വേനലിലും വളരെ മനോഹരമായി, നിറയേ പൂത്ത് നിക്കുന്ന ചെടിയാണ് സൂര്യകാന്തി പൂക്കൾ. ഇത് അമേരിക്കയിൽ നിന്നാണ് വന്നത് എന്ന് പറയപ്പെടുന്നു. ഇതിൻ്റെ വിത്തുകളും, ഇലകളും, തണ്ടും, പൂവും എല്ലാം തന്നെ പല വിധ ആവശ്യങ്ങൾക്കായി എടുക്കാറുണ്ട്. ഭക്ഷ്യ എണ്ണകൾ ഉത്പ്പാദിപ്പിക്കുന്നതിനും, അല്ലാതെ വാണിജ്യാടിസ്ഥാനത്തിനും സൂര്യകാന്തി പൂക്കൾ കൃഷി ചെയ്യാറുണ്ട്.
ഇതിൻ്റെ വിത്തുകൾക്ക് ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്, അത് കൊണ്ട് തന്നെ ഇത് വാണിജ്യവൽക്കരിക്കപ്പെട്ട വിള കൂടിയാണ്. കാഴ്ച്ചയിൽ അവ വളരെ ചെറുത് ആണെങ്കിലും ഇത് ഗുണത്തിൽ കേമനാണ്. ഹൃദ്രോഗത്തിൻ്റെ സാധ്യതകളെ ഇല്ലാതാക്കുന്നതിനും, പ്രമേഹമുള്ളവർക്കും ഇത് വളരെയധികം ഗുണം ചെയ്യുന്നു. മാത്രമല്ല ഇത് വീക്കം കുറയ്ക്കുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
പേപ്പർ നിർമ്മിക്കുന്നതിന് വേണ്ടിയും കാലിത്തീറ്റയായും ഇത് സൂര്യകാന്തിയുടെ ഇലകൾ ഉപയോഗിക്കാറുണ്ട്. മാത്രമല്ല സൂര്യകാന്തി മുള പൊട്ടി വളർന്ന് വരുന്ന സമയത്ത് മൈക്രോഗ്രീൻസ് ആയി ഉപയോഗിക്കാവുന്നതാണ്. ഇതിനകത്ത് സിങ്ക്, വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. സൂര്യകാന്തിയുടെ വേരുകൾ ചെറുതായി നുറുക്കി എടുത്ത് ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
ടെസ്സി ബിയർ, ജെയിൻ്റ് സൺഗോൾഡ്, റഷ്യൻ ജെയിൻ്റ്, ഓട്ടം മിക്സ്, ഇറ്റാലിയൻ വൈറ്റ്, എന്നിവയാണ് സൂര്യകാന്തിയുടെ വ്യത്യസ്ഥ ഇനങ്ങൾ. സൂര്യകാന്തി പൂക്കൾ വിത്തുകളിൽ നിന്നാണ് വളരുന്നത്. തോട്ടങ്ങളിൽ വിത്ത് പാകി വളർത്താം.
സൂര്യകാന്തി കൃഷി ചെയ്യുന്ന വിധം
നിലം നന്നായി ഉഴുത് മറിച്ച് മണ്ണിൻ്റെ കട്ട പൊടിച്ച് നല്ല പരുവമാക്കി എടുക്കുക. ജൈവ വളം ചേർത്ത്, വെള്ളം പോകത്തക്ക വിധത്തിൽ ബെഡ് രൂപത്തിൽ തന്നെ നിലമൊരുക്കുക. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നതാണ് വളരെ നല്ലത്. ഈർപ്പമില്ലാത്ത മണ്ണിൽ നനച്ച് കൊടുക്കുക, വെള്ളം കെട്ടി നിൽക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
കൃഷിക്ക് കേരളത്തിൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ അനുയോജ്യമാണ്. വിത്തിട്ട് മുളച്ച് പൊന്തുന്ന സമയം 20 ദിവസം നനക്കുക. ശേഷം 20ാമത്തം ദിവസം ഗോമൂത്രം അല്ലെങ്കിൽ എൻ.പി.കെ 10 ലിറ്ററിന് 20 മില്ലി കണക്ക് ലായനി തളിച്ച് കൊടുക്കാവുന്നതാണ്. 50 അല്ലെങ്കിൽ 55 ദിവസത്തിനുള്ളിൽ തന്നെ ചെടികൾ പൂവിട്ട് തുടങ്ങും. പൂവിടുന്ന സമയത്ത് ജൈവ കീടനാശിനിയോ രാസ കീട നാശിനിയോ തളിക്കുവാൻ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിൻ്റെ കാരണം തേനീച്ച, അല്ലെങ്കിൽ വണ്ടുകൾ എന്നിവ പൂക്കളിൽ വരാതെ ഇരിക്കുകയും അത് പരാഗണം നടക്കാതിരിക്കുന്നതിനും കാരണമാകുന്നു.
പൂക്കാലമായാൽ ചെടികൾക്ക് താങ്ങ് കൊടുക്കുന്നതാണ് നല്ലത്, കാരണം ഇത് ശക്തമായ മഴയിലും കാറ്റിലും താഴെ വീണ് പോകാതിരിക്കാൻ സഹായിക്കും.
പക്ഷികളും മൃഗങ്ങളും സൂര്യകാന്തിയുടെ തൈകൾ നശിപ്പിക്കാൻ സാധ്യതകൾ ഉണ്ട്. അത് കൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ അതിന് കൊടുക്കണം, വളരെ പെട്ടെന്ന് തന്നെ വളരുന്നവയാണ് സൂര്യകാന്തി ചെടികൾ. വളമായി ഫോസ്ഫറസും പൊട്ടാസ്യവും കലർന്നതാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ പൂക്കും. 90 ദിവസം മുതൽ 150 ദിവസം വരെ പ്രായമായ ഇനങ്ങൾ സൂര്യകാന്തിക്കുണ്ട്.
എള്ള് ആട്ടിയെടുക്കുന്ന ചക്കിൽ സൂര്യകാന്തി ആട്ടിയെടുത്ത് സൺഫ്ലവർ ഓയിൽ ഉണ്ടാക്കാം, എണ്ണ ആട്ടി എടുക്കുമ്പോൾ കിട്ടുന്ന പിണ്ണാക്ക് കാലിത്തീറ്റയാണ്.
ബന്ധപ്പെട്ട വാർത്തകൾ:പത്ത് മണിച്ചെടി കുല കുത്തി പൂക്കാൻ ഇങ്ങനെ നട്ട് വളർത്താം