ഗൃഹാലങ്കാരത്തിന് മോടിയേറ്റാൻ പൂക്കൾ കഴിഞ്ഞേ ഉള്ളൂ മറ്റെന്തും. ജീവനുള്ള പൂക്കൾ കൊണ്ടുള്ള പുഷ്പാലങ്കാരം കണ്ടു ശീലിച്ച നമുക്ക് എന്നാൽ ഉണങ്ങിയ പൂക്കൾ അഥവാ ഡ്രൈ ഫ്ലവേഴ്സ് നൽകുന്ന അനന്തമായ അലങ്കാരസാധ്യതകൾ എത്രത്തോളം ഉണ്ട് എന്നറിയാമോ? പ്രകൃതിയുടെ സൗന്ദര്യച്ചെപ്പുകളായ പൂക്കൾ ഉണങ്ങിയാലും കൂടുതൽ ശോഭയോടെ പരിലസിച്ച് ചുറ്റുപാടും പരിസരവും വർണാഭവും സജീവവുമാക്കി ദീർഘനാൾ നിലനിർത്തും എന്ന് എത്ര പേർക്കറിയാം?
ഉണങ്ങിയ പൂക്കൾ കൊണ്ട് ആകർഷകമായ ബൊക്കേകൾ, ഉണങ്ങിയ പൂവിതളുകൾ വാക്കുകളോ വാചകങ്ങളോ ആയി ചുവരിലോ വാതിൽക്കലോ ഒട്ടിച്ചു വയ്ക്കുന്നത്, കൂടിച്ചേരലുകൾക്ക് അനുയോജ്യമായ സന്ദേശങ്ങൾ തീർക്കുന്നത്, വീട്ടിൽ വാഷ്ബേസിൻ, ബാത്ത് ടബ് തുടങ്ങിയവയുടെ വശങ്ങളിൽ അൽപം പെർഫ്യൂം കൂടെയടിച്ച് സുഗന്ധവാഹിയാക്കിയ ഉണങ്ങിയ പൂക്കൾ വയ്ക്കുന്നത്, ഫോട്ടോഫ്രെയിമുകളിലും കണ്ണാടിയുടെ ഫ്രെയിമുകളിലും ഉണങ്ങിയ പൂവിതളുകൾ ഒട്ടിച്ചു ഭംഗിയാക്കുന്നത് തുടങ്ങി ഡ്രൈ ഫ്ലവേഴ്സിന് മാനംമുട്ടെയാണ് അലങ്കാര സാധ്യതകൾ. ഒപ്പം ഇത് ഉദ്യാനസ്നേഹികളായ വീട്ടമ്മമാർക്ക് മികച്ച ഒരു തൊഴിൽസംരംഭവും വരുമാനമാർഗവുമാണ്.
വീടിന്റെ അകത്തളങ്ങൾ പൂക്കൾ കൊണ്ട് മനോഹരമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?
പലപ്പോഴും നാം വാങ്ങാറുള്ള ഫ്രഷ് ഫ്ലവേഴ്സ് ഉണങ്ങിക്കഴിഞ്ഞാൽ നാം ഉപേക്ഷിക്കാറാണ് പതിവ് അല്ലേ.... ഈ ഉണങ്ങിയ പൂക്കളെ ഏറെക്കാലം നിലനിൽക്കുന്ന വിവിധ അലങ്കാരങ്ങൾ ആക്കി മാറ്റാൻ സാധിക്കും.
നാം വാങ്ങുന്ന പൂക്കൾ ആയാലും നമ്മുടെ വീട്ടിൽ വിരിയുന്ന പുഷ്പങ്ങൾ ആയാലും രണ്ടും ഉണക്കി പുഷ്പാലങ്കാരത്തിന് ഉപയോഗിക്കാം.
പൂക്കൾ ഉണക്കാൻ പല രീതികൾ
*ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന മാർഗ്ഗം പൂക്കളെ ഒരു പിടിയായി കെട്ടി തലകീഴായി വെളിച്ചം കുറവുള്ള മുറിയിൽ സൂക്ഷിക്കുക.. ഏകദേശം രണ്ടോ മൂന്നോ ആഴ്ച ആകുമ്പോഴേക്കും നമുക്ക് ഉണങ്ങി ലഭിക്കും. അങ്ങനെ ലഭിക്കുന്ന പൂക്കളെ നമുക്ക് ഫ്ലവർ വേസുകളിൽ വച്ച് മനോഹരമായി സെറ്റ് ചെയ്യാം. പൂക്കളോടൊപ്പം കുറച്ച് ഉണങ്ങിയ ഇലകൾ കൂടി ചേർത്ത് ഈ പുഷ്പാലങ്കാരത്തെ മനോഹരമാക്കാം. കുറച്ച് കൂടുതൽ മനോഹരമാക്കണമെങ്കിൽ അല്പം ഗ്ലിറ്റർ സ്പ്രേ കൊടുക്കുകയും ചെയ്യാം.
* മൈക്രോവേവിൽ പൂക്കൾ ഉണക്കിയെടുക്കുന്ന രീതിയും അവലംബിക്കാവുന്നതാണ്. അതിനായി പൂക്കൾ ഇറുത്തു എടുത്തതിനുശേഷം മൈക്രോവേവിൽ സുരക്ഷിതമായി ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ വച്ച് ഉണക്കിയെടുക്കണം. ഇങ്ങനെയുള്ള പൂക്കളാണ് പ്രധാനമായും ചുമര് അലങ്കരിക്കുന്നതിനും, റെസിൻ ഉപയോഗിച്ചുള്ള അലങ്കാരത്തിനും ഉപയോഗിക്കുന്നത്.
*പാർച്ച്മെന്റ് പേപ്പർ/ മെഴുകു പേപ്പർ/ ബട്ടർ പേപ്പർ എന്നിവയിൽ പൂക്കൾ ഇറുത്ത് പുസ്തകങ്ങൾക്കുള്ളിൽ വച്ചു പ്രസ്സ് ചെയ്തു ഉണക്കിയെടുക്കുന്ന രീതിയും നല്ലതാണ്.
*മറ്റൊരു രീതി സിലിക്ക ജെൽ അഥവാ സിലിക്ക ക്രിസ്റ്റൽ ഉപയോഗിച്ച് ഉണക്കുന്ന രീതിയാണ്.
ഇതിനായി ഇറുത്ത പൂക്കൾ സിലിക്ക ജെൽ ഇട്ട ബോക്സിൽ അടച്ചു വയ്ക്കണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജലാംശം മാറും, പക്ഷേ ഉണങ്ങിയ പൂക്കളുടെ നിറം മാറില്ല. ഇവ നമുക്ക് അലങ്കാരത്തിനായി ഉപയോഗിക്കാം.
അപ്പോൾ ഇനി പൂക്കൾ ഉണങ്ങിപ്പോയി എന്ന സങ്കടം വേണ്ട.. മനോഹരപുഷ്പാലങ്കാരമാക്കി അവയെ മാറ്റാം.
(ഉണങ്ങിയ പൂക്കൾ കൊണ്ട് ചെയ്തിട്ടുള്ള ഏതാനും അലങ്കാരങ്ങൾ ഇവിടെ കാണാം.. കൂടാതെ റെസിൻ ഉപയോഗിച്ച് ചെയ്ത കോസ്റ്ററിന്റെയും ചിത്രങ്ങൾ കാണാം)