കഞ്ഞിക്കുഴി: കണ്ണിനും കരളിനും കുളിർമയേകാൻ വിരിഞ്ഞു തുടങ്ങിയിരിക്കുന്നു.
കഞ്ഞിക്കുഴിയിലെ രണ്ടര ഏക്കർ പാടത്ത് ഏഴായിരത്തോളം ചെടികളിൽ സൂര്യകാന്തി പൂവിന്റെ കാന്തിയും ശോഭയും നുകരാം.പൂക്കൾ മുഴുവൻ വിടർന്നിട്ടില്ല. എങ്കിലും കാണേണ്ട കാഴ്ച തന്നെ.ഞായറാഴ്ചയാകുമ്പോഴേക്കും മുഴുവനും വിടർന്നു വിലസും.
നല്ലൊരു കാഴ്ചയൊരുക്കി ഇവൾ രണ്ടാഴ്ചയുണ്ടാകും.മുഹമ്മ- കഞ്ഞിക്കുഴി റോഡിൽ നിന്നും വനസ്വർഗം - കൂറ്റുവേലി റോഡിലൂടെ യാത്ര ചെയ്താൽ ഈ തോട്ടത്തിലെത്താം.
ഉള്ളിയടക്കം വൈവിധ്യമാർന്ന കൃഷികളിലൂടെ ശ്രദ്ധേയനായ കഞ്ഞിക്കുഴിയിലെ സുജിത് ആണ് ഇവിടെ വേറിട്ടൊരു പരീക്ഷണം നടത്തിയിരിക്കുന്നത്.
തോട്ടം സന്ദർശിക്കാനും ഫോട്ടോ, വീഡിയോ, വിവാഹ ആഘോഷവേളകളുമായി ബന്ധപ്പെട്ടുള്ള ചിത്രീകരണം എന്നിവയ്ക്കെല്ലാം അവസരമുണ്ടാകും. പൂക്കാലത്ത് ചിത്രമെടുക്കാനും ദൃശ്യം പകർത്താനുമായ് കാഴ്ചക്കാർക്കും വരാം.
ചെറിയൊരു തുക മുടക്കിയാൽ മതി.തിങ്കൾ മുതൽ വെള്ളി വരെ മുതിർന്നവർക്ക് അഞ്ചു രൂപ, ശനി, ഞായർ പത്തു രൂപ എന്നീ നിരക്കിൽ പ്രവേശനം പാസുമൂലം നിയന്ത്രിക്കും. ഒന്നിന് അഞ്ചു രൂപയ്ക്ക് ചെടിയും ലഭിക്കും.
സൂര്യകാന്തി മാത്രമല്ല ഇവിടെയുള്ളത്. കൂട്ടിനായി നിറയെ കണിവെള്ളരിയുമുണ്ട്. വിഷുവാണ് ലക്ഷ്യം. വളമിട്ട് തടം ഒരുക്കി തുള്ളി നനയ്ക്കായി പൈപ്പിട്ട് ഷീറ്റിട്ടുമൂടിയുള്ള കൃത്യതാ കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്.250 ചാക്ക് കോഴിവളവും 50 ചാക്ക് മണ്ണിര കമ്പോസ്റ്റും 100 ചാക്ക് ചാണകവും ഉപയോഗിച്ചു. ചെലവ് രണ്ടു ലക്ഷം.
ആ വിശുദ്ധമാം മുഗ്ധ പുഷ്പത്തെ കണ്ടില്ലെങ്കിൽ ...
" മന്ദമന്ദമെൻ താഴും മുഗ്ധമാം മുഖം പൊക്കി -
സുന്ദര ദിവാകരൻ ചോദിച്ചു മധുരമായ്
'ആരു നീയനുജത്തി ?'- '
നിർന്നിമേഷയായെന്തെൻ
തേരു പോകവേ നേരെ
നോക്കി നിൽക്കുന്നു ദൂരേ?
.........................................
'ആ വിശുദ്ധമാം മുഗ്ധ പുഷ്പത്തെ കണ്ടില്ലെങ്കിൽ
ആ വിധം പരസ്പരം
സ്നേഹിക്കാതിരുന്നെങ്കിൽ "
(മഹാകവി ജി ശങ്കരകുറുപ്പിന്റെ സൂര്യകാന്തി കവിത )
പ്രിയ സുജിത്തിന് അഭിനന്ദനങ്ങൾ
.
(ഫോൺ: 9495 9297 29)
കടപ്പാട് : കെ എസ് ലാലിച്ചൻ