പൂന്തോട്ടത്തിന്റെ ഭംഗിയെന്നു പറയുന്നത് പൂച്ചെടികള്‍ മാത്രമല്ല. എപ്പോഴും പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന മരങ്ങളും മുറ്റത്ത് കൊഴിഞ്ഞുവീണ പൂക്കളുമുളള വീട് കാണുമ്പോള്‍ മനസ്സിനും കിട്ടും സന്തോഷം.
സ്ഥലപരിമിതികളുളളതിനാല്‍ പലര്‍ക്കും വീടുകളില്‍ പൂമരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പ്രയാസങ്ങളുണ്ടാകും. എന്നാല്‍ അധികം ഉയരത്തില്‍ വളരാത്ത പൂമരങ്ങളാണെങ്കില്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ആകര്‍ഷമായ ആകൃതിയില്‍ കൊമ്പുകള്‍ വെട്ടിക്കൊടുത്താല്‍ കാണാനും ഭംഗിയായിരിക്കും. അത്തരത്തില്‍ നമ്മുടെ വീടുകളില്‍ വളര്‍ത്താവുന്ന ചില മരങ്ങള്‍ പരിചയപ്പെടാം.
കണിക്കൊന്ന
കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്ന നമ്മള്‍ നട്ടുവളര്‍ത്തിയില്ലെങ്കില്‍ പിന്നെയാര് വളര്‍ത്തും. കാഷ്യ ഫിസ്റ്റുല എന്നാണ് ഇതിന്റെ ശാസ്ത്രനാമം. വിഷുവിന്റെ വരവറിയിച്ചുകൊണ്ട് കണിക്കൊന്ന പൂത്തുനില്‍ക്കുന്ന കാഴ്ച ആരെയും സന്തോഷിപ്പിക്കും. കാലം തെറ്റി പൂത്താലും കണിക്കൊന്നയ്ക്ക് ഔഷധഗുണങ്ങള്‍ അനവധിയാണ്. ഫെബ്രുവരി മുതല്‍ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം.
കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം,പിത്തം,കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കള്‍ ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്നു
ചെമ്പകം
മഞ്ഞ, ഇളംമഞ്ഞ നിറങ്ങളില്‍ പൂക്കളുളള പിരമിഡിന്റെ ആകൃതിയിലുളള ചെമ്പകം പൂന്തോട്ടത്തിന് വേറിട്ട കാഴ്ച സമ്മാനിക്കും. മുപ്പത് മീറ്ററിലധികം ഉയരത്തില്‍ വളരുന്ന ചെമ്പകം അമ്പലവളപ്പുകളിലും കാവുകളിലുമാണ് കണ്ടുവരുന്നത്.നിത്യഹരിത പ്രകൃതമുള്ള ഈ പൂമരത്തിന്റെ തായ്ത്തടി കുത്തനെ നിവര്‍ന്നാണ് വളരുന്നത്. ചെമ്പകമരത്തിന്റെ പൂക്കളില്‍ നിന്ന് പലതരം സുഗന്ധതൈലങ്ങള്‍ നിര്‍മ്മിക്കാറുണ്ട്. ഏപ്രില്‍ -മെയ് മാസങ്ങളിലാണ് ഈ മരം പുഷ്പിക്കുന്നത്.തണ്ടിന്റെ അറ്റത്തും, ഇല മുട്ടുകളിലും ഒറ്റയ്ക്കാണ് പൂക്കള്‍ ഉണ്ടാവുക.
അരളി
വീടുകളില്‍ നട്ടുവളര്‍ത്താന്‍ അനുയോജ്യമായ ചെറിയ പൂമരമാണെങ്കിലും നല്ല ശ്രദ്ധ വേണം അരളിയുടെ കാര്യത്തില്‍. കാരണം ഇതിന്റെ എല്ലാ ഭാഗവും പച്ചയ്ക്ക് വിഷമയമാണ്. വളര്‍ത്തുമൃഗങ്ങളും മറ്റും ഇതിന്റെ ഇല കഴിച്ചാല്‍ അപകടകരമാണ്. അതിനാല്‍ വേലിപോലെ മറ്റു ചെടികള്‍ നട്ടോ തറകള്‍ക്കുളളിലോ അരളി നടുന്നതാണ് ഉചിതം. വീടുകളിലും പാര്‍ക്കുകളിലും നടുമ്പോള്‍ നല്ല ശ്രദ്ധവേണം. ഏതുതരം കാലാവസ്ഥയിലും വളരുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെള്ള, റോസ്, ചുവപ്പ് എന്നീ നിറങ്ങളില്‍ പൂക്കളുള്ള അരളിച്ചെടികള്‍ ലഭ്യമാണ്. സ്ഥലപരിമിതിയുളളവര്‍ക്ക് ചട്ടികളിലും നട്ടുവളര്‍ത്താനാകും. കമ്പുകള്‍ മുറിച്ചുനട്ടും എയര്‍ ലെയറിങ് വഴിയുമെല്ലാം തൈകള്‍ ഉത്പാദിപ്പിക്കാം. അല്പം കരുതലോടെ മാത്രമേ അരളിച്ചെടി നടാവൂ.
ഇലഞ്ഞി
ഔഷധഗുണങ്ങളും ഉപയോഗങ്ങളുമെല്ലാം നിരവധിയുളള മരമാണ് ഇലഞ്ഞി. ഇതിന്റെ പൂക്കള്‍ക്ക് ഇളം മഞ്ഞനിറവും സുഗന്ധവുമുണ്ട്. നമ്മുടെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഇലഞ്ഞിമരം നിരവധി കണ്ടുവരാറുണ്ട്. വിത്ത് പാകി കിളിര്‍പ്പിച്ചാണ് തൈകള്‍ ഉല്പാദിപ്പിക്കുന്നത്.