Updated on: 18 September, 2019 5:02 PM IST

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നിറം നല്‍കുന്നതിനും വസ്ത്രങ്ങള്‍ക്ക് നിറക്കൂട്ടുകള്‍ ഉണ്ടാക്കുന്നതിനും സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും മഞ്ഞല്‍ ഉപയോഗിക്കുന്നു. മഞ്ഞള്‍ കയറ്റുമതിയിലും ഉല്‍പാദനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, കര്‍ണ്ണാടക, പശ്ചിമബംഗാള്‍, ഗുജറാത്ത്, മേഘാലയ, മഹാരാഷ്ട്ര, ആസ്സാം എന്നിവയാണ് പ്രധാനപ്പെട്ട മഞ്ഞള്‍ ഉല്‍പാദക രാജ്യങ്ങള്‍.
ഔഷധമായും മതപരമായ ചടങ്ങുകളിലും സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും മഞ്ഞള്‍ ധാരാളം ഉപയോഗിക്കുന്നതിനാല്‍ ജെവമഞ്ഞളിന് സാദ്ധ്യതകളേറെ. ജൈവമഞ്ഞള്‍ക്കൃഷി യാഥാര്‍ത്ഥ്യമാകാന്‍ ചില ചിട്ടകള്‍ കൂടിയേ തീരൂ.

നങ്ങള്‍ അനവധി
മഞ്ഞളിന്റെ നിരവധി ഇനങ്ങള്‍ കൃഷിചെയ്യുന്നു. പ്രധാന നാടന്‍ ഇനങ്ങള്‍ ദുഗ്ഗിരാല, തെക്കൂര്‍ പെറ്റ, സുഗന്ധം, അമലാപുരം, ഈറോഡ് ലോക്കല്‍, മൂവാറ്റുപുഴ, ലക്കടോങ്ങ് എന്നിവയാണ്. കൂടാതെ ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നുളള പ്രഭ, പ്രതിഭ, ആലപ്പി സുപ്രീം തുടങ്ങിയവ മികച്ച ഇനങ്ങളാണ്.
ജൈവ നടീല്‍ വസ്തു
മഞ്ഞളിന്റെ മുകുളങ്ങളുളള പ്രകന്ദഭാഗങ്ങളാണ് നടാന്‍ ഉപയോഗിക്കുന്നത്. മഞ്ഞള്‍ നല്ല രീതിയില്‍ മുളയ്ക്കാന്‍ നടും മുമ്പ് വേണ്ട വിധം സംഭരിക്കണം. ജൈവ മഞ്ഞള്‍ ഉല്‍പാദിപ്പിക്കാന്‍ ജൈവ കൃഷിയുടെ ചട്ടങ്ങള്‍ പാലിച്ച് ഉല്‍പാദിപ്പിച്ച മഞ്ഞള്‍ വിത്തിനുപയോഗിക്കണം. ഇത്തരം മഞ്ഞള്‍ ഇല്ലെങ്കില്‍ പരമ്പരാഗത രീതിയില്‍ ഉല്‍പാദിപ്പിച്ച മഞ്ഞള്‍ വിത്തിനുപയോഗിക്കാം. ഇവ ജൈവ കൃഷിരീതി പ്രകാരം സസ്യസംരക്ഷണ ഉപാധികളായ വേപ്പെണ്ണ, ബോര്‍ഡോ മിശ്രിതം തുടങ്ങിയവ ഉപയോഗിച്ച് കൃഷി ചെയ്തതാകണം. പരമ്പരാഗത മഞ്ഞളിന്റെ അഭാവത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച മഞ്ഞളും ചില നിബന്ധനകളും നിര്‍ദ്ദേശങ്ങളും പ്രകാരം ഉപയോഗിക്കാം.
