നിറങ്ങളിൽ വൈവിധ്യവുമായി പൂന്തോട്ടങ്ങളിൽ കാഴ്ചയുടെ വസന്തമൊരുക്കിയ മൊസാണ്ട അഥവാ മൊസാന്ത. സ്ഥലപരിമിതിക്ക് അനുസരിച്ച് പൂന്തോട്ടങ്ങളും ചുരുങ്ങിയപ്പോൾ, ഇന്ന് വീട്ടുമുറ്റങ്ങളിൽ നിന്നും മൊസാണ്ടയും അപ്രത്യക്ഷമായി തുടങ്ങി. ഏത് സമയത്തും പൂക്കള്‍ തരുന്ന ചെടിയാണിത്.
റോസയും മുല്ലയും അരളിയും തുളസിയും നിറഞ്ഞ പൂമുറ്റം. പല നിറത്തിലുള്ള സുഗന്ധമുള്ള പൂച്ചെടികളാണ് മിക്കവരും നട്ടുവളർത്തി പരിപാലിക്കാൻ ഇഷ്ടപ്പെടുന്നതും. എന്നാൽ എല്ലാ സീസണിലും പൂക്കൾ തരുന്ന സസ്യങ്ങളും പൂന്തോട്ടത്തിൽ ഉള്ളത് കുറച്ചുകൂടി സൗകര്യപ്രദമാണ്. ചിത്രശലഭങ്ങൾക്കും ഹമ്മിങ് ബേഡുകൾക്കും പ്രിയപ്പെട്ട പൂക്കളാണ് മൊസാണ്ടയുടേത്.
ഇത്തരത്തിൽ പൂമരമായി വളർന്ന് എല്ലാ കാലത്തും പൂക്കൾ തരുന്ന ചെടിയാണ് മൊസാണ്ട. ബാങ്കോക്ക് റോസ് എന്നാണു മൊസ്സാണ്ട അറിയപ്പെടുന്നത്. റൂബിയേസീ കുടുംബത്തിൽ പെട്ടവരാണ് മൊസാണ്ട.
പിങ്ക്, വെള്ള, ഓറഞ്ച് ചുവപ്പ്, പീച്ച് തുടങ്ങി പല പല നിറങ്ങളിലുള്ള മൊസാണ്ടകളുണ്ട്. ഒരു ചെടിയിൽ തന്നെ രണ്ടു വ്യത്യസ്ത നിറത്തിലും രൂപത്തിലുമാണ് പൂക്കൾ ഉള്ളതെന്ന് തോന്നിയേക്കാം. എന്നാൽ വലിയ ഇതളുകള്‍ ഉള്ളവ അല്ല മൊസാന്തയുടെ പൂക്കൾ. ഇതളുകള്‍ക്കിടയില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള ചെറിയ നക്ഷത്ര പൂക്കള്‍ ആണ് മൊസാണ്ടയുടെ പൂവ്.
സൂര്യപ്രകാശം വളരെയധികം ആവശ്യമുള്ള ചെടിയാണ് മൊസാണ്ട. മഴക്കാലത്തു പോലും പൂക്കുന്ന മൊസാണ്ടയിൽ എന്നാൽ ശിശിരകാലമാണ് ധാരാളമായി പൂക്കള്‍ ഉണ്ടാകാറുള്ളത്. ചട്ടിയില്ലാണ് വളര്‍ത്തുന്നതെങ്കിൽ ചെറിയ പൂച്ചെടിയായും, നിലത്തു നട്ടാല്‍ ചെറിയ പൂമരം പോലെയും ഇത് വളരുന്നു.
കമ്പുകള്‍ നട്ടാണ് മൊസാണ്ട വളർത്തുന്നത്. ചാണകപ്പൊടി, കംപോസ്‌റ് എന്നിവ നടീൽ സമയത്തും ഇടക്കിടക്കും വളമായി ചേര്‍ത്ത് നൽകാം. കുറ്റിച്ചെടി ഇനത്തിൽപെടുന്ന ഈ പൂച്ചെടിക്ക് 30 അടി വരെ ഉയരമുണ്ട്. ചില ചെടികൾക്ക് 15 മുതൽ 20 വരെയാണ് പൊക്കമുള്ളത്.
ഏഷ്യൻ രാജ്യങ്ങളായ ശ്രീലങ്ക, അസം, നേപ്പാൾ, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങി പല രാജ്യങ്ങളിലും മൊസാണ്ട ഒരു പ്രധാന പൂന്തോട്ട ചെടിയാണ്.
185 മുതൽ 200 വരെയുള്ള മൊസാന്ത പൂക്കൾ ലോകത്തെമ്പാടുമുണ്ട്. കുഷ്ഠം, നേത്രരോഗങ്ങൾ, ചർമത്തിലെ അണുബാധകൾ, ക്ഷയം, മഞ്ഞപ്പിത്തം, അൾസർ, മുറിവുകൾ, ചുമ, ബ്രോങ്കൈറ്റിസ് എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് എതിരെ മൊസാണ്ട പരമ്പരാഗത ചികിത്സയിൽ ഉൾപ്പെടുത്തിയിരുന്നു. ബാക്ടീരിയയ്ക്കും ഫംഗസിനും എതിരെ മോസ്സാണ്ട എത്രമാത്രം ഫലവത്താണെന്നതിൽ പഠനങ്ങൾ നടത്തി വരികയാണ്.