ആകര്‍ഷകമായ പൂക്കള്‍ വിടര്‍ത്തുന്ന ഒട്ടേറെ ഓര്‍ക്കിഡുകള്‍ ഇന്ന് വിപണിയിലുണ്ട്. അക്കൂട്ടത്തില്‍ കാര്യമായ ശ്രദ്ധയോ പരിചരണമോ നല്‍കാന്‍ സാധിച്ചില്ലെങ്കിലും നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന ഓര്‍ക്കിഡ് ഇനങ്ങളാണ് ഗ്രൗണ്ട് ഓര്‍ക്കിഡുകള്‍.
പേര് പോലെ തന്നെ നിലത്തു വളര്‍ത്താവുന്നവയാണിവ. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച ഗ്രൗണ്ട് ഓര്‍ക്കിഡുകളെ പരിചയപ്പെടാം.
സ്പാത്തോഗ്ലോട്ടിസ്
നേരിട്ട് സൂര്യപ്രകാശം കിട്ടുന്നയിടത്ത് ചട്ടിയിലും നിലത്തുമെല്ലാം ഇവ വളര്‍ത്താം. വേരുകള്‍ മുഴുവനായും മണ്ണില്‍ പടര്‍ന്ന് ആവശ്യമായ വെളളവും വളവും വലിച്ചെടുക്കും. പരമ്പരാഗത വയലറ്റ്, വെളള നിറങ്ങളിലും സങ്കരയിനങ്ങളായ മഞ്ഞ, മജന്ത, പള്‍പ്പിള്‍, ഓറഞ്ച് നിറങ്ങളില്‍ പൂക്കളുളളവയും നിലവിലുണ്ട്. ശക്തമായ മഴക്കാലത്തൊഴികെ ബാക്കിയെല്ലാ സമയത്തും ഇവ പൂവിടും. രണ്ടാഴ്ചയോളം പൂക്കള്‍ നിലനില്‍ക്കും. നല്ല നീര്‍വാര്‍ച്ചയുളള ഇടമാണ് നടാനായി തെരഞ്ഞെടുക്കേണ്ടത്.
ഡവ് ഓര്‍ക്കിഡ്
ചിറകുവിടര്‍ത്തി നില്‍ക്കുന്ന വെളളരിപ്രാവ് പോലെ വെളള പൂക്കളുളള ഓര്‍ക്കിഡാണിത്. രാത്രിയില്‍ വിരിയുന്ന ഇവയ്ക്ക് ചെറിയ മണവുമുണ്ടായിരിക്കും. ഇലകള്‍ക്ക് നടുവിലാണ് പൂക്കളുണ്ടാകുക. നേരിയ തണലുളള സ്ഥലത്ത് ചട്ടിയിലോ മണ്ണിലോ ഡവ് ഓര്‍ക്കിഡുകള്‍ നടാവുന്നതാണ്. അധികം തണല്‍ ഇത്തരം ഓര്‍ക്കിഡുകള്‍ക്ക് ആവശ്യമില്ല. വെളളം നനയ്ക്കുന്നതും ശ്രദ്ധിച്ചുവേണം.
ബാംബു ഓര്‍ക്കിഡ്
മുളയോട് സാമ്യമുളളതുകൊണ്ടാണ് ബാംബു ഓര്‍ക്കിഡ് എന്നുവിളിക്കുന്നത്. കേരളത്തില്‍ കടുത്ത മഴക്കാലത്തൊഴികെ ഇവ പൂവിടും. നിരയായി നട്ടാല്‍ പൂവേലി തയ്യാറാക്കാം. മൂന്നു മുതല്‍ നാലുവരെ ആഴ്ചയാണ് പൂക്കളുടെ ആയുസ്സ്. ഇവ പിന്നീട് കായ്കളായി മാറും. കായ്ക്കുളളില്‍ വിത്തുകള്‍ കാണാമെങ്കിലും ഇവ ചെടിയാകില്ല. ചെടിയ്ക്ക് ചുറ്റുമുണ്ടാകുന്ന തൈകള്‍ വേരുള്‍പ്പെടെ വേര്‍പെടുത്തി നടാവുന്നതാണ്.
പെന്‍സില്‍ വാന്‍ഡ
പെന്‍സില്‍ വാന്‍ഡയുടെ ഇലകള്‍ക്ക് ഉരുണ്ട പെന്‍സിലിന്റെ ആകൃതിയായിരിക്കും. തണ്ടിന്റെ മുട്ടുകളില്‍ നീളമുളള വേരുകള്‍ വളരും. തണ്ടുകള്‍ക്ക് ബലം കുറവായതിനാല്‍ വേരുകളുപയോഗിച്ചാണ് പടര്‍ന്ന് വളരുക.
ഇവ വര്‍ഷത്തില്‍ പലപ്രാവശ്യം പൂവിടും. ചിലപ്പോള്‍ രണ്ട് മാസം വരെ പൂക്കള്‍ക്ക് ആയുസ്സുണ്ടാകും. വളര്‍ച്ചയെത്തിയ ചെടിയില്‍ നിന്ന് കൂടുതല്‍ വേരുകളുളള ശാഖകള്‍ മുറിച്ചെടുത്തു നടാവുന്നതാണ്.