മഷിച്ചെടിയുടെ തണ്ടുകൾപോലെ വെള്ളയും ഇളം ചുവപ്പും തണ്ടുകളോടെ പല നിറങ്ങളിൽ വിടർന്നു നിൽക്കുന്ന പൂക്കളുമായി ആകർഷകമായ ചൈനീസ് ബാൽസം ചെടികൾ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. നിരവധി നിറങ്ങളിലുള്ള ചൈനീസ് ബാൽസം ചെടികൾ ഇന്ന് ലഭ്യമാണ്. ചൈനീസ് ബാൽസം തന്നെ രണ്ടു തരത്തിൽ ഉണ്ട് സാധാരണ ഇനവും അതിന്റെ ഡ്വാർഫ് ഇനവും. സാധാരണ ചൈനീസ് ബാൽസം ചെറിയ പരിചരണം നൽകിയാൽ നന്നായി വളരുകയും പൂക്കുകയും ചെയ്യുമ്പോൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഡ്വാർഫ് ഇനം. അര മീറ്റർവരെ ഉയരം വെക്കുന്ന സാധരണ ഇനത്തേക്കാൾ ചെടി ചെട്ടിയിലോ നിലത്തോ പറ്റിച്ചേർന്നു കൂട്ടം കൂട്ടമായി വളരുന്ന ഡ്വാർഫ് ചൈനീസ് ബാൽസം ആണ് കൂടുതൽ ആകർഷകം.
കടുത്ത വെയിലും മഴയും ഈ ചെടിക്കു ദോഷകരമാണ്. നിലത്തോ ചട്ടിയിലോ തണൽ ലഭിക്കുന്ന സ്ഥലങ്ങളിൽ ഈ ചെടി നടാം.നിറങ്ങളിൽ നിരവധി വറൈറ്റികൾ ഉണ്ടെന്നതും പെട്ടന്ന് തൈകൾ ഉണ്ടാക്കാം എന്നതുമാണ് ഈ ചെടിയുടെ ഏറ്റവും വലിയ സവിശേഷത. അതുപോലെ പെട്ടന്ന് നശിച്ചു പോകാം എന്നത് ഈ ചെടിയുടെ ഒരു ദോഷമാണ്. നീർവാർച്ചയുള്ള മണ്ണിൽ മണലും ചാണകപ്പൊടിയും ചേർത്ത് തൈകൾ നടാം. ഏതെങ്കിലും ജൈവ വളം വിട്ടുകൊടുത്താൽ ചെടി നന്നായി പൂവിടും. പുതിയ ചെടി വാങ്ങുമ്പോൾ തന്നെ രണ്ടോ മൂന്നോ തൈകൾ ഉണ്ടാക്കിയാൽ വര്ഷം മുഴുവൻ പൂക്കൾ നല്കാൻ ഇവയ്ക്കാകും മാത്രമല്ല ആ ചെടി വെറൈറ്റി യെ സംരക്ഷിക്കാനും സാധിക്കും. ഇളം തണ്ടുകളോ മണ്ണിനോട് ചെന്ന് നിൽക്കുന്ന വേരുള്ള തടോ നട്ടുകൊടുത്താണ് പുതിയ ചെടി ഉണ്ടാക്കുന്നത്. കൂടുതൽ സൂര്യപ്രകാശം എൽക്കുന്നതും കൂടുതൽ ജലസേചനവും ദോഷകരമാണ് അതിനാൽ വളരെ ശ്രദ്ധിച്ചു വേണം ചൈനീസ് ബാൽസം ചെടിയെ സംരക്ഷിക്കാൻ.