വിത്തു മഞ്ഞള്‍
ശരിയായ രീതിയില്‍ വിത്ത് മഞ്ഞള്‍ സംഭരിക്കാന്‍ സ്ഥലത്തിന്റെ ഊഷ്മാവ് 22 - 25 ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്തണം. ഊഷ്മാവ് 28 ഡിഗ്രി സെല്‍ഷ്യസ് കൂടിയാല്‍ മഞ്ഞള്‍ ഉണങ്ങി കനം കുറഞ്ഞ് ആരോഗ്യമില്ലാത്തതാകും. മഞ്ഞളിന് നല്ല ബീജാങ്കുരണ ശേഷി ഉറപ്പു വരുത്താന്‍ തണലത്ത് കുഴിയെടുത്ത് സൂക്ഷിക്കണം. നല്ല വലിപ്പമുളള രോഗ കീടബാധ ഇല്ലാത്ത പ്രകന്ദങ്ങളാണ് വിത്തിന് ഉപയോഗിക്കാം. വിത്ത് മഞ്ഞള്‍ ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതലായനിയില്‍ 20 മിനിട്ട് മുക്കി തണലത്ത് വെളളം വാര്‍ക്കണം. 1x1x1 മീറ്റര്‍ വലിപ്പമുളള അരികു വശം കല്ലുകൊണ്ടോ ഇഷ്ടിക കൊണ്ടോ ഉള്‍വശം കെട്ടി ചാണകം മെഴുകിയ കുഴിയില്‍ മഞ്ഞള്‍ സൂക്ഷിക്കാം. കുഴിയുടെ അടിയില്‍ 5 സെ. മീ. കനത്തില്‍ മണലോ അറക്കപ്പൊടിയോ വിതറുക. അതിനു മീതെ ഒരടി വിത്ത് മഞ്ഞള്‍ അടുക്കുക. കുഴി നിറയും വരെ പല നിരകളിലായി മഞ്ഞള്‍ അടുക്കി വച്ചതിനുശേഷം വായുസഞ്ചാരത്തിന് കുഴിയുടെ മുകള്‍ഭാഗത്ത് 10 സെ.മീ സ്ഥലം ഒഴിച്ചിടണം. കുഴി ചെറിയ മരപ്പലകയിട്ട് മൂടാം. ഷെഡ്ഡില്‍ സൂക്ഷിക്കുന്നതുപോലെ വായുസഞ്ചാരവും തണലുമുളള പ്രദേശങ്ങളില്‍ മഞ്ഞള്‍ കൂനകൂട്ടി മഞ്ഞളിലകള്‍ അല്ലെങ്കില്‍ പാണലില്‍ ഇലകളില്‍ മൂടിയും സൂക്ഷിക്കാം.
രോഗ - കീട പ്രതിരോധത്തിന് സംഭരിച്ച മഞ്ഞള്‍ മാസത്തിലൊരിക്കല്‍ തുറന്നു പരിശോധിച്ച് കേടായ അഴുകിയ മഞ്ഞള്‍ മാറ്റണം.

വിത്ത് മഞ്ഞള്‍ - അളവുകോല്‍
ഇനത്തിന്റെയും മണ്ണിന്റെയും അടിസ്ഥാനത്തില്‍ മഞ്ഞളിന്റെ വലിപ്പവും തൂക്കവും വ്യത്യാസപ്പെടും. മഞ്ഞളിന്റെ വലിപ്പത്തിന് ആനുപാതികമാണ് വിളവ്. കൂടുതല്‍ വിളവ് ലഭിക്കാന്‍ മഞ്ഞള്‍ 20-25 ഗ്രാം തൂക്കമുളള ഒന്നോ രണ്ടോ മുകുളങ്ങളോടു കൂടിയ കഷ്ണങ്ങളാക്കും. പൊതുവെ ഹെക്ടറിന് 1500 - 2500 കി. ഗ്രാം മഞ്ഞളാണ് ഉപയോഗിക്കേണ്ടത്. ജി. ആര്‍.ബി 35 / ജി.ആര്‍.ബി. 17 എന്ന ബാക്ടീരിയ അടങ്ങുന്ന ഒരു കാപ്‌സ്യൂള്‍ 100 ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച ലായനിയില്‍ വിത്തു കഷണങ്ങള്‍ മുക്കി നട്ടാല്‍ വളര്‍ച്ചയും രോഗപ്രതിരോധശേഷിയും വര്‍ദ്ധിക്കും.
നിലമൊരുക്കാം നടാം
ആദ്യ വേനല്‍ മഴ ലഭിച്ച് ഫെബ്രുവരി - മാര്‍ച്ച് മാസം നിലം ഒരുക്കാം. അമ്‌ളത കൂടുതല്‍ ഉളള മണ്ണില്‍ (പിഎച്ച് 6 ന് താഴെ) കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ് ഒരു ഹെക്ടറിന് 1000 കി. ഗ്രാം എന്ന തോതില്‍ വിതറി നിലം ഉഴണം. ഒരു മീറ്റര്‍ വീതിയും 30 സെ. മീറ്റര്‍ ഉയരവും ആവശ്യാനുസരണം നീളവുമുളള വാരങ്ങള്‍ എടുക്കണം. വാരങ്ങള്‍ തമ്മില്‍ 50 സെ. മീ. ഇടയകലം വേണം. ജലസേചനസൗകര്യമുളളിടത്ത് വരമ്പുകള്‍ എടുത്തും ചാലു കീറിയും മഞ്ഞള്‍ നടാം. കേരളത്തിലും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ഏപ്രില്‍ - മെയ് മാസം വേനല്‍ മഴ ലഭിക്കുന്നതനുസരിച്ച് മഞ്ഞള്‍ നടാം. നടുന്നതിന് ആരോഗ്യമുളള മാതൃ പ്രകന്ദങ്ങളോ അല്ലെങ്കില്‍ പ്രകന്ദങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കിയോ ഉപയോഗിക്കാം. വാരങ്ങളില്‍ 25 സെ. മീ. അകലത്തില്‍ നിരനിരയായി കുഴികളെടുത്ത് ചാണകപ്പൊടി വിതറിയ ശേഷം മുകുളം മുകള്‍ഭാഗത്ത് വരുന്ന വിധം വിത്ത് നടാം. ചാലുകളിലും വരമ്പുകളിലും മഞ്ഞള്‍ നടുമ്പോള്‍ നിരകള്‍ തമ്മില്‍ 45-60 സെ.മീ. അകലവും ചെടികള്‍ തമ്മില്‍ 25 സെ. മീ. അകലവും നല്‍കണം.
