നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിന്‍ മേലെ... പാട്ടുകളിലൂടെയെങ്കിലും നീലക്കൊടുവേലിയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല.
കുറച്ചുവര്‍ഷം മുമ്പ് ആട് ഒരു ഭീകരജീവിയാണ് എന്ന മലയാളസിനിമയിലൂടെയും നീലക്കൊടുവേലി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സത്യത്തില്‍ എന്താണീ നീലക്കൊടുവേലി ? ധാരാളം കഥകളാണ് നീലക്കൊടുവേലിയെന്ന സസ്യത്തെക്കുറിച്ച് പ്രചാരത്തിലുളളത്.
നീലക്കൊടുവേലിയും നിഗൂഢകഥകളും
പണ്ട് കാലം മുതല്‍ക്കെ നീലക്കൊടുവേലിയെക്കുറിച്ച് കുറെയേറെ കഥകള്‍ പ്രചരിക്കുന്നുണ്ട്. നീലക്കൊടുവേലി വീടുകളില്‍ വളര്‍ത്തിയാല്‍ ഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ചെമ്പോത്ത് എന്ന പക്ഷി കൂടുവയ്ക്കാന്‍ ഉപയോഗിക്കുന്നത് നീലക്കൊടുവേലിയുടെ വേരാണെന്ന് പറയപ്പെടുന്നു.
അതിനാല്‍ത്തന്നെ ചെമ്പോത്തിന്റെ കൂട് കണ്ടെത്തുന്നവര്‍ വലിയ പണക്കാരാകുമെന്നാണ് വിശ്വാസം. നീലക്കൊടുവേലി ഒഴുകുന്ന വെളളത്തിലിട്ടാല്‍ ഒഴുക്കിനെതിരെ നീന്തുമെന്നതാണ് മറ്റൊരു വിശ്വാസം.അതുപോലെ ഹനുമാന്‍ മൃതസഞ്ജീവനി തേടി പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ഔഷധസസ്യമാണ് നീലക്കൊടുവേലിയെന്ന് മറ്റൊരു കഥയുണ്ട്. ഏറെ ഔഷധഗുണങ്ങളുളളതായി പറയപ്പെടുന്ന നീലക്കൊടുവേലിയ്ക്ക് ഇരുമ്പ് സ്വര്‍ണ്ണമാക്കാന്‍ കഴിവുണ്ടെന്നാണ് വിശ്വാസം.
കോട്ടയം ജില്ലയിലുളള ഇല്ലിക്കല്‍ മലയുടെ മുകളില്‍ അദ്ഭുതശക്തിയുളള നീലക്കൊടുവേലി സസ്യം വളരുന്നുണ്ടെന്ന വിശ്വാസമാണ് ഏറെ പ്രചാരത്തിലുളള മറ്റൊരു കൊടുവേലികഥ. ഇതിന്റെ പൂക്കള്‍ കൈവശം വയ്ക്കുന്നതിലൂടെ ധാരാളം പണം വന്നുചേരുമെന്ന വിശ്വാസവും ആളുകള്‍ക്കിടയിലുണ്ട്.
സത്യത്തില്‍ ദക്ഷിണാഫ്രിക്കയാണ് നീലക്കൊടുവേലിയുടെ ജന്മദേശം. നല്ല നീര്‍വാര്‍ച്ചയും വെളിച്ചവുമുളള മണ്ണാണ് നീലക്കൊടുവേലി വളരാന്‍ നല്ലത്. പൂന്തോട്ടങ്ങളില്‍ വളര്‍ത്താന്‍ അനുയോജ്യമായ ഈ ചെടിയുടെ പൂക്കള്‍ക്ക് ഇളംനീല നിറമാണ്. വെളളക്കൊടുവേലിയുടെ ഇലകളെക്കാള്‍ ചെറുതാണ് ഇതിന്റെ ഇലകള്‍.
സീബ്രനീലി എന്ന ശലഭം നീലക്കൊടുവേലിയെ ആഹാരമാക്കാറുണ്ട്. വളരെ പെട്ടെന്ന് വളരുന്ന ഈ സസ്യത്തിന് 1.8 മീറ്ററോളം ഉയരം വയ്ക്കാറുണ്ട്.
പൂവിന്റെ നിറമനുസരുച്ച് നീലക്കൊടുവേലിയ്ക്ക് പുറമെ ചുവപ്പ്, വെളള കൊടുവേലികളും നിലവിലുണ്ട്. ചുവപ്പ് നിറമുളള കൊടുവേലി ചെത്തിക്കൊടുവേലി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. തണ്ടാണ് ഇതിന്റെ നടീല്‍വസ്തു. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ യോജിച്ചത് ചെത്തിക്കൊടുവേലിയാണ്. ഇതിന്റെ വേരുകളിലടങ്ങിയ പ്ലംബാജിന്‍ എന്ന പദാര്‍ത്ഥം ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/health-herbs/plumbago-indica/