പണ്ടൊക്കെ വീട്ടാവശ്യത്തിനുളള കുരുമുളക് വളളികളെങ്കിലും ഇല്ലാത്ത വീടുകള്‍ ചുരുക്കമായിരുന്നു. എന്നാലിന്ന് സ്ഥലപരിമിതി എന്ന ഒറ്റക്കാരണത്താല്‍ ആഗ്രഹം ഉണ്ടെങ്കിലും പലതും വളര്‍ത്താനാകാത്ത സ്ഥിതിയാണ്.
ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ചതാണ് കുറ്റിക്കുരുമുളക് അഥവാ ബുഷ് പെപ്പര്‍ കൃഷി. ചെടിച്ചട്ടിയില്‍ ഫ്‌ളാറ്റുകളില്‍പ്പോലും എളുപ്പം കൃഷി ചെയ്യാമെന്നതിനാല്‍ ഇതിന് പ്രചാരവും കൂടുതലാണ്. താങ്ങ് വൃക്ഷങ്ങളുടെ സഹായമൊന്നുമില്ലാതെ അധികം പടരാതെ നല്ല വിളവ് തരുമെന്നതാണ് കുറ്റിക്കുരുമുളകിന്റെ പ്രത്യേകത.
വലിയ ശ്രദ്ധയോ പരിചരണമോ ഒന്നും ആവശ്യമില്ലാത്ത കുറ്റിക്കുരുമുളക് ആര്‍ക്കും എളുപ്പം കൃഷി ചെയ്യാം. കുരുമുളക് ചെടിയുടെ പ്രധാന തണ്ടില്‍ നിന്ന് പാര്‍ശ്വഭാഗങ്ങളിലേക്ക് വളരുന്ന ശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത്. മുറിക്കുമ്പോള്‍ മൂന്ന് മുട്ട് താഴെ വച്ച് മുറിക്കണം.
തുല്യ അളവില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവയെടുത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാവുന്നതാണ്. തുടര്‍ന്ന് ഈ മിശ്രിതം ഒരു ചെറിയ കവറിലോ പോളിത്തീന്‍ ബാഗിലോ നിറച്ച് തൈകള്‍ നടാവുന്നതാണ്.
പെട്ടെന്ന് വേര് പിടിക്കാന്‍ റൂട്ടിങ് ഹോര്‍മോണ്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാം. മണ്ണിനടിയില്‍പ്പോകുന്ന രണ്ട് മുട്ടിലും പുരട്ടി നടാവുന്നതാണ്. തണലും ആവശ്യത്തിന് വെളളവും കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്.