വീടായാൽ പൂക്കളുടെ വർണകാഴ്ചകളൊരുക്കുന്ന ഒരു പൂന്തോട്ടവും നിർബന്ധമായും വേണം. എന്നാൽ, പൂന്തോട്ട പരിപാലനം പലപ്പോഴും പ്രതീക്ഷിക്കുന്ന പോലെ കൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞുവെന്ന് വരില്ല. കാലാവസ്ഥയിലെ മാറ്റങ്ങളോ അല്ലെങ്കിൽ അറിയാതെ നമ്മളിൽ നിന്ന് തന്നെ ഉണ്ടാകുന്ന പാകപ്പിഴകളും പൂന്തോട്ടം നിർമിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ തന്നെ പൂന്തോട്ടം പരിപാലിക്കുമ്പോൾ നിർബന്ധമായും നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പരിപാലനത്തിലെ പാകപ്പിഴകൾ മാറ്റി എങ്ങനെ മനോഹരമായ പൂന്തോട്ടം നിർമിക്കാമെന്ന് ചുവടെ വിവരിക്കുന്നു. തീർച്ചയായും ചെടികൾ നട്ടുവളർത്താൻ താൽപര്യമുള്ളവർക്ക് ഇത് പ്രയോജനകരമാകും.
-
കാലാവസ്ഥയ്ക്ക് ഇണങ്ങി വളർത്താം
വിദേശ ചെടികളൊക്കെ നമ്മുടെ പൂന്തോട്ടത്തിൽ സ്ഥാനം പിടിക്കാറുണ്ടെങ്കിലും കാലാവസ്ഥ അനുസരിച്ച് ചെടികൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
നമ്മുടെ പ്രദേശത്തെ കാലാവസ്ഥയോട് ഇണങ്ങിയതാണോ എന്ന് ഉറപ്പ് വരുത്തി ചെടികൾ നട്ടുവളർത്തിയാൽ അവ പുഷ്ടിയോടെ വളരാനും മനോഹരമായ പൂക്കൾ ഉണ്ടാകാനും സഹായിക്കും.
-
ആവശ്യത്തിന് വെള്ളം
മണ്ണ്, വായു, ജലം, സൂര്യപ്രകാശം ഇവ ചെടികൾക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. ചെടികൾക്ക് ആവശ്യത്തിന് ജലസേചനം നൽകണം. അവ അമിതമായാലും പ്രശ്നമാണ്. കാരണം സസ്യജാലങ്ങൾക്ക് വായു ആവശ്യമാണ്. അവ മണ്ണിലെ വായു അറകളിലൂടെയാണ് ശ്വസിക്കുന്നത്. എന്നാൽ ഈ വായു അറകളിൽ വെള്ളം നിറഞ്ഞു നിന്നാൽ ചെടികൾ നശിച്ചു പോകും. അതിനാൽ അവയ്ക്ക് ആവശ്യത്തിന് മാത്രം വെള്ളം കൊടുക്കുക.
-
സൂര്യപ്രകാശം നോക്കി നടാം
ചെടികൾക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. ചെടികൾക്ക് അനുസരിച്ച് അവയ്ക്ക് ആവശ്യമായ സൂര്യപ്രകാശത്തിലും വ്യത്യാസം വരും. അതിനാൽ ചെടികൾ നടുമ്പോൾ അവയുടെ സ്ഥാനം നിശ്ചയിക്കുന്നതിലും ശ്രദ്ധ വേണം. ചില ചെടികൾക്ക് അമിതമായ സൂര്യപ്രകാശം പ്രശ്നമായി വരും. ഇവ തണലിൽ നടുക.
-
വെള്ളം വേരുകളിൽ ഒഴിക്കണം
ചെടിയുടെ ഇലയ്ക്കല്ല, വേരുകൾക്കാണ് വെള്ളം കിട്ടേണ്ടത്. അതിനാൽ ചെടിയുടെ മുകളിലൂടെ നനയ്ക്കുന്നത് അവയ്ക്ക് യാതൊരു ഗുണവും നൽകുന്നില്ല. എങ്കിലും, വേനൽ കാലത്ത് ഇലകൾക്ക് മുകളിൽ വെള്ളമൊഴിക്കുന്നത് നല്ലതാണ്.
-
ആരോഗ്യകരമായ അകലം നിർബന്ധം
ചെടികൾ കൂട്ടമായി നിന്നാലാണ് പൂന്തോട്ടത്തിന് അഴകെന്നത് തെറ്റായ ചിന്തയാണ്. അതിനാൽ ചെടികൾ നടുമ്പോൾ അവയുടെ അകലത്തിൽ നിർബന്ധമായും ശ്രദ്ധ നൽകണം. വേരുകൾ പടർന്നു പിടിക്കുന്ന ചെടികൾക്കും വള്ളിച്ചെടികൾക്കും അകലം നൽകണം. മാത്രമല്ല, ചെടികൾക്ക് എന്തെങ്കിലും രോഗമുണ്ടായാലും നിശ്ചിത അകലമുണ്ടെങ്കിൽ അത് പകരാതെ ഒഴിവാക്കാം.
-
വേരുകൾക്ക് ബെഡ് ഉണ്ടാക്കാം
വേരുകൾ നന്നായി മണ്ണിലൂന്നിയാൽ മാത്രമേ അവയുടെ വളർച്ചയും ഉറപ്പാക്കാനാകൂ. അതിനാൽ ചെടികൾ നടുമ്പോൾ മണ്ണ് നന്നായി ഇളക്കികൊടുത്ത് കട്ടിയിൽ ബെഡ് ഉണ്ടാക്കുക. ഇതിന് മീതെ തൈ നടാം. ഇത് വേരുകൾ ഊർന്നിറങ്ങാനും നന്നായി വളരാനും സഹായിക്കും.
-
വേണ്ടാത്ത ശിഖരങ്ങൾ വെട്ടാം
ചീഞ്ഞതും കേടായതുമായ അഗ്രഭാഗങ്ങളും ശിഖരങ്ങളും സമയത്ത് തന്നെ മുറിച്ച് മാറ്റണം. കാരണം ഇവ ചെടിയിൽ നിൽക്കുകയാണെങ്കിൽ അത് ചെടിയുടെ വളർച്ചയെ ബാധിക്കും.
-
കീടനാശിനി പ്രയോഗത്തിൽ ശ്രദ്ധിക്കാം
തുടക്കത്തിലേ നുള്ളിക്കളഞ്ഞാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവില്ലെന്നത് ചെടികളുടെ കീടനാശിനി പ്രയോഗത്തിലും പരീക്ഷിക്കാവുന്നതാണ്. ചെടികളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ കീടനാശിനി നൽകുക.
ബന്ധപ്പെട്ട വാർത്തകൾ: പൂക്കളെന്തിന് പൂന്തോട്ടത്തിന്? വീട്ടിനകത്തും പുറത്തും ഇത് പരീക്ഷിക്കൂ
ഇതിന് പക്ഷേ കാലാവസ്ഥ കൂടി പരിഗണിക്കണം. ശക്തമായ കാറ്റിലും മഴയിലും കീടനാശിനി പ്രയോഗം അരുത്. കാരണം ഈ സമയങ്ങളിൽ കീടനാശിനി പ്രയോഗിച്ചാലും അവ ചെടികൾക്ക് ലഭിക്കില്ല.