പോറസ് കോണ്‍ക്രീറ്റില്‍ വികസിപ്പിച്ചെടുത്ത കുഴലുകളാണ് പെര്‍ക്കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റ് (ജെ എ ജെ). ഇത് കുരുമുളകുക്കൊടി കയറ്റി വിട്ട് സമൃദ്ധമായി വിളവെടുക്കുവാന്‍ സഹായിക്കുന്നു. കുരുമുളക് ചെടി ഒരു വര്‍ഷത്തിനുള്ളില്‍ കായിച്ചു തുടങ്ങും എന്നതാണ് ഇതിന്‍റെ പ്രത്യേകത. കൊടി തളിര്‍ക്കുന്നതിനനുസരിച്ച് വര്‍ഷം മുഴുവനും കുരുമുളക് ലഭ്യമാകുന്നതും ഇതിന്‍റെ സവിശേഷതയാണ്. കൂടാതെ ഡ്രാഗണ്‍ഫ്രൂട്ട്, വാനില പോലുള്ള ക്രീപ്പര്‍ കൃഷികളും ഈ സംവിധാനത്തില്‍ വളരെ വിജയകരമായി ചെയ്യാവുതാണ്.
ജെ എ ജെ പോസ്റ്റുകളുടെ പരുക്കന്‍ പ്രതലം മുഴുവന്‍ സുഷിരങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. ഈ കുഴലില്‍ മണ്ണും, ചാണകപൊടിയും, ജൈവവളവും ചേര്‍ത്ത മിശ്രിതം മണലോ, ചകിരിച്ചോറോ ചേര്‍ത്ത് നിറച്ച ശേഷം കുഴിയെടുത്ത് നാട്ടി ഉറപ്പിക്കുക. പിന്നീട് കുരുമുളക് ചെടിയുടെ കൂടത്തൈകള്‍ ജെ എ ജെ പോസ്റ്റിനു ചുവട്ടില്‍ ചാണകപ്പൊടിയും ജൈവവളവും ചേര്‍ത്ത് നടുക. ആവശ്യത്തിന് വെളളം നനച്ചു കൊടുക്കണം. ആദ്യ വര്‍ഷം തണലിനായി മറച്ചുകൊടുക്കണം. കുരുമുളക് കൊടി അത്ഭുതകരമായി വളര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ കായിച്ചു തുടങ്ങും.
ഈ പെര്‍ക്കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റിന് ധാരാളം സവിശേഷതകള്‍ ഉണ്ട്. മഴ പെയ്യുമ്പോഴും, മുകളില്‍ നിന്നും നനച്ചു കൊടുക്കുമ്പോഴും വെള്ളവും, വളവും കിനിഞ്ഞിറങ്ങി ചോര്‍ന്ന് കോണ്‍ക്രീറ്റിന്‍റെ സുഷിരങ്ങളിലൂടെ പുറത്തേക്ക് വന്ന് ചെടിയുടെ വേരുകള്‍ക്ക് നല്‍കുന്നു. അതുപോലെ തന്നെ കുരുമുളക് ചെടിയുടെ വേരുകള്‍ ഈ സുഷിരങ്ങളിലൂടെ അകത്തേക്ക് പോയി വെള്ളവും, വളവും ആവശ്യത്തിന് വലിച്ചെടുക്കുന്നു. കുരുമുളക് ചെടി, ഭൂമിയില്‍ നിന്നും വളവും വെള്ളവും വലിച്ചെടുക്കുന്നതിന് പുറമെയാണിത്.
വേരുകള്‍ ശക്തമായി പിടിച്ചുകയറി പോകുവാന്‍ പോറസ് കോണ്‍ക്രീറ്റിന്‍റെ പരുക്കന്‍ പ്രതലവും സുഷിരങ്ങളും, സഹായിക്കുന്നു. വേരുകള്‍ക്ക് സമൃദ്ധമായി വായു ലഭിക്കുന്നു എന്നതും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ചുവടു മുറിഞ്ഞുപോയാല്‍ പോലും ചെടി വളര്‍ന്നു കയറുന്നതായി കാണാം. നേഴ്സറിയുടെ ആവശ്യത്തിനായി വള്ളികള്‍ വളര്‍ത്തി മുറിച്ചെടുക്കുവാനും ജെ എ ജെ പോസ്റ്റുകള്‍ ഉപയോഗിക്കാം.
കുരുമുളക് കൃഷി ചെയ്യാനൊരുങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്
ഇടയ്ക്ക് മുകളില്‍ കുഴലില്‍ ചാണകവും, വളവും ഇട്ട് കൊടുക്കണം. ചെടി വളര്‍ന്ന് പോസ്റ്റ് മുഴുവന്‍ മൂടിക്കഴിയുമ്പോള്‍ എത്ര വേനലിലും ചൂടിന്‍റെ പ്രശ്നമുണ്ടാകുന്നില്ല. ചാണകവും വളവും ചേര്‍ത്ത് ജെ എ ജെ പോസ്റ്റിന്‍റെ പുറത്ത് തേച്ച് പിടിപ്പിച്ചാല്‍ വീണ്ടും കൂടുതല്‍ പ്രയോജനം ലഭിക്കും. ജെ എ ജെ പോസ്റ്റുകള്‍ക്ക് മുകളില്‍ മണ്‍കലം തുളച്ച് തുണിത്തിരി വെച്ച് കലത്തില്‍ വെള്ളം നിറച്ച് ജലസേചനം നടത്താവുന്നതാണ്.
