ആഫ്രിക്കൻ വംശജനായ ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങളുണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് കിലുകിലുക്കി. (ശാസ്ത്രീയനാമം: Crotalaria retusa).
ചണ, തന്തലക്കൊട്ടി എന്നും പേരുകളുണ്ട്. ഒരു കളയായ ഈ സസ്യം പലയിടത്തും അധിനിവേശസസ്യമായി കരുതിപ്പോരുന്നു. കരിനീലക്കടുവ ശലഭത്തിന്റെ മാതൃസസ്യമാണിത്. കന്നുകാലികൾക്ക് കിലുകിലുക്കി വിഷമാണ്.
പച്ചിലവളമായും വിളകൾക്ക് പുതയിടാനും ഉപയോഗിക്കുന്നു. കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഷാമ്പൂ, ക്രീമുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാം. വിയറ്റ്നാമിൽ കുരുക്കൾ വറുത്തുതിന്നാറുണ്ട്.ചിലയിടങ്ങളിൽ ഇലയും പൂവും കറിവയ്കാൻ ഉപയോഗിക്കുന്നു. പല നാടുകളിലെയും നാട്ടുമരുന്നുകളിൽ ഈ ചെടി ഉപയോഗിച്ചു കണുന്നു. Wedgeleaf Rattlepod എന്ന് അറിയപ്പെടുന്നു
ഈ ചെടിയ്ക്ക് 500നടുത്ത് ഉപവർഗങ്ങൾ ഉണ്ടെന്നാണ് ശാസ്ത്രത്തിന്റെ കണക്കുകൾ പറയുന്നത്. ആകർഷണീയമായ മഞ്ഞ നിറത്തിലുള്ള പൂക്കളാണ് കിലുക്കാംപെട്ടി ചെടിയ്ക്കുള്ളത്. തണ്ടിന്റെ അഗ്രഭാഗത്ത് കുലയായി വളരുന്ന രീതിയിലാണ് പൂക്കൾ. പൂക്കളെ പോലെ തന്നെ ഒന്നിനോട് ചേർന്നു നിൽക്കുന്ന കായ്കൾക്കുള്ളിലാണ് കിലുക്കാംപെട്ടി ചെടിയുടെ വിത്തുകൾ കാണപ്പെടുക.
കിലുക്കാംപെട്ടി ചെടിയുടെ പച്ച നിറത്തിലുള്ള കായ്കൾ ഉണങ്ങുമ്പോൾ നിറവ്യത്യാസം വന്ന് കറുപ്പു നിറത്തിലാകുന്നു. കറുത്ത പുറം തോടിനകത്ത് കടുകുമണികൾക്ക് സമാനമായ ചെറിയ കറുത്ത വിത്തുകൾ കാണപ്പെടുന്നു. ഉണങ്ങിയ കായ്കൾ കുലുക്കി നോക്കിയാൽ കുട്ടികളുടെ കിലുക്കാംപെട്ടി കുലുക്കുമ്പോൾ കേൾക്കുന്ന ശബ്ദാനുഭവമാണ് ഉണ്ടാകുന്നത്. അതിൽ നിന്ന് തന്നെയാകണം കിലുക്കാംപെട്ടി ചെടിയ്ക്ക് ആ പേരു ലഭിച്ചത്.
ശലഭങ്ങൾ ഈ പൂക്കളുടെ തേൻ ആണ് കൂടുതലായി ഭക്ഷിക്കുന്നത്. പൂക്കളിൽ നിന്ന് ലഭിക്കാത്ത, എന്നാൽ ശരീരത്തിനാവശ്യമായ ലവണങ്ങൾ ചെളിയൂറ്റൽ വഴി ശേഖരിക്കുന്ന. ചില ശലഭങ്ങൾ ലവണങ്ങൾ ഉള്ള ചെടിയിൽ നിന്ന് അവ ആഗിരണം ചെയ്യുന്നു. കിലുക്കാംപെട്ടി ചെടിയുടെ തണ്ടിലും ഇലകളിലും ശലഭങ്ങൾക്ക് ആവശ്യമായ അൽക്കലോയിഡുകൾ (Alkaloid) അടങ്ങിയിട്ടുണ്ട്.
നീലകടുവ ശലഭങ്ങൾക്ക് ഏറെ പ്രിയമായ അൽക്കലോയിഡുകൾ നുണയുന്നതിന് അവ കൂട്ടമായി കിലുക്കാംപെട്ടി ചെടിയിലേക്ക് വന്നു ചേരുന്നു. കിലുക്കാംപെട്ടി ചെടി സമൃദ്ധമായി വളരുന്ന പുഴയോരങ്ങളിലും തീരപ്രദേശങ്ങളിലും ചെടികളിൽ കൂട്ടമായി വന്നിരുന്ന് ആൽക്കലോയ്ഡ് നുണയുന്ന നീലകടുവ ശലഭങ്ങളുടെ കൂട്ടം തന്നെ കാണാനാകും. ശ്രദ്ധിച്ചാൽ ശലഭങ്ങൾ ഇലകളിൽ മുൻകാലുകൾ കൊണ്ട് ചുരണ്ടി ആൽക്കലോയ്ഡ് ശേഖരിക്കുന്നത് കാണാം.
ഇത്തരത്തിലുള്ള മരങ്ങളും ചെടികളും ഒരു പ്രദേശത്ത് നട്ടു വളർത്തി ശലഭങ്ങളെ ആകർഷിച്ചാണ് ശലഭ ഉദ്യാനങ്ങൾ അഥവാ ശലഭ പാർക്കുകൾ ഒരുക്കുന്നത്. വാസസ്ഥാനവും ആഹാരവും ഒരുമിച്ച് ലഭിക്കുന്ന സ്ഥലത്ത് ശലഭങ്ങൾ ഒത്തുകൂടുന്നു.
കടപ്പാട് : അനൂപ് ശാന്തകുമാർ,ഫോട്ടോ : കൃഷിപ്പച്ച വാട്ട്സാപ്പ് കൂട്ടായ്മ, വിക്കിപീഡിയ