ആസ്റ്ററേഷ്യേ കുടുംബത്തിൽ പെടുന്ന മനോഹരമായ പുഷ്പങ്ങൾ ഉണ്ടാകുന്ന കുറ്റിച്ചെടിയാണിത്. രണ്ടു വർഷത്തിനുമേലാണ് ചെടിയുടെ ആയുസ്സെങ്കിലും ജീവിതകാലത്തിലുടനീളം പുഷ്പിക്കുന്ന ചെടിയാണിത്.
വേരുകളിൽ ആഹാരം സൂക്ഷിച്ചു വയ്ക്കുന്ന ചെടിയായതിനാൽ ചില രാജ്യങ്ങളിലെ ജനങ്ങൾ ഇവയെ ആഹാരത്തിനായും വളർത്തുന്നുണ്ട്. കൃഷി ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഡാലിയ ചെടികളെ 7 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. വേരുകളിൽ ആഹാരം സൂക്ഷിച്ചു വയ്ക്കുന്ന ചെടിയായതിനാൽ ചില രാജ്യങ്ങളിലെ ജനങ്ങൾ ഇവയെ ആഹാരത്തിനായും വളർത്തുന്നുണ്ട്. ഔഷധഗുണമുള്ള ഡാലിയ ചെടിയുടെ തണ്ടുകൾ വെള്ളം വലിച്ചു കുടിക്കാനും ഉപയോഗിക്കാറുണ്ട്. മെക്സിക്കോ, മദ്ധ്യ അമേരിക്ക, കൊളംബിയ എന്നീ രാജ്യങ്ങളാണ് ഈ ചെടിയുടെ ജന്മദേശം.
നടീൽ രീതി
ഏറ്റവും എളുപ്പം വിത്തുപയോഗിച്ചു തൈ ഉണ്ടാക്കുകയാണ് പൊക്കം കുറഞ്ഞ പെട്ടികളിലോ വിത്തുചട്ടികളിലോ മണ്ണുനിറച്ച് അതിൽ വിത്ത് പാകണം. അതിനു മുകളിലായി ഉണങ്ങിപ്പൊടിഞ്ഞ കരിയില വിതറി നനച്ചുകൊടുക്കണം. മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ വിത്തു കിളിച്ചുവരും.
കിഴങ്ങുപയോഗിച്ചും ഡാലിയ വളർത്താം. അങ്ങനെ വളർത്തുന്നവയ്ക്കാണ് കൂടുതൽ ആരോഗ്യം. കിഴങ്ങ് തണ്ടോടുകൂടി മുറിച്ചെടുത്തു വേണം പാകാൻ. കിഴങ്ങുമാത്രം മുറിച്ചെടുത്തു നടാൻ പാടില്ല. തണ്ടിലാണ് മുകുളം കാണുന്നത്. ഈ മുകുളം കിഴങ്ങിൽ നിന്ന് ആഹാരം വലിച്ചെടുത്ത് പുഷ്ടിയായി വളരുന്നു. നടുന്നതിന് ഏതാനും ദിവസം മുൻപ് കിഴങ്ങുകൾ ഒരു പെട്ടിയിൽ മണൽ കൊണ്ടുമൂടി ഇരുട്ടുമുറിയിൽ സൂക്ഷിക്കുന്നു. ഇടയ്ക്കിടെ മണ്ണിൽ വെള്ളം തളിച്ച് ഈർപ്പം നിലനിറുത്തണം.
കുറച്ചു ദിവസം കഴിയുമ്പോൾ രണ്ടോ മൂന്നോ മുള പൊട്ടുന്നതു കാണാം. ഈ സമയത്ത് കിഴങ്ങ് ഓരോ മുളയോടുകൂടി വിടർത്തി തടത്തിലോ ചട്ടിയിലോ നടാം. വളർന്നുവരുന്ന ചെടിയുടെ തണ്ടുകൾ മുറിച്ചു നട്ട് അവയും വേരുപിടിപ്പിച്ചെടുക്കാവുന്നതാണ്.മുപ്പതു സെ.മീ. വലുപ്പമുള്ള ചട്ടികളിലും അതുപോലുള്ള പെട്ടികളിലും മണ്ണും വളവും നിറച്ച് ഡാലിയ വളർത്താൻ കഴിയും.