ജൈവ കൃഷിക്ക് നിലമൊരുക്കുമ്പോള്‍ മാലിന്യമില്ലാത്ത നീര്‍വാര്‍ച്ചയുളള പ്രദേശം തിരഞ്ഞെടുക്കണം. തോട്ടത്തിന് ചുറ്റും സസ്യങ്ങള്‍, മരങ്ങള്‍, ശീമക്കൊന്ന എന്നിവ കൊണ്ട് ബഫര്‍ സോണ്‍ നിര്‍മിക്കുന്നത് നല്ലതാണ്. ബഫര്‍സോണില്‍ ശീമക്കൊന്ന എന്നിവ നട്ടാല്‍ തോട്ടത്തിലേക്ക് മണ്ണിലൂടെയുളള മാലിന്യങ്ങള്‍ കിനിഞ്ഞിറങ്ങുന്നത് തടയാം. ബഫര്‍ വിളയായി മഞ്ഞള്‍ തന്നെ നടുകയാണെങ്കില്‍ അവ ജൈവമഞ്ഞളായി കണക്കാക്കുകയില്ല. ബഫര്‍സോണ്‍ അതാത് പ്രദേശത്തിന്റെ ഘടനയനുസരിച്ച് വ്യത്യാസപ്പെടും. ജൈവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സിയാണ് ഇതു തീരുമാനിക്കുക.

പുതയിടണം
പുതയിടുന്നത് മഞ്ഞള്‍ വേഗം മുളയ്ക്കാനും കൂടുതല്‍ ചിനപ്പുകള്‍ ഉണ്ടാകാനും നന്ന്. കൂടാതെ മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുകയും കള നിയന്ത്രിക്കുകയും ചെയ്യും. പൊതുവെ ഹെക്ടറിന് 10 മുതല്‍ 30 ടണ്‍ എന്ന തോതില്‍ രണ്ടോ മൂന്നോ തവണ പുതയിടണം. ഇത് മഞ്ഞള്‍ നടുന്ന സമയത്തും പിന്നീട് 45 ദിവസത്തിനു ശേഷവും മൂന്നാമതായി 90-ാം ദിവസവും ചെയ്യുന്നതാണ് ഉത്തമം. സമതല പ്രദേശങ്ങളില്‍ പുതയിടുന്നതിന് പൊതുവെ ഹെക്ടറിന് 30 ടണ്‍ എന്ന തോതില്‍ പച്ചില വളമാണ് നിര്‍ദ്ദേശിക്കുന്നത്. പുതയിടുന്നതിനുവേണ്ടി ഉണങ്ങിയതോ അല്ലെങ്കില്‍ പച്ചിലകളോ, നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി ഇവയുടെ വൈക്കോല്‍, കരിമ്പിന്റെ ഇല, വാഴയില, ഓല എന്നിവയും ഉപയോഗിക്കാം. കേരളത്തില്‍ സാധാരണ ശീമക്കൊന്ന പുതയിടാന്‍ ഉപയോഗിക്കുന്നു.
കളനീക്കം
മഞ്ഞള്‍കൃഷിയിലെ മുഖ്യ പ്രശ്‌നമായ കളകള്‍ വിളവിനെ സാരമായി ബാധിക്കും. മണ്ണ് കിളയ്ക്കുന്നതിനൊപ്പം കളകളെ വെട്ടി നശിപ്പിച്ചും പുതയിട്ടും നിയന്ത്രിക്കണം. കൂടാതെ മണ്ണിലെ വളങ്ങള്‍ വേണ്ട വിധത്തില്‍ യോജിക്കുന്നതിനും, ചെറിയ പ്രകന്ദങ്ങള്‍ വളരുന്നതും മൂലം മണ്ണ് കട്ടിയായി നില്‍ക്കുന്നത് ഒഴിവാക്കുകയും കളകളെ നിയന്ത്രിക്കുകയും, ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ മണ്ണിലെ വളങ്ങള്‍ വേണ്ടവിധത്തില്‍ യോജിക്കുന്നതിനും, ചെറിയ പ്രകന്ദങ്ങള്‍ വളരുന്നതിനും, നാരുകള്‍ക്ക് വായുസഞ്ചാരം കൂടുതല്‍ ലഭിക്കുന്നതിനും, ശല്‍ക്ക കീടങ്ങളില്‍ നിന്ന് വേരിനെ സംരക്ഷിക്കുവാനും സാധിക്കും.

