ഇന്ന് മലയാളികള്‍ക്ക് മഞ്ഞള്‍ എന്നാല്‍ 'മണ്ണിനടിയിലെ പൊന്ന്' എന്ന പോലെയായി. ഔഷധ നിര്‍മ്മാണരംഗത്തും സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങളിലും കറിമസാലകളിലും പൂജാദ്രവ്യങ്ങളിലും മഞ്ഞള്‍ ധാരാളം ഉപയോഗിക്കുന്നു. മഴയെ ആശ്രയിച്ച് പരിമിതമായ പരിചരണമുറകളില്‍ കൃഷിചെയ്യാമെന്നതിനാലും മെച്ചപ്പെട്ട വിപണി ഉളളതിനാലും മഞ്ഞള്‍കൃഷി ചെയ്യാന്‍ ഈയിടെ കര്‍ഷകരില്‍ ഒരു പ്രത്യേക താല്പര്യം കണ്ടുവരുന്നു.
മഞ്ഞളില്‍ അടങ്ങിയ ബഹുമുഖ ഉപയോഗമുളള 'കുര്‍ക്കുമിന്‍' എന്ന രാസവസ്തുവിന്റെ വാണിജ്യപ്രാധാന്യം കണ്ടുകൊണ്ട് പല വ്യവസായ യൂണിറ്റുകളും സംഘങ്ങളും വിത്ത് നല്‍കി കര്‍ഷകരെ കൊണ്ട് കൃഷിചെയ്യിപ്പിച്ച് വിളവ് കൈപ്പറ്റുന്നുമുണ്ട്. ഒരുതരം കരാര്‍കൃഷി.
പച്ച മഞ്ഞളായും പുഴുങ്ങി ഉണക്കി വരട്ട് മഞ്ഞളായും മഞ്ഞള്‍പൊടിയായും വിപണി ഉണ്ടെങ്കിലും തൈലവും സത്തുമാണ് വാണിജ്യ പ്രാധാന്യമുളള ഉല്പന്നങ്ങള്‍. അതുകൊണ്ടു തന്നെ വാണിജ്യ കൃഷിയില്‍ മേന്മയേറിയ ഇനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്താല്‍ മാത്രമേ വരുമാനം ഉറപ്പിക്കാനാകൂ. 'കുര്‍ക്കുമിന്‍' എന്ന ഔഷധ രാസവസ്തുവിനുവേണ്ടിയോ, ജൈവവര്‍ണ്ണ ഘടകത്തിനുവേണ്ടിയോ ഉളള കൃഷിയാണെങ്കില്‍ 'കുര്‍ക്കുമിന്‍' ധാരാളം അടങ്ങിയ ഇനങ്ങള്‍ തന്നെ വേണം കൃഷിചെയ്യാന്‍. ചുരുങ്ങിയത് 5% വീര്യത്തിലെങ്കിലും കുര്‍ക്കുമിന്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതിനു വാണിജ്യപ്രാധാന്യമുളളൂ. എന്നാല്‍ കറിമസാല വിപണിയില്‍ ഉണക്കമഞ്ഞളിന്റെ തൂക്കത്തിനാണ് മുന്‍തൂക്കം.
ഏതുതന്നെയായാലും വീട്ടാവശ്യത്തിനു ശുദ്ധമായ മഞ്ഞള്‍പൊടി ലഭിക്കാന്‍ നമുക്കും വീട്ടുവളപ്പിലും മട്ടുപ്പാവിലും മഞ്ഞള്‍ നട്ടുവളര്‍ത്താം. എട്ടോ പത്തോ കിലോ പച്ചമഞ്ഞള്‍ കിട്ടിയാല്‍ ഒരു വര്‍ഷത്തേക്ക് അടുക്കള ആവശ്യത്തിനുളള മഞ്ഞള്‍പൊടി തയ്യാറാക്കാം. ഇതിനായി പത്തടി നീളവും മൂന്നടി വീതിയുമുളള ഒന്നോ രണ്ടോ തടങ്ങള്‍ മാത്രം മതി. സ്ഥലപരിമിതിയുളളവര്‍ക്ക് ഗ്രോബാഗിലും വളര്‍ത്താം. അതുകൊണ്ടുതന്നെ മട്ടുപ്പാവ് കൃഷിക്കും മഞ്ഞള്‍ അനുയോജ്യം.കേരളത്തില്‍ മഞ്ഞള്‍ കൃഷി പൂര്‍ണ്ണമായും മഴയെ ആശ്രയിച്ചാണ്. അല്പം തണലുളള പുരയിടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും കൃഷിചെയ്യാമെങ്കിലും അധിക ഉല്പാദനം തുറസ്സായ കൃഷിയിടങ്ങളില്‍ തന്നെ. എന്നാലും നന സൗകര്യമില്ലാത്ത തോട്ടങ്ങളില്‍ ഇടവിളയായി കൃഷിചെയ്യാന്‍ ലാഭമാണ് മഞ്ഞള്‍.