വളപ്രയോഗം
ചെടികൾ വേരു പിടിച്ചു കഴിഞ്ഞാൽ ഒരു ടേബിൾ സ്പൂൺ 17:17:17 കോംപ്ലക്സ് വളം ചേർക്കാവുന്നതാണ്. തണ്ടിൽ നിന്ന് അൽപ്പം അകലെയായി വേണം വളം വിതറാൻ. അതിനുശേഷം മണ്ണ് നന്നായി ഇളക്കി നനച്ചുകൊടുക്കണം. തടത്തിലാണ് നടുന്നതെങ്കിൽ കൃഷിയിടം ഒരുക്കുമ്പോൾ തന്നെ അഴുകിപ്പൊടിഞ്ഞ ചാണകവും എല്ലുപൊടിയും ചേർക്കുന്നത് നല്ലതാണ്. ചെടി വളരുന്നതനുസരിച്ച് എല്ലാ മാസവും ചാണകപ്പൊടിയും എല്ലുപൊടിയും ചേർക്കാം. ചെടി പുഷ്പിക്കാൻ ആരംഭിക്കുമ്പോൾ ഒരു തവണകൂടി കോംപ്ലക്സ് വളം നൽകണം.
പ്രധാന തണ്ടിൻ്റെ അറ്റംമുറിച്ചു കൊടുത്താൽ ധാരാളം ചെറു ശിഖരങ്ങൾ വശങ്ങളിൽ നിന്ന് കിളിർത്തു പൊങ്ങും. ചെടി ധാരാളം പുഷ്പിക്കാൻ ഇതു സഹായിക്കും. ഒരു ചെടിയിൽ പ്രധാന തണ്ട് കൂടാതെ നാലോ അഞ്ചോ ഉപശാഖകൾ മാത്രം മതിയാകും.പുഷ്പിക്കൽ അവസാനിക്കുമ്പോൾ വാടിയ പൂക്കളും ഇലകളും കൂടെക്കൂടെ നീക്കം ചെയ്യുകയും ചുവട്ടിലെ മണ്ണിളക്കികൊടുക്കുകയും ഉണക്ക ചാണകപ്പൊടി ചുവട്ടിൽ ഇട്ടുകൊടുക്കുകയും വേണം. ചെടികൾ കുറെനാൾ കൂടി പുഷ്പിക്കാനാണിത്. എന്നാൽ പൂക്കളുടെ വലിപ്പം കുറഞ്ഞുവരും.
ചെടി മറിഞ്ഞു പോകാതിരിക്കാൻ താങ്ങുകമ്പ് നാട്ടുന്നത് പ്രയോജനകരമാണ്. പൂക്കാലം കഴിഞ്ഞാൽ ചെടി ഉണങ്ങിത്തുടങ്ങും. അപ്പോൾ മൺനിരപ്പിൽ നിന്ന് കുറച്ചു മുകളിലായി തണ്ട് മുറിക്കണം.
ശേഷം കുറച്ചു ദിവസം അങ്ങനെ നിർത്തണം. അതിനുശേഷം കിഴങ്ങിന് കേടുപാട് ഉണ്ടാകാതെ മണ്ണിൽ നിന്ന് ഇളക്കിയെടുക്കണം. അതിന് ചുറ്റുമുള്ള മണ്ണ് നീക്കം ചെയ്തശേഷം മൺപാത്രത്തിലോ പെട്ടിയിലോ മണൽ നിറച്ച് അതിൽ സൂക്ഷിക്കണം. ഈ കിഴങ്ങുകൾ അടുത്തവർഷം നടാൻ ഉപയോഗിക്കാം.