ക്രിസ്തുവിൻറെ കിരീടം അല്ലെങ്കിൽ മുള്ളുകളുടെ കിരീടം എന്നറിയപ്പെടുന്ന ഒരു സസ്യമാണ് യൂഫോർബിയ മിലി. ഇതൊരു കുറ്റിച്ചെടിയായി ആണ് വളരുന്നത്. ഏകദേശം രണ്ട് മീറ്റർ അടുത്ത് വരെ ഈ സസ്യം വളരുന്നു. കുറഞ്ഞ താപനിലയിൽ വളരാൻ ഇഷ്ടപ്പെടുന്ന ഒരു സസ്യമാണ് ഇത്. തണുപ്പ് കാലങ്ങളിൽ ഇതിൻറെ ഇലകൾ വീഴുകയും വസന്തകാലത്ത് വീണ്ടും മുള വരുകയും ചെയ്യുന്നു.
മണ്ണിൽ അധികം ഈർപ്പം നിന്നാൽ ഇതിൻറെ വേരുകൾ അഴുകാൻ ഇടയുണ്ട്. ചെടിച്ചട്ടിയിൽ അധികം വെള്ളം കെട്ടിനിൽക്കാൻ ഒരിക്കലും അനുവദിക്കരുത്. നല്ലപോലെ സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തിരഞ്ഞെടുത്തു യൂഫോർബിയ മിലി നട്ടു പിടിപ്പിക്കാം. മഡഗാസ്കർ ആണ് ഇതിന്റെ ജന്മദേശമായി കരുതപ്പെടുന്നത്. ഏകദേശം 2000 ഇനങ്ങൾ യൂഫോർബിയക്ക് ഉണ്ടെന്ന് കരുതപ്പെടുന്നു. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സസ്യജനുസ്സിൽ നാലാമത്തെ ആണ് യൂഫോർബിയ.
ചില സമയങ്ങൾ യൂഫോർബിയ മായി ബന്ധപ്പെട്ട നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുകയുണ്ടായി. ഈ ചെടികൾ വീട്ടിൽ വളർത്തിയാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾ കടന്നുവരുമെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാൽ ഇതിനൊന്നും ശാസ്ത്രീയമായ അടിത്തറ ഇല്ല. ആഫ്രിക്കയിൽ കണ്ടുവരുന്ന യൂഫോർബിയ ടിരുക്കാലി എന്ന ചെടി ലിംഫോമ എന്ന രോഗം വരുത്തും എന്ന് കണ്ടെത്തിയിരിക്കുന്നു.
ഈയൊരു കണ്ടെത്തൽ ആയിരിക്കാം യൂഫോർബിയ മിലി എന്ന നിരുപദ്രവകാരിയായ ചെടിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾക്ക് കാരണമായത്.