നന
പൊതുവെ നനച്ചും അല്ലാതെയും മഞ്ഞള്‍ കൃഷി ചെയ്യുന്നു. മഴ കുറച്ചു ലഭിക്കുന്ന പ്രദേശങ്ങളില്‍ ജലസേചനം ആവശ്യമാണ്. സെപ്റ്റംബര്‍ പകുതി മുതല്‍ നവംബര്‍ പകുതി വരെ മഴ കിട്ടിയില്ലെങ്കില്‍ ആവശ്യത്തിന് നനയ്ക്കണം. തണല്‍ നല്‍കിയും മണ്ണിലെ ജലനഷ്ടം നിയന്ത്രിക്കാം.

കൃഷി
മഞ്ഞള്‍ ഏകവിളയായും, മിശ്രവിളയായും കൃഷി ചെയ്യാം. മിതമായ തണല്‍ ആവശ്യമായ മഞ്ഞള്‍, തെങ്ങ്, കവുങ്ങ്, ഓറഞ്ച്, പേര, റബ്ബര്‍, പപ്പായ, കാപ്പി തുടങ്ങിയ ദീര്‍ഘകാലവിളകളുടെ ഇടവിളയായി കൃഷി ചെയ്യാം. ജൈവ കൃഷിരീതി അവലംബിക്കുന്ന കൃഷിയിടങ്ങളില്‍ വാരങ്ങള്‍ക്കിടയില്‍ പച്ചിലവളമായി സെസ്ബാനിയ അക്യൂലിയേറ്ര വളര്‍ത്തുന്നതുമൂലം ഉല്പാദന ചെലവ് കുറയുന്നു.
ഏകവിളയായി ഒരേ സ്ഥലത്ത് മഞ്ഞള്‍ കൃഷി ചെയ്യുകയാണെങ്കില്‍ മണ്ണിലെ ഒരേ തരത്തിലുളള പോഷകങ്ങള്‍ നീക്കം ചെയ്യുന്നതുമൂലം വിളവ് കുറയുന്നു. പയര്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന ചെടിയോ, പച്ചില ചെടിയോ ഉപയോഗിച്ച് വിള ചംക്രമണം ചെയ്യാവുന്നതാണ് .

വളം, വളപ്രയോഗം
മഞ്ഞള്‍ മണ്ണില്‍ നിന്നും ധാരാളം പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനാല്‍ കൂടുതല്‍ അളവില്‍ വളം ചേര്‍ക്കണം. കാലിവളം, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, പ്രസ്മഡ്, പിണ്ണാക്ക്, ഗോമൂത്രം തുടങ്ങിയവ ജൈവവളങ്ങളായി ഉപയോഗിക്കാം. ഇവ സാധാരണ അടിവളമായാണ് നല്‍കും. സാധാരണ രീതിയില്‍ ഹെക്ടറിന് 30 ടണ്‍ ഉണക്കിപ്പൊടിച്ച ചാണകവും, 2 ടണ്‍ വേപ്പിന്‍ പിണ്ണാക്കും, 250 കി. ഗ്രാം റോക്ക് ഫോസ്‌ഫേറ്റും നടുന്ന സമയത്ത് കുഴിയിലും നട്ട് 45 ദിവസത്തിനുശേഷം ഒരു ടണ്‍ ചാരം, 2 ടണ്‍ മണ്ണിര കമ്പോസ്റ്റ് എന്നിവയും നട്ട് 90 ദിവസത്തിനുശേഷം 2 ടണ്‍ മണ്ണിര കമ്പോസ്റ്റും ജൈവകൃഷിയില്‍ നല്‍കാം. മണ്ണ് പരിശോധനയ്ക്കുശേഷം പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞാല്‍ 250 ഗ്രാം പ്രകൃതിദത്തമായ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് രണ്ട് ഗഡുക്കളായി 45 ദിവസത്തിനുശേഷവും 90 ദിവസത്തിനുശേഷവും കൊടുക്കാം. സൂക്ഷ്മ പോഷകങ്ങളായ അയണ്‍ സള്‍ഫേറ്റ്, സിങ്ക് സള്‍ഫേറ്റ്, ബോറാക്‌സ് തുടങ്ങിയവ മണ്ണ് / ഇല പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ നല്‍കണം. ഇതിനു വേണ്ടി മഞ്ഞള്‍ സൂക്ഷ്മ പോഷക മിശ്രിതം 5 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച ലായനി, നട്ട് 60, 90 ദിവസങ്ങള്‍ക്കു ശേഷം ഇലകളില്‍ തളിക്കാം. ഇവ നല്‍കി മഞ്ഞളിന്റെ ഉല്‍പാദനവും ഗുണമേന്മയും വര്‍ദ്ധി്പ്പിക്കാം.

