ഉദ്യാനങ്ങള്‍ക്ക് അഴക് പകരാന്‍ പ്രകൃതി ഒരുക്കിയ പൂപ്പന്ത് - അതാണ് ' ഫുട്‌ബോള്‍ ലില്ലി ' എന്ന ഉദ്യാന പുഷ്പിണി. പേര് തീര്‍ത്തും അന്വര്‍ത്ഥം. പൂവ് പൂര്‍ണ്ണമായും വിടര്‍ന്നു കഴിഞ്ഞാല്‍ ഒത്ത ഒരു ഫുട്‌ബോളിന്റെ രൂപം. മലയാഴക്കരയില്‍ സുഗമമായി വളരുന്ന ഈ വിദേശപുഷ്പിണിയെ ആദ്യം കണ്ടപ്പോള്‍ പലരും അത്ഭുതം കൂറി. ഇതെന്താ ഫുട്‌ബോള്‍ പോലെ ഒരു പൂവോ?
ആഫ്രിക്കയില്‍ ജന്മമെടുത്ത ഫുട്‌ബോള്‍ ലില്ലി, ഇന്ന് മലയാളനാട്ടിലെ പല ഉദ്യാനങ്ങള്‍ക്കും അഴക് പകരുന്നു. എങ്കിലും ഇത് ഇവിടെ പൂര്‍ണ്ണമായി വ്യാപിച്ചു എന്നു പറയാന്‍ കഴിയില്ല. ഇതിനു കാരണം ഇതിന്റെ സവിശേഷമായ പുഷ്പരൂപം തന്നെ. ഇതളുകള്‍ നീട്ടി വിടര്‍ത്തി വളരുന്ന പൂക്കള്‍ മാത്രം കണ്ടു ശീലിച്ച മലയാളിക്ക് പെട്ടെന്ന് ഈ പൂവിന്റെ രൂപവുമായി ഇണങ്ങിച്ചേരാന്‍ കഴിയുന്നില്ല. മറ്റൊരു കാര്യം ഇത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിടരുക; എന്നിട്ട് ഒരാഴ്ചക്കാലം മാത്രം നില്‍ക്കുക; ഈ ഒരാഴ്ചയ്ക്കുവേണ്ടി പന്ത്രണ്ടു മാസം കാത്തിരിക്കേണ്ടതുണ്ടോ എന്നാവും അല്ലേ? എന്നാല്‍ ഫുട്‌ബോള്‍ ലില്ലികള്‍ ഹ്രസ്വ നാളേക്കെങ്കിലും വിടര്‍ന്ന് നില്‍ക്കുന്ന ഉദ്യാനശോഭ പറഞ്ഞറിയിക്കാന്‍ വയ്യ.
'അമേരില്ലിഡേസി ' എന്ന സസ്യകുലത്തിലെ അംഗമായ ഫുട്‌ബോള്‍ ലില്ലിക്ക് വിളിപ്പേരുകള്‍ അനേകം - ആഫ്രിക്കന്‍ ബ്ലഡ് ലില്ലി, പൗഡര്‍ പഫ് ലില്ലി, ഗ്ലോബ് ലില്ലി, പിന്‍ കുഷ്യന്‍ ലില്ലി ഇങ്ങനെ പോകുന്നു പേരുകള്‍. നൂറുകണക്കിന് നേര്‍ത്ത ചുവന്ന കേസരതന്തുക്കള്‍.... ഓരോന്നിന്റേയും അറ്റത്ത് ഒരു നുളള് മഞ്ഞപ്പൂമ്പൊടി...... ഇവയെല്ലാം കൂടെ ഒരു വലിയ പന്തുപോലെ പ്രകൃതി തന്നെ തുന്നിച്ചേര്‍ത്തുണ്ടാക്കിയ പൂവാണ് ഫുട്‌ബോള്‍ ലില്ലി. പൂവിന്റെ നിറവും രൂപ വൈചിത്ര്യവും ആരെയും ആകര്‍ഷിക്കും. ഉഷ്ണമേഖലാപ്രദേശങ്ങള്‍ക്ക് യോജിച്ചതിനാലാണ് ഫുട്‌ബോള്‍ ലില്ലി നമ്മുടെ ഉദ്യാനങ്ങളിലും നന്നായി വളരുന്നത്.
