ചെമ്പകമല്ല നീ ഓമനേ ഒരു പനിനീർ ചെമ്പകം ....കവിഭാവനപോലും പറയുന്നത് വെറും ചെമ്പകമല്ല , ഇത് പനിനീർ ചെമ്പകമാണെന്നാണ് . അതെ അത്രയ്ക്ക് ഉള്ളുലയ്ക്കുന്ന ഹൃദ്യമായ സുഗന്ധമാണ് ഈ പൂവിന്. അപാരമണമുള്ള പൂ മാത്രമല്ല പനിനീർ ചെമ്പകം. ഷുഗറിനുള്ള മരുന്ന് കൂടിയാണ് എന്ന് പറയപ്പെടുന്നു.
30 മീറ്ററിലധികം ഉയരത്തിൽ വളരുന്ന ചെമ്പകം അമ്പലവളപ്പുകളിലും കാവുകളിലുമാണ് കണ്ടുവരുന്നത്.നിത്യഹരിത പ്രകൃതമുള്ള ഈ പൂമരത്തിന്റെ തായ്‌ത്തടി കുത്തനെ നിവർന്നാണ് വളരുന്നത്.വളരെ ആകർഷകമായ മഞ്ഞ അല്ലെങ്കിൽ ഇളം മഞ്ഞപ്പൂ ഉണ്ട് ഇതിന്.
ഏപ്രിൽ -മെയ് മാസങ്ങളിലാണ് ഈ മരം പുഷ്പിക്കുന്നത്.തണ്ടിന്റെ അറ്റത്തും, ഇല മുട്ടുകളിലും ഒറ്റയ്ക്കാണ് പൂ ഉണ്ടാവുക.
ഇംഗ്ലീഷിൽ ജോയ് പെർഫ്യൂം ട്രീ എന്ന് പേരുള്ള ഈ മരത്തിന്റെ പൂക്കളിൽ നിന്ന് പലതരം സുഗന്ധ തൈലങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വേർതിരിച്ചടുക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വില കൂടിയ പെർഫ്യൂം ഉണ്ടാക്കുന്നത് ഈ ചെമ്പക പൂവിൽ നിന്നാണെന്നും കേട്ടിരിക്കുന്നു.ഇത് കൂടാതെ കുപ്പിക്കുള്ളിൽ പനിനീർ നിറച്ചു അതിനുള്ളിൽ ഈ പൂക്കൾ ഇറക്കി വച്ചാൽ വർഷങ്ങളോളം ഒരു കേടും കൂടാതെ ഷോ പീസായി വച്ചേക്കാം
വിത്തുകൾ വഴിയാണ് വംശവർധന. വിത്തുകൾക്ക് മുളയ്ക്കാനുള്ള ശേഷി വേഗത്തിൽ നഷ്ടപെടുമെന്നുള്ളതുകൊണ്ടു മരത്തിൽ നിന്ന് ശേഖരിച്ചാലുടനെ നടണം. .