സസ്യസംരക്ഷണം
1) ലീഫ് ബ്ലോച്ച് (ഇലകരിച്ചില്‍)
ടാഫ്രിന മാക്കുലന്‍സ് കുമിളാണ് രോഗഹേതു. രോഗം ബാധിച്ച ചെടിയുടെ ഇലകളില്‍ അണ്ഡാകൃതിയിലോ അല്ലെങ്കില്‍ സമചതുരാകൃതിയിലോ തവിട്ടു നിറമുളള പുളളികള്‍ പ്രത്യക്ഷപ്പെടും. ഇവ ക്രമേണ മഞ്ഞയോ കടും തവിട്ടു നിറമോ ആയി ഇലകള്‍ മഞ്ഞളിക്കുന്നു. രോഗം രൂക്ഷമായി ബാധിച്ച ഇലകള്‍ ചെടിയുടെ തീപ്പൊളളലേറ്റ പോലെ കരിയും വിളവ് കുറയും. ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
2) ഇലപ്പുളളി രോഗം
ഈ രോഗം കൊളളിറ്റോട്രൈക്കം ക്യാപ്‌സിസി എന്ന ഇനം കുമിളാണ് വരുത്തുന്നത്. ചെറു ഇലകളില്‍ അല്ലെങ്കില്‍ തളിരിലകളില്‍ തവിട്ടു നിറത്തിലുളള ധാരാളം പുളളികള്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് പുളളികള്‍ കൂടിച്ചേര്‍ന്ന് ഇലയാകെ വ്യാപിക്കുകയും, തുടര്‍ന്ന് ഇലകള്‍ കരിയുകയും ചെയ്യുന്നു. രോഗം ബാധിച്ച ചെടികളുടെ വളര്‍ച്ച മുരടിക്കുന്നു. ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിച്ച് ഈ രോഗം നിയന്ത്രിക്കാവുന്നതാണ്.
മൂട് ചീയല്‍
പിത്തിയം ഗ്രാമിനിക്കോളം എന്ന ഇനം കുമിളാണ് ഈ രോഗത്തിന്റെ ഹേതു. ഇതിന്റെ പ്രാരംഭ ലക്ഷണമായി ചെടിയുടെ ചുവട് ഭാഗത്ത് വെളളത്തില്‍ കുതിര്‍ന്ന പോലെയുളള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇലകളുടെ അരിക് മഞ്ഞളിക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. പിന്നീട് രോഗം ഭൂഖാണ്ഡത്തിലേക്കും വേരുകളിലേക്കും വ്യാപിക്കുന്നതിനാല്‍ വേരും കാണ്ഡവും അഴുകി ഇലകള്‍ മഞ്ഞളിച്ച് ചെടികള്‍ ഉണങ്ങുന്നു. ഈ രോഗം നിയന്ത്രിക്കാന്‍ വിത്ത് മഞ്ഞള്‍ വിളവെടുപ്പിന് ശേഷം ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതത്തില്‍ അര മണിക്കൂര്‍ നേരം മുക്കിയെടുത്ത് തണലിലിട്ട് വെളളം വാര്‍ന്നതിനുശേഷം നടാന്‍ ഉപയോഗിക്കണം. രോഗം ബാധിച്ച ചെടികള്‍ പിഴുതു മാറ്റി ബോര്‍ഡോ മിശ്രിതം കൊണ്ട് വാരങ്ങളിലെ മണ്ണ് കുതിര്‍ക്കണം. രോഗം രൂക്ഷമായി ബാധിച്ച പ്രകന്ദങ്ങള്‍ നടുവാനായി ഉപയോഗിക്കരുത്.
നിമാവിരകള്‍
മുഴകളുണ്ടാകുന്ന മിലോയിഡോഗയിന്‍ വേരുകള്‍ തുരക്കുന്ന റാഡോഫോളസ് നിമാ വിരകളാണ് മഞ്ഞളില്‍ സാധാരണ കണ്ടു വരുന്നത്. രോഗനിയന്ത്രണത്തിന് ആരോഗ്യമുളള രോഗവിമുക്തമായ നടീല്‍ വസ്തു ഉപയോഗിക്കേണ്ടത്. വളപ്രയോഗത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ഉള്‍പ്പെടുത്തുന്നത് നിമാവിരകളുടെ പ്രജനനം തടയുവാന്‍ സഹായിക്കുന്നു.
