Updated on: 11 July, 2024 12:08 PM IST
മഴമരം അഥവാ റെയ്ൻ ട്രീ

നമ്മുടെ തൊട്ടാവാടിയുടെ കുടുംബമായ മൈമോസെ (Mimosae) സസ്യകുടുംബത്തിലെ അംഗമാണ് ഒരു മരമാണ് മഴമരം. തെക്കേ അമേരിക്കയാണ് ഇതിന്റെ സ്വദേശം. ശ്രീലങ്കയിൽ നിന്നാണ് ഈ മരം ഇന്ത്യയിൽ എത്തിയത്. വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ നന്നായി വളരുന്നത്. കൊടും വേനൽക്കാലത്ത് മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ സമൃദ്ധമായ തണൽ നൽകുന്നവയാണ്. അതുകൊണ്ടുതന്നെ ഒരു തണൽ മരമായി ഇവ നട്ടുവളർത്താറുണ്ട്.

20-25 മീറ്റർ പൊക്കത്തിൽ പന്തലിച്ചു വളരുന്ന ഈ മരത്തിനുചുറ്റും സദാ ഈർപ്പം ഉള്ളതിനാലാണ് ഇത് മഴവൃക്ഷമായി അറിയപ്പെടുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ ഈ മരത്തിൽ ഒരു പ്രത്യേകതരം പ്രാണികൾ ചിലപ്പോൾ കൂട്ടത്തോടെ ചേക്കേറും. ഈ പ്രാണികൾ പുറത്തുവിടുന്ന ജലകണങ്ങൾ മഴത്തുള്ളികൾ പോലെ ഉയരത്തിൽ നിന്നും വീണു കൊണ്ടേയിരിക്കും. അതു കൊണ്ടാണിതിനെ മഴമരമെന്നു വിളിക്കുന്നത് എന്നും  ചിലർ പറയുന്നു. സംയുക്തപർണ്ണമാണ് ഇതിനുള്ളത്. ഇടതൂർന്ന ഇലകൾ നല്ല സൂര്യപ്രകാശം ഉള്ള സമയത്ത് പ്രകാശത്തിനഭിമുഖമായി നിവർന്നു നിൽക്കുന്നതിനാൽ സൂര്യരശ്മി ഒട്ടുംതന്നെ അടിയിൽ എത്തുന്നില്ല. എന്നാൽ ഇരുട്ടു വീഴുമ്പോഴും മഴയുള്ള സമയത്തും വൈകുന്നേരങ്ങളിലും ഇതിന്റെ ഇലകൾ മടങ്ങി തണ്ടിന്റെ വശങ്ങളിലേക്കു കിടക്കുന്നു. അന്തരീക്ഷത്തിൽ മഴയുടെ ലക്ഷണം കണ്ടു തുടങ്ങുമ്പോൾ തന്നെ ഈ മരത്തിന്റെ ഇലകൾ കൂമ്പും. ഇതിനാലാണ് ഈ മരത്തിനെ ഉറക്കം തൂങ്ങിയെന്നു വിളിക്കുന്നത് എന്നു തുടങ്ങി നിരവധി കഥകളാണ് ഈ മരത്തിന്റെ പേരിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്നത്. വൈകുന്നേരം ഇലകൾ കൂമ്പി നിൽക്കുന്നതിനാൽ ‘അഞ്ചുമണി മരം’ എന്ന പേരും ഇതിനു സ്വന്തം.

ശാഖോപശാഖകളായി പടർന്നു പന്തലിച്ചു വളരുന്ന മരമാണ് മഴമരം. അടർന്ന് ഇളകിയതുപോലെ തോന്നിക്കുന്ന കട്ടിയുള്ള പുറംതൊലി, ചെറുതും ഇടതൂർന്നതുമായ ഇലകൾ, ഇലകളുടെ അടിവശം മൃദുവായ രോമങ്ങളോടു കൂടിയതും മുകൾവശം നല്ല മിനുസമുള്ളതുമാണ്. ഇലയ്ക്കു മൂന്നു നാലു സെന്റീമീറ്റർ നീളമുണ്ടാവും.

മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് പൂവിടുന്നത്. ശിഖരങ്ങളുടെ അഗ്രഭാഗത്താണ് പാടലവർണ്ണമുള്ള പൂക്കൾ ഉണ്ടാകുന്നത്. പടർന്നു പന്തലിച്ചു കുടപോലെ വളരുന്ന ഈ വൻമരം നിറയെ പൂക്കൾ വിരിയും. അതുവരെ തണൽ മാത്രം നൽകി വഴിയോരങ്ങളിൽ കാണുന്ന മരത്തിന് സൗന്ദര്യം കൂട്ടുന്നത് ഈ പൂക്കളാണ്. ഓരോ പൂവിലും പാടലവർണ്ണത്തിലുള്ള 20 കേസരങ്ങൾ ഉണ്ട്. പൂവിന്റെ ഏറ്റവും ഭംഗിയുള്ള ഭാഗവും നീളമുള്ള കേസരങ്ങളാണ്. മഞ്ഞനിറത്തിൽ കാണപ്പെടുന്ന ദളപുടങ്ങളുള്ള പൂക്കൾക്ക് സുഗന്ധം ഉണ്ടാകാറില്ല.

ഏകദേശം 15-20 സെ.മീ നീളവും 15-25 മില്ലീമീറ്റർ വീതിയുമുള്ള നീണ്ട് പരന്ന ഫലങ്ങളാണ് മഴമരത്തിന്റേത്. ഒരു ഫലത്തിൽ ഇരുപത്തഞ്ചോളം വിത്തുകൾ ഉണ്ടായിരിക്കും. കട്ടിയുള്ള അരികോടുകൂടിയ ഫലത്തിന് മധുരമുണ്ട്. ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ കായ് പാകമാവും. പാകമെത്തിയ കായ് താനേ മരത്തിൽ നിന്ന് വീഴും. കായ്കൾ പെറുക്കിയെടുത്ത് ആഴ്ചകളോളം സൂക്ഷിക്കാം. മധുരമുള്ളതിനാൽ അണ്ണാൻ തുടങ്ങിയ ജീവികൾ ഈ ഫലങ്ങൾ ഭക്ഷിക്കാറുണ്ട്. കന്നുകാലികൾക്കും കുതിരകൾക്കും ഇതിന്റെ കായ്കൾ ഭക്ഷണമായി നൽകാറുണ്ട്. ഇവയുടെ ഇലകൾക്ക് പോഷകഗുണങ്ങളുണ്ട്. പശുക്കൾക്കും ആടുകൾക്കും കൊടുക്കുന്ന ആഹാരത്തിന്റെ 20 ശതമാനം വരെ ഇത് ഉൾപ്പെടുത്താം. ഇതിൽ 15.5 ശതമാനം മാംസ്യവും 1.03 ശതമാനം കാത്സ്യവും 1.1 ശതമാനം ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. കന്നുകാലികൾക്ക് തീറ്റയായി കൊടുത്താൽ നല്ല പാൽ ലഭിക്കുന്നതാണ്. വഴിയരികിൽ പാഴാകുന്ന റെയിൻ ട്രീ കായകൾ കാലികൾക്ക് കൊടുക്കുക വഴി ഉത്പാദനച്ചെലവ് ഒരു പരിധിവരെ കുറയ്ക്കുകയും ചെയ്യാം.

വളരെവേഗം വളരുന്ന ഈ മരം നട്ടു കഴിഞ്ഞ് 4-5 വർഷത്തിനുള്ളിൽ പൂവിടും. വിത്തുകൾ നട്ടും കമ്പുകൾ നട്ടും പ്രജനനം നടത്താം. ഒരു അലങ്കാരവൃക്ഷമെന്നതിലുപരി ഇതിന്റെ തടികൊണ്ട് മറ്റ് പ്രയോജനങ്ങൾ ഒന്നും തന്നെയില്ല. വെള്ളയും കാതലുമുള്ള തടിയ്ക്ക് ഈടും ബലവും തീരെ കുറവാണ്. അതുകൊണ്ടുതന്നെ ഫർണിച്ചർ നിർമാണത്തിന് അനുയോജ്യമല്ല. ഈ മരത്തിന്റെ തടി വിറകിനായി ഉപയോഗിക്കുന്നു. വഴിയോരങ്ങളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ വൻമരത്തെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും അണിയിച്ചൊരുക്കാറുണ്ട്. കൊച്ചിയിൽ മഴമരങ്ങളെ വർണാഭമായി ലൈറ്റുകളും മറ്റും ഉപയോഗിച്ച് അലങ്കരിക്കുന്നത് ക്രിസ്മസ് കാലത്തെ ഒരു പതിവ് കാഴ്ച തന്നെയാണ്.

English Summary: Let us know more about Rain tree or Monkey pod tree
Published on: 11 July 2024, 12:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now