സുഗന്ധ പുഷ്പങ്ങളിൽ മറ്റേതൊരു പൂവും മുല്ലപ്പൂവിന് പിന്നിലായിരിക്കും. കാഴ്ചയ്ക്കും സുഗന്ധത്തിനും മുല്ലപ്പൂവിന്റെ വിവിധ ഇനങ്ങൾ മതി മനസ് നിറയ്ക്കാൻ. കേരളത്തിൽ മുല്ലപ്പൂകൃഷി കുറവാണെങ്കിലും ഉപയോഗത്തിന് യാതൊരു കുറവുമില്ല. കല്യാണ - ഉത്സവ സീസണുകളിൽ കേരളത്തിൽ മുല്ലപ്പൂ വിൽപന നടത്താത്ത ഒരു മാർക്കറ്റും ഉണ്ടാകില്ല. ഒലിയേസ്യേ കുടുംബത്തിൽപ്പെട്ട മുല്ലയുടെ ശാസ്ത്രനാമം ജാസ്മിനം എന്നാണ്. മുല്ലയ്ക്ക് 250ൽപ്പരം ഇനങ്ങളുണ്ട്. ഇന്ത്യയിൽ ഇതിന്റെ 40 ഇനങ്ങളാണുള്ളത്. പേർഷ്യൻ ഭാഷയിൽ യാസിൻ എന്നാണ് മുല്ലപ്പൂ അറിയപ്പെടുന്നത്, ഇതിന്റെ അർഥം 'ദൈവത്തിന്റെ അനുഗ്രഹം' എന്നാണ്.
കൂടുതൽ വാർത്തകൾ: വീടുകളിൽ Solar panel സ്ഥാപിക്കാൻ സർക്കാർ വായ്പയും സബ്സിഡിയും
പ്രധാന മുല്ലപ്പൂ ഇനങ്ങൾ
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് കുറ്റിമുല്ലയാണ്. വർഷം മുഴുവനും ഇവ പൂക്കും. ജാസ്മിനം സാംബക് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കുറ്റിമുല്ലയ്ക്കും 5 ഇനങ്ങളുണ്ട്. മറ്റൊരിനമാണ് അധികം സുഗന്ധമില്ലാത്ത കോയമ്പത്തൂർ മുല്ല.
തൈ തയ്യാറാക്കുമ്പോൾ..
മഴക്കാലത്താണ് കമ്പുകൾക്ക് വേര് പിടിപ്പിക്കുന്നത്. കമ്പുകളിൽ വേഗത്തിൽ വേരുപിടിക്കാൻ ഇൻഡോൾ ബ്യൂട്ടറിക് ആസിഡോ നാഫ്തലിൻ അസറ്റിക് ആസിഡോ 5000 പി.പി.എം അളവിൽ കലക്കിയ ലായനിയിൽ മുക്കിവെച്ചതിന് ശേഷം നട്ടാൽ മതി.
മുല്ല കൃഷി ചെയ്യുന്ന രീതി
മുല്ലയുടെ വളർച്ചയ്ക്ക് സൂര്യപ്രകാശം അധികമായി വേണം. തണലിൽ വളരുന്ന മുല്ലകളിൽ മൊട്ട് വരാൻ പ്രയാസമായിരിക്കും. ഈർപ്പമുള്ള മണ്ണാണ് മുല്ല വളരാൻ അനുയോജ്യം. കളിമണ്ണ് കലർന്ന മണ്ണിൽ വളരുന്ന ചെടികളിൽ പൂക്കൾ ഉണ്ടാകില്ല. വേരുപിടിച്ച തൈകൾ മാറ്റിനടുന്നതിന് മുമ്പ് മണ്ണ് നന്നായി ഇളക്കണം. 1 സെന്റിന് 30 മുതൽ 40 കിലോ അളവിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്ത് മണ്ണിലിടണം. അമ്ലഗുണം കൂടുതലുള്ള മണ്ണിൽ ഡോളമൈറ്റൊ കുമ്മായമോ ചേർക്കണം. 40 സെ.മീ വീതം നീളവും വീതിയും ആഴവും ഉള്ള കുഴികൾ എടുക്കണം. ചെടികൾ ഒന്നേമുക്കാൽ മീറ്റർ അകലത്തിൽ നടണം.
വേരുപിടിച്ച കമ്പുകൾ ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ നടുന്നതാണ് നല്ലത്. കൃത്യമായി നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ ഏത് മാസത്തിലും നടാം. കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. നട്ടുകഴിഞ്ഞ 1 മാസത്തിന് ശേഷം കളകൾ മാറ്റണം. ഇലകൾ വന്നുകഴിഞ്ഞാൽ 2 ആഴ്ച ഇടവിട്ട് നനയ്ക്കണം. 15 ദിവസം ഇടവിട്ട് ചാണകപ്പൊടി വിതറുന്നത് നല്ലതാണ്. വളപ്രയോഗത്തിന് ശേഷം ചുവട്ടിൽ മണ്ണ് കൂട്ടിയിട്ട് കൊടുക്കണം.
പ്രധാന രോഗങ്ങളും കീടങ്ങളും
വേരുചീയൽ, കടചീയൽ, പൂപ്പൽ ബാധ, ഇലപ്പുള്ളി രോഗം എന്നിവയാണ് മുല്ലക്കൃഷിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. ശലഭപ്പുഴു, ഈച്ചപ്പുഴു, ഗ്യാലറിപ്പുഴു, വെള്ളീച്ച, ഇലചുരുട്ടിപുഴു, ഇലതീനിപ്പുഴു, തണ്ടുതുരപ്പൻ, ശൽക്കകീടങ്ങൾ എന്നിവയാണ് പ്രധാന കീടങ്ങൾ.
വിളവെടുക്കാം..
മുല്ലക്കൃഷി പ്രധാനമായും 6 മാസത്തിനകം വിളവെടുക്കാൻ സാധിക്കും. ഇതളുകൾ വികസിച്ച മൊട്ടുകളായാണ് പറിച്ചെടുക്കേണ്ടത്. ആദ്യം ഉണ്ടാകുന്ന മൊട്ടുകൾ നുള്ളിക്കളയുന്നത് ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും പിന്നീട് കൂടുതൽ മൊട്ടുകളുണ്ടാവുകയും ചെയ്യും. ഒരു ഹെക്ടറിൽ 4-6 ടൺ വരെ പൂക്കൾ ലഭിക്കും.