തണ്ടു തുരപ്പന്‍ പുഴു
മഞ്ഞളില്‍ കണ്ടുവരുന്ന വിനാശകാരിയായ കീടമാണ് തണ്ടു തുരപ്പന്‍. പുഴുക്കള്‍ തുരന്ന് മാംസളമായ കോശഭാഗങ്ങള്‍ തിന്നുന്നു. പുഴുക്കള്‍ തുരക്കുന്ന ഭാഗങ്ങളിലൂടെവിസര്‍ജ്യവസ്തുക്കള്‍ പുറംതളളപ്പെട്ടിരിക്കുന്നത് നിരീക്ഷിച്ചും ഉണങ്ങിപ്പോകുന്ന മധ്യഭാഗത്തെ തായ്തണ്ടുകളെ അടിസ്ഥാനപ്പെടുത്തിയും കീടബാധ നിര്‍ണയിക്കാം. ആക്രമണ വിധേയമായ തണ്ടുകള്‍ മുറിച്ച് നീക്കം ചെയ്യുകയും പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യണം. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുളള മാസങ്ങളില്‍ പുതുതായി കീടബാധയേറ്റ ചെടികള്‍ മുറിച്ചു മാറ്റിയ ശേഷം 0.6 ശതമാനം വീര്യമുളള വേപ്പടിസ്ഥിത കീടനാശിനി (നീം ഗോള്‍ഡ്) ഒരു മാസം ഇടവിട്ട് തളിച്ച് ഈ കീടബാധ നിയന്ത്രിക്കാം.
ശല്‍ക്ക കീടങ്ങള്‍
ശല്‍ക്കകീടങ്ങള്‍ തോട്ടത്തില്‍ വളരുന്ന മഞ്ഞലിലും, വിളവെടുപ്പിന് ശേഷം ശേഖരിച്ചു വയ്ക്കുന്ന പ്രകന്ദങ്ങളിലെ നീരൂറ്റിക്കുടിക്കുന്നതിന്റെ അനന്തര ഫലമായി ഇവ ചുരുങ്ങി ഉണങ്ങി ശുഷ്‌കിച്ചു പോകുന്നു. ഇത് വിത്ത് മഞ്ഞളിന്റെ അങ്കുരണശേഷിയെ സാരമായി ബാധിക്കുന്നു. വിളവെടുപ്പിന് ശേഷം ശേഖരിച്ചുവയ്ക്കുന്ന പ്രകന്ദങ്ങളിലും കണ്ടുവരുന്നു. ശല്‍ക്കകീടങ്ങള്‍ പ്രകന്ദങ്ങളിലെ നീരൂറ്റിക്കുടിക്കുന്നതിന്റെ അനന്തര ഫലമായി ഇവ ചുരുങ്ങി ഉണങ്ങി ശുഷ്‌കിച്ച് പോകുന്നു. ഇത് വിത്ത് മഞ്ഞളിന്റെ അങ്കുരണശേഷിയെ സാരമായി ബാഘിക്കുന്നു. വിളവെടുപ്പിനു ശേഷം വിത്തിനായി സൂക്ഷിക്കുന്ന മഞ്ഞള്‍ നീം ഗോള്‍ഡ് (വേപ്പടിസ്ഥിത കീടനാശിനി) മിശ്രിതത്തില്‍ 30 മിനിട്ട് മുക്കിയെടുത്ത ശേഷം തണലിലിട്ട് ഉണക്കി സംഭരിക്കുന്നത് ഈ കീടത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. രൂക്ഷമായ കീടബാധയുളള പ്രന്ദങ്ങള്‍ നശിപ്പിച്ചു കളയേണ്ടതാണ്.

വിളവ്

മഞ്ഞള്‍ ഇനങ്ങളുടെ പ്രത്യേകത അനുസരിച്ച് വിളവെടുപ്പ് കാലം വ്യത്യാസപ്പെട്ടിരിക്കും. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് സാധാരണ വിളവെടുപ്പു കാലം. ഹ്രസ്വകാല ഇനങ്ങള്‍ 7-8 മാസങ്ങള്‍ക്കുളളിലും, മധ്യമഇനങ്ങള്‍ 8 - 9 മാസങ്ങള്‍ക്കുളളിലും, ദീര്‍ഘ ഇനങ്ങള്‍ 9 - 10 മാസങ്ങള്‍ക്കു ശേഷവും വിളവെടുക്കാം. വിളവെടുപ്പിന് പാകമാകുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ച് ചെടികള്‍ ഉണങ്ങും. കലപ്പ കൊണ്ടുഴുതോ മണ്‍വെട്ടി ഉപയോഗിച്ച് കിളച്ചോ മണ്ണിനടിയില്‍ നിന്ന് മഞ്ഞള്‍ ശേഖരിക്കാം. വിളവെടുത്ത മഞ്ഞള്‍ വെളളത്തില്‍ നന്നായി കഴുകി മണ്ണും മറ്റും നീക്കി ചെയ്ത് വേരുകള്‍ മുറിച്ചു കളയണം.
