വിഷുവല്ലേ എനിക്ക് പൂക്കാതിരിക്കാനാവില്ല എന്ന് പറയുംപോലെയാണ് ഓരോ ഇടങ്ങളിലും കണിക്കൊന്ന പൂവിട്ടു നിൽക്കുന്നത്. കണ്ണിന് ഇമ്പമേറിയ കാഴ്ച സമ്മാനിച്ച് കണിക്കൊന്ന അങ്ങനെ വിരിഞ്ഞു നിൽകുമ്പോൾ ആരും നോക്കിപ്പോകും.
മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് കണികൊന്ന പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്ന് കാവ്യമതം. സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഔഷധമരം മനസ്സിന് സന്തോഷവും ആനന്ദവും നല്‍കുന്നതിനോടൊപ്പം വസന്തഋജുവിന്‍റെ ലഹരി കൂടിയാണ്.
ഇതിന്‍റെ മനോഹാരിത നിമിത്തം കേരളീയ ഗൃഹങ്ങളില്‍ വീട്ടു മുറ്റങ്ങളില്‍ നടുന്ന ഇവയ്ക്ക് ഒരുപാട് ഗുണങ്ങളും ഉണ്ട് എന്ന് നാം മറക്കരുത്. ഇന്ത്യയില്‍ ഉടനീളം കണിക്കൊന്നയെ തണല്‍ വൃക്ഷമായും അലങ്കാര വൃക്ഷമായും നട്ട് വളര്‍ത്തി വരുന്നു. ഏകദേശം 15 മീ. ഉയരത്തില്‍ വളരുന്ന ഈ ചെറുവൃക്ഷത്തിന് സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ച ഉള്ളതുമായ സ്ഥലമാണ് അനുയോജ്യം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് പൂക്കാലം.പൂത്ത് ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നീണ്ട മുരിങ്ങയോട് സാദൃശ്യമുള്ള കായ്കള്‍ ഇലയില്ലാ ചില്ലകളില്‍ കാണാം. ഇവ കറുത്ത് പാകമാകുമ്പോള്‍ വിത്തുകള്‍ ശേഖരിക്കാം. വിത്തുകള്‍ മുളപ്പിച്ചും നടുവാനുള്ള തൈകള്‍ ഉണ്ടാക്കാം.
1.കണിക്കൊന്നയുടെ തൊലി കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകുന്നേരവും മുടങ്ങാതെ കഴിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറും.
2.മലബന്ധം, വയറുവേദന ഇവയ്ക്ക് കണിക്കൊന്നയുടെ ഫലമജ്ജ കുരു കളഞ്ഞു പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശമനം ലഭിക്കും.
3.കണിക്കൊന്ന തൊലി, ചന്ദനം, ത്രിഫലതോട്, മുന്തിരിപഴം ഇവ സമം ചേര്‍ത്ത് കഷായം വെച്ച് സേവിച്ചാല്‍ നുരയും പതയുമായി ദുര്‍ഗന്ധത്തോടെ മൂത്രം പോകുന്ന അസുഖം ശമിക്കും.
4.കണിക്കൊന്ന തൊലി കഷായം വച്ച് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കും.
5.കണിക്കൊന്ന തൊലിയും ഫലമജ്ജ കുരുകളഞ്ഞതും ചേര്‍ത്ത് അരച്ച് മുറിവില്‍ പുരട്ടുന്നത് മുറിവ് ഉണങ്ങാന്‍ സഹായകരമാണ്.
6.കണിക്കൊന്നയുടെ തളിരിലകള്‍ തൈരില്‍ അരച്ച് പുരട്ടുന്നത് ചുണങ്ങു മാറുന്നതിന് ഫലപ്രദമാണ്.
7.കണിക്കൊന്ന പൂവ് ഉണക്കി പൊടിച്ച് പാലില്‍ സേവിക്കുന്നത് ശരീരശക്തി വര്‍ദ്ധിപ്പിക്കും.
8.കണിക്കൊന്നയുടെ തളിരിലകള്‍ തോരനാക്കി കഴിക്കുന്നത് കുട്ടികളുടെ മലബന്ധം മാറ്റും.
9.കണിക്കൊന്നയുടെ ഇലകള്‍ കഷായം വച്ച് കഴിക്കുന്നത് പനി, ചുമ എന്നിവക്ക് ഫലപ്രദമായ ഔഷധമാണ്.
10.കണിക്കൊന്നയുടെ വേര് കഷായം വച്ച് കുടിക്കുന്നത് മൂത്രതടസം ഇല്ലാതാക്കും.
11.കണിക്കൊന്നവേരും ചെറുനാരങ്ങാ നീരും അല്‍പം കര്‍പ്പൂരം ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുന്നത് ത്വക്ക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.