താങ്ങുമരങ്ങളുടെ തണല്‍ ഇല്ലാത്തതുകൊണ്ട് സൂര്യപ്രകാശവും, വായു സഞ്ചാരവും സമൃദ്ധമായി കിട്ടുന്നത് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. അടുത്തടുത്ത് ജെ എ ജെ പോസ്റ്റുകള്‍ നടാവുന്നതുകൊണ്ട് ഒരേക്കറില്‍ 50% ല്‍ കൂടുതല്‍ തൈകല്‍ നടാം. താങ്ങുമരങ്ങള്‍ വളര്‍ത്തി കൊണ്ടുവരാനുള്ള കാലതാമസവും, മരങ്ങള്‍ കേടുവന്ന് പോകുവാനുള്ളതും, താങ്ങുമരങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ ചെടിയിലേക്ക് പകരുവാനുള്ള സാധ്യതയും ഈ സംവിധാനത്തില്‍ ഇല്ലാതാക്കുന്നു. ചുവട്ടില്‍ ഇട്ട് കൊടുക്കുന്ന വളവും വെള്ളവും താങ്ങുമരങ്ങള്‍ വലിച്ചെടുക്കാതെ കുരുമുളക് ചെടിക്ക് മാത്രമായി ലഭിക്കുന്നു എന്നത് ഏറ്റവും വലിയ സവിശേഷതയാണ്. നല്ല സൂര്യ പ്രകാശം ലഭിക്കുന്നതു കൊണ്ട് മഴക്കാലങ്ങളില്‍ ചുവട്ടിലെ ഈര്‍പ്പം കുറയുന്നത് കുമിള്‍ രോഗങ്ങളും, ദ്രൂതവാട്ടവും വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ജെ എ ജെ പോസ്റ്റുകള്‍ ദീര്‍ഘകാലം ഈട് നില്‍ക്കുതാണ്.
കുരുമുളക് കൃഷി; നാല്പതു നാട്ടറിവുകൾ
ഒരു ജെ എ ജെ പോസ്റ്റ് വീടിന്‍റെ മുറ്റത്തോ, സമീപത്തോ നാട്ടി കൃഷി ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് ആ വീട്ടിലേക്ക് ആവശ്യമുള്ള വിഷമില്ലാത്ത നല്ല ജൈവക്കുരുമുളക് ലഭിക്കും. എപ്പോള്‍ വേണമെങ്കിലും പച്ചകുരുമുളക് പറിച്ചെടുത്ത് കറിക്ക് ഉപയോഗിക്കാം. കുരുമുളക് പറിച്ചെടുക്കുവാന്‍ ജോലിക്കാരുടെ ആവശ്യമില്ല. ഒരു സ്റ്റൂള്‍ ഉണ്ടെങ്കില്‍ വീട്ടമ്മയ്ക്ക് പോലും വിളവെടുക്കാം. ഇത് വീട്ട്മുറ്റത്തിന് ഒരലങ്കാരം കൂടിയാണ്. ഈ കറുത്ത പൊന്ന് എത്ര വര്‍ഷം വേണമെങ്കിലും സൂക്ഷിച്ച് വെച്ച് കൂടിയ വില വരുമ്പോള്‍ വില്‍ക്കുവാന്‍ സാധിയ്ക്കുന്ന ഒരു കാര്‍ഷിക വിളയാണ്.
ഇതോടൊപ്പം പോറസ് പ്ലാന്‍റിംഗ് റിംഗുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സംവിധാനത്തില്‍ നീര്‍വാര്‍ച്ചയുണ്ടാകുന്നതൊടൊപ്പം മണ്ണില്‍ വായുവിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ ലഭ്യമാകുന്നത് വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നു. വളം ഒട്ടും പാഴായി പോകുന്നില്ല. മണ്ണില്‍ വെളളം കെട്ടിനില്‍ക്കാത്തതിനാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും അഴുകല്‍ പ്രശ്നങ്ങളില്‍ നിന്നും മോചനം. ആവശ്യത്തിന് നനകൊടുക്കുകയും, പ്ലാസ്റ്റിക് മള്‍ച്ച് കൊണ്ട് മൂടി, നനനിറുത്തി സ്ട്രസ്സ് കൊടുത്ത് കായിപ്പിക്കുകയും ചെയ്യാം. ഡ്രാഗണ്‍ഫ്രൂട്ട്, ഏലം മുതലായവയ്ക്ക് ഉത്തമം.