സംസ്‌കരണം
പ്രകന്ദങ്ങളില്‍ നിന്നും ഉപകാണ്ഡങ്ങള്‍ വേര്‍തിരിച്ചെടുത്ത് സംസ്‌കരിച്ചാണ് ഉണക്ക മഞ്ഞള്‍ ഉണ്ടാക്കുന്നത്. മാതൃപ്രകന്ദങ്ങള്‍ വിത്തിന് ഉപയോഗിക്കും. സാധാരണ രീതിയില്‍ വൃത്തിയാക്കിയ മഞ്ഞള്‍ വെളളത്തിലിട്ട് തിളപ്പിക്കണം. തിളയ്ക്കുന്ന മഞ്ഞളിന് പത വന്നതിനു ശേഷം ഒരു പ്രത്യേക സുഗന്ധം ഉണ്ടാകും വരെ ഈ പ്രക്രിയ തുടരാം. ഏകദേശം 45 - 60 മിനിട്ട് തിളയ്ക്കുമ്പോള്‍ മഞ്ഞള്‍ മൃദുവാകും. തിളപ്പിച്ച മഞ്ഞള്‍ വെയിലത്തുണക്കി സംസ്‌കരിക്കാം. മഞ്ഞളിന്റെ നിറവും സുഗന്ധവും തിളപ്പിക്കലിനെ ആശ്രയിച്ചിരിക്കും. ആവശ്യത്തിലധികം തിളപ്പിച്ചാല്‍ മഞ്ഞളിന് നിറം നഷ്ടപ്പെടും. തിളപ്പിക്കലിന്റെ ദൈര്‍ഘ്യം കുറഞ്ഞാല്‍ ഉണക്കിയെടുത്ത മഞ്ഞള്‍ പൊടിഞ്ഞുപോകാനും മതി.ഗുണമേന്മയേറിയ മഞ്ഞള്‍ കിട്ടാന്‍ ഇനി പറയുന്ന നൂതന രീതിയില്‍ മഞ്ഞള്‍ സംസ്‌കരിക്കണം. 0.9 മീ x 0.5 മീ. x 0.4 മീ. വലുപ്പമുളള ഈയം പൂശിയ ഇരുമ്പ് അഥവാ നാകത്തകിടു കൊണ്ടുണ്ടാക്കിയ പാത്രമാണ് മഞ്ഞള്‍ തിളപ്പിക്കുവാന്‍ ഉപയോഗിക്കേണ്ടത്. സുഷിരങ്ങളുളള ചെറിയ പാത്രത്തില്‍ 50 കി. മഞ്ഞള്‍ ഇട്ടതിനു ശേഷം ഈ പാത്രം വലിയ പാത്രത്തില്‍ ഇറക്കിവച്ച് ആവശ്യത്തിന് വെളളം ഒഴിച്ച് കഷണമങ്ങള്‍ മൃദുവാകും വരെ തിളപ്പിക്കണം. മഞ്ഞള്‍ വലിയ പാത്രത്തില്‍ നിന്ന് പുറത്തെടുത്ത് വെളളം വാര്‍ക്കണം. ഈ വെളളം തന്നെ വീണ്ടും മഞ്ഞള്‍ തിളപ്പിക്കാന്‍ ഉപയോഗിക്കാം. വലിയ തോതില്‍ മഞ്ഞള്‍ പുഴുങ്ങുന്നതിന് TNAU മോഡല്‍ ഇംപ്രൂവ്ഡ് സ്റ്റീം ബോയിലര്‍ ഉപയോഗിക്കാം. ഒരു ബാച്ചില്‍ 100 കി. ഗ്രാം മഞ്ഞള്‍ വരെ പുഴുങ്ങാം. പുഴുങ്ങുന്നതിന് 70 - 75 കി. ഗ്രാം വിറക് വേണം. വിളവെടുപ്പിനു ശേഷം രണ്ടോ മൂന്നോ ദിവസത്തിനകം മഞ്ഞള്‍ സംസ്‌കരിക്കാന്‍ ശ്രദ്ധിക്കണം. കാലതാമസമുണ്ടെങ്കില്‍ പ്രകന്ദങ്ങള്‍ അറക്കപ്പൊടി അല്ലെങ്കില്‍ ചകിരിപ്പൊടി ചേര്‍ത്ത് തണലില്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്.
ഉണക്ക്
വേവിച്ച മഞ്ഞള്‍ പനമ്പിലോ അല്ലെങ്കില്‍ സിമന്റ് തറയിലോ 5-7 സെ.മീ. കനത്തില്‍ പരത്തി വെയിലില്‍ ഉണക്കാം. പ്രതലത്തില്‍ കനം കുറച്ച് പരത്തുന്നത് ഉണക്ക മഞ്ഞളിന്റെ നിലവാരത്തെയും നിറത്തെയും ബാധിക്കും. മഞ്ഞള്‍ പൂര്‍ണമായും ഉണക്കുവാന്‍ 10 - 15 ദിവസം ആവശ്യമുണ്ട്. യന്ത്രം ഉപയോഗിച്ച് 60 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഉണക്കിയാല്‍ ഗുണനിലവാരമുളള മഞ്ഞള്‍ ലഭിക്കുന്നു. വേവിച്ച മഞ്ഞളില്‍ നിന്നും 10-35% വരെ ഇനത്തിനനുസരിച്ച് ഉണക്കശതമാനം ലഭിക്കും.