ശരാശരി 150 സെ.മീ എങ്കിലും മഴ ലഭിക്കുന്ന സമതലങ്ങളിലും മലയോര മേഖലയിലും മഞ്ഞള്‍ കൃഷി ചെയ്യാം, എങ്കിലും സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്ററില്‍ കൂടുതല്‍ ഉയരമുളള പ്രദേശങ്ങള്‍ മെച്ചപ്പെട്ടവയല്ല. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മണല്‍ കലര്‍ന്ന പുളിരസം കുറവുളള എക്കല്‍മണ്ണും വനമണ്ണും കൃഷിക്ക് യോജിച്ചതാണ്.ഇനത്തിന്റെ മൂപ്പനുസരിച്ച് 7 മുതല്‍ 9 മാസത്തിനുളളില്‍ വിളവെടുക്കാന്‍ കഴിയുന്ന മഞ്ഞളിന് ഇഞ്ചിയേക്കാള്‍ താരതമ്യേന കുറച്ചു പരിചരണം മതി. മഴ തുടങ്ങുമ്പോള്‍ നട്ടാല്‍ ചെലവും കുറയ്ക്കാം. എന്നാല്‍ നന സൗകര്യമുളളിടത്ത് എപ്പോഴും നടാം.
കൃഷിയിടം നന്നായി ഉഴുതുമറിച്ച് കട്ട കളഞ്ഞ കൃഷിയിടത്തില്‍ പത്തടി നീളത്തിലും മൂന്നടി വീതിയിലും തടങ്ങളെടുത്ത് വിത്ത് നടാം. ഒരോ തടത്തിലും 100-150 ഗ്രാം കുമ്മായം ഇടണം. അതായത് ഒരേക്കറിന് 150-200 കിലോ കുമ്മായം വേണം.
കുമ്മായം ചേര്‍ത്ത് പാകപ്പെടുത്തിയ തടങ്ങളില്‍ 5-6 ദിവസത്തിനു ശേഷം ജൈവവളം ഇടാം. ഒരു ഏക്കറിന് 15 ടണ്‍ ജൈവ വളം വേണം. നേരത്തേ സൂചിപ്പിച്ച പത്തടി തടങ്ങളിലേക്ക് ഏതാണ്ട് 10-15 കിലോ ജൈവവളം നടും മുമ്പ് തടത്തില്‍ ഇട്ട് മണ്ണില്‍ ചേര്‍ത്തിളക്കണം.