ഇതിന്റെ ഇലകള്‍ കടും പച്ച നിറത്തില്‍ വലുതും മധ്യഭാഗം വീതിീയേറിയതും മിനുസമുളളതും വാള്‍ പോലെ അഗ്രം കൂര്‍ത്തതുമാണ്. ചെടി 12 മുതല്‍ 18 ഇഞ്ചു വരെ ഉയരത്തില്‍ വളരും. വര്‍ഷത്തിലൊരിക്കല്‍ പുഷ്പിക്കും. പൂക്കള്‍ സാധാരണഗതിയില്‍ ചുവന്ന നിറമുളളതാണ്. വെളുത്ത പൂക്കള്‍ വിടര്‍ത്തുന്ന ചില അപൂര്‍വ ഇനങ്ങളുമുണ്ട്. പൂവ് വിടര്‍ന്നാല്‍ ഒരാഴ്ചവരെ വാടാതെയും രൂപഭംഗി കൈവിടാതെയും വരാതെയും ഭംഗിയായി നില്‍ക്കും.
ചെറിയ ചട്ടികളില്‍ തുല്യ അളവില്‍ മണലും ഗ്രാവലും ഉണങ്ങിയ ചാണകപ്പൊടിയും കലര്‍ത്തിയ മിശ്രിതം നിറച്ച് അതിലാണ് വിത്തു കിഴങ്ങ് പാകുകയോ തൈ നടുകയോ ചെയ്യേണ്ടത്. രണ്ടു ഘട്ടം കൊണ്ടാണ് ഇതിന്റെ ജീവിത ചക്രം പൂര്‍ത്തീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ നവംബര്‍-ഡിസംബര്‍ മാസം വരെ ചെടി വളരും (ചെടി നടുന്നത് ഫെബ്രുവരി-മാര്‍ച്ച് മാസമാണ് എന്നോര്‍ക്കുക). തുടര്‍ന്ന് പൂര്‍ണ്ണമായി വളരുന്ന ഇലകള്‍ മുഴുവന്‍ നശിക്കും. ചുവട്ടില്‍ ഉളളിപോലുളള വിത്തുകിഴങ്ങുകള്‍ (ബള്‍ബുകള്‍) മാത്രം ശേഷിക്കും. ഇതിലാണ് ആഹാരം സംഭരിച്ചുവയ്ക്കുന്നത്. ഈ ആഹാരം ഉപയോഗിച്ച് രണ്ടാം ഘട്ട ചെടി പുഷ്പിക്കും. പൂക്കാന്‍ കൂടുതല്‍ സൂര്യപ്രകാശം വേണം. ചെടി പുഷ്പിച്ചു കഴിഞ്ഞാല്‍ പുതിയ തളിരിലകള്‍ വരാന്‍ തുടങ്ങും. ചുരുക്കത്തില്‍ ജനുവരി-ഫെബ്രുവരി ആകുമ്പോള്‍ ഫുട്‌ബോള്‍ ലില്ലി പൂപ്പന്തുകള്‍ പോലുളള അതിമനോഹരമായ പൂക്കള്‍ വിടര്‍ത്തുകയായി.
നന്നായി പഴകിപ്പൊടിഞ്ഞ ഇലവളമാണ് ലില്ലിക്ക് പ്രിയപ്പെട്ട വളം. രാസവളപ്രയോഗത്തിന്റെ ഇആവശ്യമേയില്ല. സുഷുപ്താവസ്ഥയില്‍ കഴിയുന്ന ഉളളിക്കുടങ്ങള്‍ക്ക് ഇടയ്ക്കിടെ തെല്ലു നനച്ചുകൊടുക്കാന്‍ മറക്കരുത്. വെളളം അമിതമായാല്‍ വിത്തു കിഴങ്ങുകള്‍ അഴുകും എന്നും ഓര്‍ത്തിരിക്കുക. 'ഹിമാന്തസ് വിറസെന്‍സ്' എന്ന പേരില്‍ വെളുത്ത പൂക്കള്‍ വിടര്‍ത്തുന്ന ഒരിനം ഫുട്‌ബോള്‍ ലില്ലിയുമുണ്ട്. എങ്കിലും സുന്ദരി ചുവന്ന പൂ തരുന്ന ' ഹിമാന്തസ് വിറസെന്‍സ്' എന്ന പേരില്‍ വെളുത്ത പൂക്കള്‍ വിടര്‍ത്തുന്ന ഒരിനം ഫുട്‌ബോള്‍ ലില്ലിയുമുണ്ട്. എങ്കിലും സുന്ദരി ചുവന്ന പൂ തരുന്ന 'ഹിമാന്തസ് മള്‍ട്ടിഫ്‌ളോറസ്' തന്നെ.