കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരളിപ്പൂവിലെ വിഷാംശം മരണം വരെ സംഭവിക്കാൻ കാരണമാകും എന്നുള്ള വാർത്ത പ്രചരിച്ചു തുടങ്ങിയിരിക്കുന്നു. യു.കെ.യിലേക്കുപോകാന്‍ വിമാനത്താവളത്തിലെത്തിയ പെൺകുട്ടി അരളിപ്പൂവിലെ വിഷാംശം ഉള്ളിൽ ചെന്നതു കാരണം കുഴഞ്ഞുവീണ് മരിച്ച വാർത്തയാണ് ഇതിന് കാരണമായത്.
അപ്പോസൈനേസീ കുടുംബത്തിലുള്ള നീരിയം (Nerium) ജനുസിലെ ഏകസ്പീഷിസായ ഒരു നിത്യഹരിതസസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. പിങ്ക്, വെളുപ്പ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. എല്ലാഭാഗവും വിഷമയമായ ഈ ചെടി ഉദ്യാനസസ്യങ്ങളിൽ ഏറ്റവും വിഷമുള്ളവയിൽ ഒന്നാണ്. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക എന്നീ പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു. കമ്പുകുത്തിയും പതിവെച്ചും പുതിയതൈകൾ ഉത്പാദിപ്പിക്കാം.
നീരിയം ഒലിയാണ്ടര്‍ എന്ന വിഭാഗത്തിൽ പെടുന്ന സസ്യമാണ് അരളി. ഇതിലടങ്ങിയിരിക്കുന്ന ഒലിയാന്ഡ്രിന്‍, ഒലിയാന്‍ഡ്രോജെനീന്‍ തുടങ്ങിയ രാസഘടകങ്ങൾ ആണ് ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്. ഇത് മരണം വരെ സംഭവിക്കാൻ ഇടയാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശുക്കൾക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത് എന്നും പഠനങ്ങൾ അനുമാനിക്കുന്നുണ്ട്.
ഈ ചെടിയുടെ തണ്ടും വെറും ഇലയും പൂവും എല്ലാം വിഷാംശമുള്ളവയാണ്. ഇവ ശരീരത്തിനകത്ത് എത്തിയാൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോര്ട്ട് . അരളിച്ചെടിയുടെ ഭാഗങ്ങൾ ചെറിയ അളവിലെങ്കിലും ശരീരത്തിലെത്തിയാൽ നിർജലീകരണം, ഛർദിൽ, വയറിളക്കം തുടങ്ങിയവ ഉണ്ടാകും. വലിയ അളവിലായാൽ ഗുരുതര അവസ്ഥയ്ക്കും കാരണമാകും.
ഡൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ വേര്, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്; അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വളരെ ലഘുവായ അളവിൽ മാത്രെമേ ഔഷധങ്ങൾ ഉപയോഗിക്കാൻ പാടുളളൂ. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിഷമുള്ളതാണെങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേക്ക് കഴിക്കുന്നതിന് ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്കും പുറമേ പുരട്ടുന്നതിന് നല്ലതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിലുള്ള ഉപയോഗം ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.