മഞ്ഞള്‍ മിനുക്കാം
ഉണങ്ങിയ മഞ്ഞളിന്റെ പ്രതലം ശല്‍ക്കങ്ങളും വേരുകളും കൊണ്ട് പരുപരുത്തത് അനാകര്‍ഷകവുമായിരിക്കും. ഉല്‍പന്നം കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ ഉണക്ക മഞ്ഞള്‍ മിനുസപ്പെടുത്തുകയും നിറം കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. യന്ത്രം ഉപയോഗിച്ചോ കടുത്ത പ്രതലത്തില്‍ മഞ്ഞള്‍ ഉരച്ചോ ചാക്കില്‍ പൊതിഞ്ഞ് കാലു കൊണ്ടു മെതിച്ചോ മഞ്ഞള്‍ മിനുസപ്പെടുത്തിയെടുക്കാം. പരിഷ്‌കരിച്ച രീതിയില്‍ അച്ചുതണ്ടില്‍ ഉറപ്പിച്ചതും കൈകൊണ്ട് കറക്കാവുന്നതുമായ പ്രത്യേകതരം യന്ത്രമുപയോഗിച്ചും മഞ്ഞള്‍ മിനുസപ്പെടുത്താം. യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ മഞ്ഞള്‍ പരസ്പരം ഉരഞ്ഞും കമ്പിവലയില്‍ തട്ടിയും മിനുസപ്പെടുന്നു. വലിയ തോതില്‍ മഞ്ഞള്‍ മിനുസപ്പെടുത്തിയെടുക്കുവാന്‍ വൈദ്യുതി യന്ത്രങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്.
സംസ്‌കരിച്ച മഞ്ഞളിന്റെ നിറം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. മിനുസപ്പെടുത്തുന്നതിന്റെ അവസാനം മഞ്ഞള്‍പ്പൊടി ലായനി തളിച്ച് ഉല്‍പന്നത്തിന് നിറം കൂട്ടും.
മഞ്ഞള്‍ ചണച്ചാക്കില്‍ സംഭരിച്ചാല്‍ കീട ബാധ കൂടും. അതിനാല്‍ പ്ലാസ്റ്റിക് ആവരണമുളള ചാക്കില്‍ ശേഖരിക്കണം. മഞ്ഞള്‍ സംഭരിക്കുമ്പോള്‍ തറയില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കാതിരിക്കാന്‍ ചാക്കില്‍ കെട്ടി മരപ്പലകയുടെ മേല്‍ അടുക്കി ചുമരില്‍ നിന്ന് 50 - 60 സെ. മീ. അകലത്തില്‍ വയ്ക്കണം. ഇത് ചുമരില്‍ നിന്നും കീടങ്ങളും മറ്റു ജീവികള്‍ ചാക്കില്‍ കടക്കുന്നത് തടയും. കൂടുതല്‍ നാള്‍ സംഭരിക്കുമ്പോള്‍ ഉണക്ക മഞ്ഞളിന്റെ ഗുണം നഷ്ടപ്പെടുവാന്‍ ഇടയുളളതിനാല്‍ മുഴുവന്‍ ഉണങ്ങിയ മഞ്ഞള്‍ വായു കടക്കാത്ത കട്ടി കൂടുതലുളള പോളി എത്തിലിന്‍ കണ്ടെയ്‌നര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ അതുപോലുളള പാക്കിംഗ് മെറ്റീരിയല്‍ ഉപയോഗിച്ചോ സംഭരിക്കണം.
ജൈവ മഞ്ഞള്‍ പായ്ക്ക് ചെയ്യുമ്പോള്‍ വീണ്ടും ഉപയോഗിക്കുവാന്‍ കഴിയുന്നതും എളുപ്പം വിഘടിക്കുന്നതുമായ പായ്ക്കിങ് മെറ്റീരിയില്‍ ഉപയോഗിക്കണം. എന്നാല്‍ ഇത് ജൈവ മഞ്ഞളിന് ദോഷമുണ്ടാക്കരുത്. പാക്കിങിനു മുകളില്‍ 'ജൈവ മഞ്ഞള്‍' എന്ന് ലേബല്‍ ചെയ്യണം. കുമിള്‍നാശിനിയോ രാസവളങ്ങളോ ഉപയോഗിച്ചിട്ടുളള പാത്രത്തിലോ പോളിത്തീന്‍ കവറിലോ ജൈവ മഞ്ഞള്‍ സൂക്ഷിക്കരുത്.
ജൈവ രീതിയില്‍ ഉല്‍പാദിപ്പിച്ച് സാക്ഷ്യപത്രം ലഭിച്ച മഞ്ഞളിന് മറ്റു രീതിയില്‍ ഉല്‍പാദിപ്പിച്ച മഞ്ഞളിനെക്കാളും വിപണിയില്‍ കൂടുതല്‍ വില ലഭിക്കും എന്ന കാര്യത്തില്‍ സംശമില്ല.

English Summary: turmeric farming (1)
Published on: 18 September 2019, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now