ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് കുരുമുളക് കൃഷിക്ക് യോജിച്ചത്. ശരിയായ വളർച്ചയ്ക്ക് വർഷത്തിൽ 250 സെൻറീമീറ്റർ മഴ ആവശ്യമാണ്. ഇതിലും കുറവ് മഴ ലഭിക്കുന്ന പ്രദേശങ്ങളിലും വളർച്ചയുടെ ആവശ്യഘട്ടങ്ങളിൽ മഴ ലഭിക്കുമെന്നുണ്ടെങ്കിൽ മുളക് കൃഷി ചെയ്യാം. നട്ട് 20 ദിവസത്തിനുള്ളിൽ 70 മില്ലിമീറ്റർ മഴ ലഭിച്ചാൽ തളിരിടുന്നതിനും വിരിയുന്നതിനു സഹായകമാകും. പക്ഷേ ഒരിക്കൽ പൂവിടാൻ തുടങ്ങിയാൽ കായ പിടിക്കുന്നത് വരെ കുറഞ്ഞ തോതിലെങ്കിലും തുടർച്ചയായി മഴ ലഭിക്കേണ്ടതുണ്ട്. ഇതിനിടയിൽ കുറച്ചു ദിവസങ്ങളുടെ വരൾച്ച പോലും ഗണ്യമായ വിളനഷ്ടം ഉണ്ടാകും. നീണ്ട വരൾച്ച ചെടിയുടെ വളർച്ചയെ തന്നെ ബാധിക്കുന്ന കാര്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ : കുരുമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കുരുമുളകിൻറെ 11 രോഗങ്ങളും , നിയന്ത്രണ രീതികളും
കുരുമുളകിനു 10 ഡിഗ്രി വരെ കുറഞ്ഞ ചൂടും 40 ഡിഗ്രി വരെയുള്ള കൂടിയ ചൂടും താങ്ങാൻ ആകുമെങ്കിലും 20 മുതൽ 30 ഡിഗ്രി വരെയുള്ള താപനിലയാണ് ഏറ്റവും അനുയോജ്യം. സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരത്തിൽ വരെ വളരുമെങ്കിലും കുരുമുളക് കൃഷിക്ക് കൂടുതൽ ചേരുന്നത് ഉയരം കുറവുള്ള പ്രദേശങ്ങളാണ്. നല്ലനീർവാർച്ചയും ധാരാളം ജൈവാംശം ഉള്ള മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം. മണ്ണിൽ കുറച്ചുനാളത്തേക്ക് ഉണ്ടാകുന്ന വെള്ളക്കെട്ട് പോലും ചെടിക്ക് ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. അല്പം ചെരിവുള്ള സ്ഥലങ്ങളാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം. മണ്ണിൻറെ നീർവാർച്ച ഉറപ്പാക്കുന്നതിന് ഇത് സഹായിക്കും. തെക്കോട്ടുള്ള ചെരുവുകൾ ഒഴിവാക്കണം അല്ലെങ്കിൽ ശക്തിയായ വെയിലിൽ നിന്ന് വള്ളികൾക്ക് ആവശ്യമായ സംരക്ഷണം നൽകേണ്ടിവരും.
ബന്ധപ്പെട്ട വാർത്തകൾ : കുരുമുളക് കൃഷി- ഒരു പഠനം
നടീൽ കാലം
ഏപ്രിൽ -മെയിൽ പുതു മഴ പെയ്യുന്നതോടെ താങ്ങു മരങ്ങൾ നടാം. മുരുക്ക്, കിളിഞാവൽ, പെരുമരം, സുബാബുൾ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തിൽ കുരുമുളക് കൃഷി ചെയ്യുമ്പോൾ അക്വേഷ്യ, പ്ലാവ് തുടങ്ങിയവ താങ്ങായും മറ്റു ആദായത്തിനായി നട്ടുവളർത്താം. ഉയർന്ന പ്രദേശങ്ങളിൽ മുരുക്ക് സിൽവർ ഓക്ക് എന്നിവ കുരുമുളക് നടുന്നതിന് രണ്ടു മൂന്നു വർഷം മുൻപ് തന്നെ നട്ടുപിടിപ്പിക്കണം. താങ്ങുകൾ നടുന്നത് 40 മുതൽ 50 സെൻറീമീറ്റർ താഴ്ച്ചയിലുള്ള കുഴികളിൽ ആയിരിക്കണം. സമതലത്തിൽ 3 മീറ്ററും ചെരിവുള്ള പ്രദേശങ്ങളിൽ ചെടികൾ തമ്മിൽ രണ്ട് മീറ്ററും വരികൾ തമ്മിൽ നാലു മീറ്ററും അകലം പാലിക്കണം. നട്ടതിനുശേഷം ചുറ്റുമുള്ള മണ്ണ് ഉറപ്പിക്കുന്നത് കമ്പ് മണ്ണിൽ ഉറച്ച് നിൽക്കുന്നതിന് സഹായിക്കും. താങ്ങു മരത്തിൽ നിന്നും 15 സെൻറീമീറ്റർ അകലത്തിൽ വടക്കുവശത്തായി 50*50*50 സെൻറീമീറ്റർ ആഴത്തിൽ കുഴികൾ എടുക്കണം. കുഴി ഒന്നിന് 50 ഗ്രാം ട്രൈക്കോഡർമ എന്നതോതിൽ കമ്പോസ്റ്റോ, ചാണകപ്പൊടിയോ മേൽമണ്ണുമായി കലർത്തി കുഴി നിറയ്ക്കണം.
ജൂൺ- ജൂലൈ കാലവർഷം തുടങ്ങുന്നതോടെ വേരുപിടിച്ച രണ്ടോമൂന്നോ വള്ളികൾ വീതം കുഴിയിലും നടാം. ഓരോ ചെടിയുടെ ചുവട്ടിലും കൂനയാക്കി മണ്ണ് ഉറപ്പിക്കുന്നത് വെള്ളം കെട്ടി നിൽക്കാതിരിക്കാൻ സഹായിക്കും. വളർന്നുവരുന്ന തലകൾ താങ്ങു മരങ്ങളിൽ കെട്ടി നിർത്തണം. ചെടിക്ക് ആവശ്യമായ തണൽ നൽകുകയും വേണം. താങ്ങായി വളർത്തുന്നതെങ്കിൽ മരത്തിൻറെ തടിയിൽ നിന്ന് ഒന്നര മീറ്റർ അകലെ കുരുമുളക് തൈകൾ നടണം.
മികച്ച ഇനങ്ങൾ
മേൽത്തരം ഇനങ്ങൾ -പന്നിയൂർ1, പന്നിയൂർ 2, പന്നിയൂർ 3, പന്നിയൂർ 4, പന്നിയൂർ 5, പന്നിയൂർ 6, പന്നിയൂർ 7, പന്നിയൂർ 8 വിജയ്, ശുഭകര, പഞ്ചമി പൗർണമി, മലബാർ എക്സൽ.
നാടൻ ഇനങ്ങൾ - കരിമുണ്ട, നീലമുണ്ട, കൊറ്റ നാടൻ, കുതിരവാലി, അറക്കളം മുണ്ട, ബാലൻ കോട്ട, കല്ലുവള്ളി.
ബന്ധപ്പെട്ട വാർത്തകൾ : കുരുമുളക് -അശാസ്ത്രീയമായ സംസ്കരണവും സൂക്ഷിപ്പ് രീതിയും