമാണ് മുളക് ചെടിയെ പ്രധാനമായും ബാധിക്കാറുളളത്. വേപ്പെണ്ണ ലായനി തളിച്ച് കൊടുത്തും കീടങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്. നല്ല ആരോഗ്യമുളള തൈകളാണെങ്കില്‍ 70 മുളകുകള്‍ വരെ ഒരു മാസം കൊണ്ട് വിളവെടുക്കാനാകും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മുളക് വിള കൂട്ടാന്‍ ടിപ്പുകള്‍