വിത്തു മഞ്ഞള്‍
തളള വിത്തും പിളളവിത്തും നടാം. എങ്കിലും 30.-40 ഗ്രാം തൂക്കമുളള തളളവിത്തിന് കൂടുതല്‍ ഉല്പാദനശേഷി എന്നാണ് പീനങ്ങള്‍ തെളിയിക്കുന്നത്. പക്ഷെ പലപ്പോഴും തളള വിത്തിന്റെ ലഭ്യത കുറവായതിനാല്‍ 20-30 ഗ്രാം തൂക്കമുളള പിളളവിത്തുകള്‍ നടും. ഒരു ഏക്കറിന് 800 മുതല്‍ 1000 കിലോ വിത്ത് വേണ്ടിവരും. നേരത്തേ സൂചിപ്പിച്ച പത്തടി തടത്തിലേക്ക് ഏകദേശം ഒരു കിലോ വിത്ത് മഞ്ഞള്‍ മതി. മികച്ച ഉല്പാദനം ഉറപ്പാക്കാന്‍ മുളപ്പിച്ച വിത്ത് നടുന്ന രീതിയുമുണ്ട്.പ്രോട്രേ പച്ചക്കറിതൈകള്‍ പോലെ പ്രോട്രേ മഞ്ഞള്‍ തൈ തയ്യാറാക്കാനുളള സാങ്കേതിക വിദ്യ തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചിട്ടുണ്ട്. നന കൊടുത്ത് മഞ്ഞള്‍ കൃഷിചെയ്യുന്ന അവിടങ്ങളില്‍ പ്രോട്രേ തൈകള്‍ പ്രചാരത്തിലുമുണ്ട്. ഇതിന് ഭൂകാണ്ഡം 5-10 ഗ്രാം തൂക്കമുളള ചെറുകഷ്ണങ്ങളായി മുറിച്ച് പ്രോട്രേകളില്‍ പാകി ഒന്നരമാസം നഴ്‌സറിയില്‍ സംരക്ഷിക്കും. ഇങ്ങനെ തയ്യാറാക്കിയ തൈകളാണ് പിന്നീട് നടുക. വീട്ടാവശ്യത്തിന് കാലഭേദമെന്യേ കൃഷിചെയ്യാനും മഞ്ഞള്‍ നടാനും ഈ പ്രോട്രേ തൈകള്‍ നല്ലതുതന്നെ.
നടീല്‍ വിത്തറകളില്‍ സംഭരിച്ച് വച്ച മഞ്ഞള്‍ വിത്ത് കോപ്പര്‍ ഓക്‌സീക്‌ളോറൈഡ് എന്ന കുമിള്‍ നാശിനിയില്‍ മുക്കി വീണ്ടും തണലത്ത് ഉണക്കിവേണം നടാന്‍. ചാണകവും ചാരവും ചേര്‍ന്ന ലായിനിയില്‍ മുക്കി ഉണക്കിയ വിത്ത് പാകുന്ന ഒരു രീതിയും കര്‍ഷകര്‍ക്കിടയിലുണ്ട്.നടാന്‍ ഒരുക്കിയ തടങ്ങളില്‍ ഏകദേശം ഒരടി അകലത്തില്‍ (25 സെ.മീ ഃ 25 സെ.മീ) ഒരു വിരല്‍ താഴ്ച്ചയില്‍ ചെറുകുഴികള്‍ എടുത്ത് അതില്‍ മഞ്ഞള്‍ വിത്ത് പാകാം. വിത്ത് പാകി മണ്ണിട്ട് മൂടിയ തടങ്ങളില്‍ പച്ചിലകള്‍ ഇട്ട് നല്ല പൊത കൊടുക്കുന്നത് വിത്ത് വേഗം മുളക്കാന്‍ സഹായിക്കും.
പുതയിടുന്നതിന് പ്രയോജനം
• മഴക്കാലത്ത് ഉയര്‍ന്ന തടത്തിലാണല്ലോ മഞ്ഞള്‍കൃഷി, അതുകൊണ്ടുതന്നെ മേല്‍മണ്ണ് ഒലിച്ചു പോകാനിടയുണ്ട്. ഇത് ഒഴിവാക്കാന്‍ പുതയിട്ടുകൊടുക്കണം.
• പുതയിടുന്നതിനാല്‍ കള വളര്‍ച്ച തടയും.
• തടത്തില്‍ ആര്‍ദ്രത നിലനിര്‍ത്തി മഞ്ഞള്‍ വിത്ത് വേഗം മുളയ്ക്കാന്‍ സഹായിക്കും.
• പച്ചിലകള്‍ മണ്ണുമായി ചേര്‍ന്ന് മണ്ണിലെ ജലാംശവും വെളളവും വര്‍ദ്ധിപ്പിക്കുന്നു.
• മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
തുടര്‍ന്ന് ചിട്ടയായ പരിചരണംനല്‍കിയാല്‍ ഒരേക്കറില്‍ നിന്ന് ഏകദേശം 10-12 ടണ്‍ വരെ പച്ചമഞ്ഞള്‍ പ്രതീക്ഷിക്കാം.
ഡോ. ജലജ.എസ്.മേനോന്‍,
കേരള കാര്‍ഷിക സര്‍വ്വകലാശാല